വിവാദങ്ങളിൽ കാലിടറി അദാനി ഓഹരികൾ വീണ്ടും കൂപ്പുകുത്തി;35,600 കോടിയുടെ ഇടിവ്

മുംബൈ: ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ കനത്ത ഇടിവ് നേരിട്ടു. ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസിലെ വ്യാജ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളില്‍ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് പുതിയ ആരോപണം.

അദാനി ഗ്രൂപ്പ് കമ്പനികളിൽ രഹസ്യ നിക്ഷേപം നടത്തിയ വിദേശികളുടെ പേരുകൾ പുറത്തായതിന് പിന്നാലെ വിപണി മൂലധനത്തിൽ 35,600 കോടി രൂപയുടെ ഇടിവാണ് 10 കമ്പനികൾ രേഖപ്പെടുത്തിയത്.

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് (ഒസിസിആര്‍പി)ആണ് ആരോപണം ഉന്നയിച്ചത്. വിപണിയില്‍ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പെ ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തിയെങ്കിലും ഓഹരി വിലയിടിവ് തടയാനായില്ല.

അദാനി എന്‍റർപ്രൈസസ് ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി പോർട്ട്സ്, അദാനി പവർ, അദാനി എനർജി സോലൂഷൻസ്, അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ്, എൻ.ഡിടിവി, സ്പെഷ്യൽ എക്കണോമിക് സോൺ ലിമിറ്റഡ് എന്നിവയുടെ ഓഹരികളിലാണ് തിരിച്ചടി നേരിട്ടത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അദാനി എന്‍റർപ്രൈസസ് ഓഹരികൾ 5.11 ശതമാനം ഇടിഞ്ഞ് 2,385 രൂപയിലെത്തി. അദാനി പോർട്ട്സ് 2.92 ശതമാനം ഇടിഞ്ഞ് 795.10 രൂപയിലും അദാനി പവർ 4.45 ശതമാനം ഇടിഞ്ഞ് 313.80 രൂപയിലുമെത്തി. അദാനി എനർജി സൊല്യൂഷൻസ് (അദാനി ട്രാൻസ്മിഷൻ) 3.53 ശതമാനവും ഇടിഞ്ഞു. അദാനി ഗ്രീൻ 4.37 ശതമാനം ഇടിഞ്ഞ് 928.25 രൂപയിലെത്തി. അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ്, എസിസി, എൻ.ഡി.ടി.വി എന്നിവ 3.2 ശതമാനം വരെയും ഇടിഞ്ഞു.

More Stories from this section

dental-431-x-127
witywide