
ന്യൂയോർക്ക്: പലസ്തീൻ – ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ ലോകം മുഴുവൻ അതിൻ്റെ ആഘാതങ്ങളും വാദപ്രതിവാദങ്ങളുമാണ്. അഭിപ്രായ സ്വാതന്ത്യ്രത്തിന് ഏറെ വില നൽകുന്ന പാശ്ചാത്യ രാജ്യങ്ങളിൽ പലസ്തീൻ, ഇസ്രയേൽ അനുകൂല പ്രകടനങ്ങളും റാലികളും വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പല പ്രകടനങ്ങളും വൻ വിവാദങ്ങളുമാകുന്നുണ്ട്.
പുതിയതായി വൈറലാകുന്നത് അമേരിക്കയിലെ കോൺവെൽ സർവകലാശാലയിലെ ഒരു ചരിത്രാധ്യാപകൻ്റെ പ്രസംഗമാണ്. പലസ്തീൻ അനുകൂല സമ്മേളനത്തിൽ റസൽ റിക്ഫോഡ് എന്ന അധ്യാപകൻ പ്രസംഗിക്കുന്ന വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് അദ്ദേഹത്തിൻ്റെ വിദ്യാർഥി തന്നെയാണ്. ലജ്ജാകരം എന്നാണ് ഈ കുട്ടി നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
ഹമാസ് ഇസ്രയേലിനെ ആക്രമിച്ചത് അത്യന്തം അഹ്ളാദകരവും ഉണർവേകുന്നതുമായ പ്രവൃത്തിയാണ് എന്നാണ് അദ്ദേഹം ആവേശത്തോടെ പ്രസംഗിക്കുന്നത്. ‘ആക്രമണത്തിൻ്റെ കുത്തക കൈവശം വച്ചിരിക്കുന്നവർക്ക് നൽകിയ വെല്ലുവിളി കാണുമ്പോൾ സന്തോഷം തോന്നുന്നു. ഹിംസയുടെ അധികാരം പ്രയോഗിച്ചിരുന്നവർക്ക് അത് നഷ്ടമാകുന്നത് കാണുമ്പോൾ ആരായാലും ആഹ്ളാദിക്കും. അക്രമത്തിലേക്കും അടിച്ചമർത്തിലേക്കും ജനിച്ചു വീണ ഓരോ പലസ്തീൻകാരനും സ്വതന്ത്രമായി ശ്വസിക്കാനുള്ള അവസരമാണ് ഹമാസ് നൽകിയത്. അജയ്യരാണ് എന്ന ഇസ്രയേലിൻ്റെ അഹന്ത തകർന്നു വീണു എന്ന് മനസ്സിലാക്കാൻ നിങ്ങൾ ഹമാസ് അനുകൂലി ആവണമെന്നില്ല … ഇങ്ങനെ പോകുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. ഹമാസ് നടത്തിയത് ആക്രമണമല്ല, നിലനിൽപ്പിനായുള്ള ചെറുത്തു നിൽപ്പാണ് എന്ന കോൺവെൽ യൂണിവേഴ്സിറ്റി നിലപാടിനെതിരെ കർശന വിമർശനം ഉയരുന്നുണ്ട്.
A university professor calls Hamas attack exhilarating and exciting















