മലയാള സാഹിത്യത്തിന്റെ ലോകവേദിയായി ഫൊക്കാന 2026: കലഹാരി റിസോർട്ടിൽ നടക്കുന്ന ചരിത്രപരമായ സമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ പ്രമുഖ സാഹിത്യ-സാംസ്കാരിക പ്രതിഭകൾ പങ്കെടുക്കും

കോരസൺ വർഗീസ്

പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ 2026 ആഗസ്റ്റ് 6 മുതൽ 8 വരെ നടക്കുന്ന ഫൊക്കാന (FOKANA) അന്തർദേശീയ കൺവെൻഷനിൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അർഹമായ പ്രാധാന്യം നൽകി വിപുലമായ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു. മലയാളികളുടെ ലോകത്തിലെ ഏറ്റവും പഴക്കമേറിയതും സമഗ്രവുമായ സാമൂഹിക-സാംസ്‌കാരിക സംഘടനകളിലൊന്നായ ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ സാഹിത്യത്തിനും ഭാഷയ്ക്കും ലഭിക്കുന്ന പ്രാധാന്യത്തിന്റെ തുടർച്ചയായാണ് ഈ സമ്മേളനം.

നോർത്ത് അമേരിക്കയിൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ശ്രദ്ധേയമായ ഇടം സൃഷ്ടിക്കുന്നതിൽ ഫൊക്കാന വർഷങ്ങളായി സ്ഥിരതയാർന്ന പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇത്തവണത്തെ കൺവെൻഷനിൽ നോർത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ ഒരുമിപ്പിക്കുന്ന ഏറ്റവും വലിയ സാഹിത്യവേദികളിലൊന്നായി ഈ സമ്മേളനം മാറുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കൺവെൻഷന്റെ പ്രധാന വേദികളിലൊന്നിൽ തന്നെയായിരിക്കും സാഹിത്യസമ്മേളനം അരങ്ങേറുക.

കേരളത്തിൽ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന എഴുത്തുകാരും സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യൻ ചലച്ചിത്രരംഗത്തെ അതുല്യ പ്രതിഭയും ജ്ഞാനപീഠ ജേതാവുമായ സംവിധായകനും എഴുത്തുകാരനുമായ അടൂർ ഗോപാലകൃഷ്ണൻ, സമകാലിക മലയാള സാഹിത്യത്തിലെ ശക്തമായ ശബ്ദവും ഫ്രാൻസിസ് ഇട്ടിക്കോര ഉൾപ്പെടെയുള്ള ശ്രദ്ധേയ കൃതികളുടെ രചയിതാവുമായ ടി.ഡി. രാമകൃഷ്ണൻ, സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത നോവലിസ്റ്റും മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ.വി. മോഹൻകുമാർ, പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസ് പനച്ചിപ്പുറം, ശ്രദ്ധേയ നോവലിസ്റ്റും സാഹിത്യകാരനുമായ പി.പി. ജെയിംസ്, നാടക- സാഹിത്യകാരിയും ഗവേഷകയുമായ ഡോ. പ്രമീളാദേവി തുടങ്ങിയ നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.

നോർത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവൽ, ചെറുകഥ, കവിത, ഹാസ്യം, യാത്രാവിവരണം, ലേഖനം എന്നീ വിഭാഗങ്ങളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രസിദ്ധീകരിച്ച മികച്ച കൃതികൾ വിലയിരുത്തി പ്രത്യേക അവാർഡുകൾ സമ്മാനിക്കും. കൂടാതെ നോർത്ത് അമേരിക്കൻ മലയാള സാഹിത്യരംഗത്തിന് സമഗ്ര സംഭാവനകൾ നൽകിയ എഴുത്തുകാർക്ക് പ്രത്യേക അംഗീകാരങ്ങളും നൽകും. സമ്മേളനത്തോടനുബന്ധിച്ച് ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട മലയാള പുസ്തകങ്ങളുടെ വിപുലമായ പ്രദർശനം ഒരുക്കുന്നുണ്ട്. പുസ്തക പ്രകാശനങ്ങൾ, പുസ്തകചർച്ചകൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, സമകാലിക സാഹിത്യത്തിലെ പുതിയ പ്രവണതകളെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

സാഹിത്യസമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി കോരസൺ വർഗീസ് (ചെയർമാൻ), കെ. കെ. ജോൺസൻ (കോ-ചെയർമാൻ), മുരളി ജെ. നായർ (കോ-ചെയർമാൻ), ഗീത ജോർജ് (കോർഡിനേറ്റർ), ബെന്നി നെച്ചൂർ, അബ്ദുൾ പുന്നയൂർക്കുളം, വേണുഗോപാലൻ കൊക്കോടൻ, അഭിലാഷ് തുണ്ടുമണ്ണിൽ, സന്തോഷ് പാല എന്നിവർ ഉൾപ്പെട്ട സംഘാടകസമിതിയെ ഫൊക്കാന നേതൃത്വം നിയോഗിച്ചു. നോർത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവൽ, ചെറുകഥ, കവിത, ഹാസ്യം, യാത്രാവിവരണം, ലേഖനം,ഓർമ്മക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ (മാർച്ച് 2024 ന് ശേഷം ) പുറത്തിറങ്ങിയ കൃതികൾ വിലയിരുത്തി അവാർഡുകൾ നൽകും. നോർത്ത് അമേരിക്കൻ എഴുത്തുകാരുടെ സമഗ്ര സാഹിത്യ സംഭാവനകൾ പരിഗണിച്ചും പ്രത്യേക പുരസ്കാരങ്ങളും നൽകപ്പെടും.

കോരസൺ വർഗീസ് (ചെയർമാൻ), കെ. കെ. ജോൺസൻ (കോ-ചെയർമാൻ), സന്തോഷ് പാലാ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള എഴുത്തുകാരുടെ സമിതി ആയിരിക്കും അവാർഡിനർഹരായവരെ തീരുമാനിക്കുക. പുസ്തകത്തിന്റെ രണ്ട് കോപ്പികൾ 2026 ജൂലായ് അഞ്ചിനു മുൻപ്‌ താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ് എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ചെയർമാൻ ,ഫൊക്കാന സാഹിത്യ പുരസ്‌കാര സമിതി ,3 Lane Place, Plainview, NY 11803. മലയാള ഭാഷയെയും സാഹിത്യത്തെയും ആഗോള മലയാളി സമൂഹവുമായി കൂടുതൽ ശക്തമായി ബന്ധിപ്പിക്കുന്ന ഒരു ചരിത്രപരമായ വേദിയായി ഫൊക്കാന 2026 സാഹിത്യസമ്മേളനം മാറുമെന്ന് സംഘാടകർ അറിയിച്ചു.

Fokana 2026 as a world platform for Malayalam literature: Prominent literary and cultural figures including Adoor Gopalakrishnan will participate in the historic conference to be held at the Kalahari Resort

More Stories from this section

family-dental
witywide