
ന്യൂയോർക്ക്: മനുഷ്യസഹജമായ സ്വഭാവങ്ങളിൽ ഒന്നാണ് മറവി. ചിലപ്പോൾ അത് ഒരു ഫോണിലോ പേഴ്സിലോ ഒതുങ്ങാം. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ആളുകൾ കാറുകളിൽ മറന്നുവെക്കുന്നത് കേട്ടാൽ ആരും മൂക്കത്ത് വിരൽവെച്ചുപോകും. ആഗോള തലത്തിൽ ശ്രദ്ധ നേടിയ ടാക്സി സർവീസായ ഊബറിൽ യാത്ര ചെയ്തവർ വണ്ടിയിൽ മറന്നുവെച്ച സാധനങ്ങളുടെ വാർഷിക പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ‘ലോസ്റ്റ് ആൻഡ് ഫൗണ്ട് ഇൻഡക്സ്’ എന്ന പേരിലിറക്കിയ ഈ പട്ടികയിൽ സാധാരണയായി ആളുകൾ മറക്കുന്ന ഫോണും പേഴ്സും മാത്രമല്ല, കേട്ടാൽ അത്ഭുതം തോന്നുന്ന പല വിചിത്ര വസ്തുക്കളും ഉൾപ്പെടുന്നു. ജീവനുള്ള ചിത്രശലഭങ്ങൾ അടങ്ങിയ പാക്കറ്റ്, മുലപ്പാൽ, മീറ്റ് സ്ലൈസർ, കൃത്രിമ കണ്ണ്, താറാവ് സോസേജ് എന്നിവയാണ് ഈ വർഷത്തെ പട്ടികയിലെ ചില പ്രധാന വിചിത്ര കണ്ടെത്തലുകൾ.
അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന റൈഡ്ഷെയർ ആപ്പാണ് ഊബർ. വിപണിയുടെ 76 ശതമാനവും കൈയാളുന്ന ഊബറിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം പത്ത് ലക്ഷത്തിലധികം മൊബൈൽ ഫോണുകളാണ് യാത്രക്കാർ മറന്നുവെച്ചത്. ഇത്തവണത്തെ കണക്കുകൾ പ്രകാരം അമേരിക്കയിലെ ഏറ്റവും കൂടുതൽ മറവിയുള്ള നഗരമായി ‘ന്യൂയോർക്ക് സിറ്റി’യും, ആളുകൾ ഏറ്റവും കൂടുതൽ സാധനങ്ങൾ മറന്നുവെക്കുന്ന ദിവസമായി ‘ഞായറാഴ്ച’യും മാറി.

ഊബറിൻ്റെ ‘ലോസ്റ്റ് ആൻഡ് ഫൗണ്ട്’ ഇൻഡക്സിൻ്റെ പത്താം വാർഷികമാണിത്. കഴിഞ്ഞ പത്ത് വർഷത്തെ ട്രെൻഡുകൾ പരിശോധിച്ചാൽ കാലത്തിനനുസരിച്ച് ആളുകൾ മറന്നുവെക്കുന്ന സാധനങ്ങളിലും മാറ്റം വന്നിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. 2021-ൽ കോവിഡ് കാലത്ത് വാക്സിൻ കാർഡുകളും ഫേസ് മാസ്കുകളുമായിരുന്നു വണ്ടികളിൽ കൂടുതൽ ബാക്കിയായതെങ്കിൽ, 2025-ൽ പ്രമേഹ-ശരീരഭാരം കുറയ്ക്കാനുള്ള മരുന്നായ ‘ഓസെംപിക്’ ആയിരുന്നു ട്രെൻഡ്. ഈ വർഷമാകട്ടെ വൈറലായ ‘ലബുബു’ പാവകളും, ക്രോക്സ് ചെരുപ്പുകളും, വേപ്പുകളുമാണ് ആളുകൾ വണ്ടിയിൽ കൂടുതലായി ഉപേക്ഷിച്ചുപോയത്.
കഴിഞ്ഞ പത്ത് വർഷത്തെ വിചിത്രമായ കണ്ടെത്തലുകൾ:
- 2017: ലോബ്സ്റ്റർ ( ഒരു കടൽ വിഭവം)
- 2018: വിവാഹമോചന പേപ്പറുകൾ
- 2019: സാൽമൺ മത്സ്യത്തിൻ്റെ തല
- 2020: “Virginity rocks” എന്ന് എഴുതിയ ടാഗ്
- 2021: കേറ്റ് മിഡിൽട്ടൻ്റെ വലിയൊരു പെയിൻ്റിംഗ്
- 2022: 500 ഗ്രാം കാവിയാർ
- 2023: ടോയ് പൂഡിൽ ഇനത്തിൽപ്പെട്ട ഒരു ജീവനുള്ള നായ
- 2024: വ്യാജ നിതംബം (Fake butt)
- 2025: സ്റ്റഫ് ചെയ്ത് സൂക്ഷിച്ച മുയൽ ഇറച്ചി
- 2026: 75 ഗാലൻ കൊള്ളുന്ന ഭീമൻ ഫിഷ് ടാങ്ക്

ഇവ കൂടാതെ ജോർജ്ജ് വാഷിംഗ്ടൺ ആശുപത്രിയിലെ ഡിസ്ചാർജ് പേപ്പറുകൾ, ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ പല്ലിൻ്റെ ഭാഗങ്ങൾ, ഇടുപ്പ് എല്ലിന് പകരമുള്ള പെൽവിസ് ഇംപ്ലാൻ്റുകൾ എന്നിവയും ഈ വർഷത്തെ ‘ഏറ്റവും സവിശേഷമായ 50 സാധനങ്ങളുടെ’ പട്ടികയിലുണ്ട്. അതേസമയം, യാത്രക്കാർക്ക് സാധനങ്ങൾ നഷ്ടപ്പെട്ടാൽ അത് വേഗത്തിൽ റിപ്പോർട്ട് ചെയ്യാനും തിരികെ ലഭിക്കാനുമുള്ള പുതിയൊരു സംവിധാനം ആപ്പിൽ കൊണ്ടുവരികയാണെന്നും ഈ വർഷാവസാനത്തോടെ ഇത് രാജ്യവ്യാപകമായി ലഭ്യമാക്കുമെന്നും ഊബർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
From butterflies to breast milk; Strange items left behind in Uber!















