ഹിമാചലിൽ കനത്ത മഴ; കുളുവിൽ ബഹുനില കെട്ടിടങ്ങൾ തകർന്നു

ഷിംല: ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ കനത്തമഴയെ തുടർന്ന് എട്ട് കെട്ടിടങ്ങൾ തകർന്നു. അതിശക്തമായ മണ്ണിടിച്ചിലും മേഘവിസ്‌ഫോടനവുമാണുണ്ടായത്. ഹിമാചൽ പ്രദേശിൽ കുളുവിലും മാണ്ഡിയിലും തകർന്ന ബഹുനില കെട്ടിടങ്ങൾക്കും വീടുകൾക്കും അടിയിൽപെട്ടവർക്കായി തിരച്ചിൽ തുടരുന്നു. 24 മണിക്കൂറിനിടെ 12 മരണം റിപ്പോർട്ട് ചെയ്തു.

ഹിമാചലിലെ 12 ജില്ലകളിലും ഉത്തരാഖണ്ഡിലെ 7 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുളു അന്നിയിലുണ്ടായ മണ്ണിടിച്ചിലാണിത്. പ്രദേശത്ത് എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും രക്ഷാപ്രവർത്തനം തുടരുകയാണ്. മാണ്ഡിയിലെ കടൗളയിൽ മേഘ വിസ്ഫോടനത്തിൽ ഒരു പ്രദേശം തന്നെ ഇല്ലാതായി.

കടകൾ, ബാങ്കുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുള്ള കെട്ടിടങ്ങൾക്ക് നാലഞ്ച് ദിവസം മുമ്പ് വിള്ളലുകൾ സംഭവിച്ചതായി സ്ഥലത്തുണ്ടായിരുന്ന സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നരേഷ് വർമ ​​പറഞ്ഞു. കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച് അടുത്തിടെ ഒഴിപ്പിച്ചിരുന്നു. നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും മുൻകരുതൽ നടപടിയായി അന്നിയിലെ എൻഎച്ച് -305 ന് സമീപമുള്ള സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളും ഒഴിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

12 ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. കുളു-മാണ്ഡി റോഡ് തകർന്നതിനാൽ കുളു ജില്ലയിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ സെറാജ്, സരാച്ചി തുടങ്ങിയ ഇടങ്ങളിലായി 12 മരണം റിപ്പോർട്ട് ചെയ്തു.സരാച്ചിയിൽ മണ്ണിനടിയിൽ കുടുങ്ങിയവരെ ഇനിയും കണ്ടെത്താനുണ്ട്. നിരവധി വീടുകൾ ഒലിച്ചുപോയി. ഉത്തരാഖണ്ഡിലും സ്ഥിതി വ്യത്യസ്തമല്ല. ഹരിദ്വാറിലെ ചണ്ഡീദേവി ക്ഷേത്രത്തിന് സമീപം ശക്തമായ മണ്ണിടിച്ചിലുണ്ടായി. പൗരിയിലുണ്ടായ മണ്ണിടിച്ചിലിൽ ഇന്നലെ ഒരാൾ മരിച്ചിരുന്നു. ചമോലി ജില്ലയിലെ പിണ്ടാർ നദിയും പ്രൺമതിയുo ഇരുകരകളും ഇടിച്ചാണ് മുന്നോട്ടു പോകുന്നത്.

ബുധനാഴ്ച വൈകുന്നേരം മുതൽ പാലമ്പൂരിൽ 137 മില്ലിമീറ്റർ മഴ പെയ്തപ്പോൾ നഹനിൽ 93 മില്ലീമീറ്ററും ഷിംലയിൽ 79 മില്ലീമീറ്ററും ധർമ്മശാലയിൽ 70 മില്ലീമീറ്ററും മാണ്ഡിയിൽ 57 മില്ലീമീറ്ററും മഴ ലഭിച്ചു. സംസ്ഥാനത്ത് 709 റോഡുകളാണ് മഴയെ തുടർന്ന് അടച്ചത്. ഈ മൺസൂണിൽ ഹിമാചൽ പ്രദേശിൽ കനത്ത മഴയാണ് ലഭിച്ചത്. തകർന്ന റോഡുകളും മറ്റും പുനഃസ്ഥാപിക്കുന്നതിനായി 165.22 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പറഞ്ഞു.

More Stories from this section

family-dental
witywide