കാലിഫോർണിയയിലെ ബാങ്കിൽ ആളുകളെ ബന്ദിയാക്കിയയാളെ എഫ്.ബി.ഐ വെടിവെച്ചുകൊന്നു, കൊല്ലപ്പെട്ടത് മുൻ സൈനികൻ

ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ ബേക്കേഴ്‌സ്‌ഫീൽഡിൽ ബാങ്ക് പ്രവർത്തിക്കുന്ന ഓഫീസ് സമുച്ചയത്തിൽ ആളുകളെ ബന്ദിയാക്കി പരിഭ്രാന്തി സൃഷ്ടിച്ച മുൻ യു.എസ് സൈനികനെ എഫ്.ബി.ഐ വെടിവെച്ചുകൊന്നു. ഏകദേശം 15 മണിക്കൂറിലധികം നീണ്ടുനിന്ന നാടകീയമായ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് എഫ്.ബി.ഐയുടെ പ്രത്യേക ‘ഹോസ്റ്റേജ് റെസ്ക്യൂ ടീം’ പ്രതിയെ വധിച്ചത്. കെട്ടിടത്തിനുള്ളിൽ പ്രതി ബന്ദികളാക്കിയ 10 പേരും പരിക്കേൽക്കാതെ സുരക്ഷിതരായി രക്ഷപെട്ടു. ആൻ്റണി സ്കോട്ട് സിയർലെസ്സ്-ഹാരിസ് (41) എന്നയാളാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബേക്കേഴ്‌സ്‌ഫീൽഡിലെ ചേസ് ബാങ്ക് സ്ഥിതി ചെയ്യുന്ന നാല് നിലകളുള്ള കെട്ടിടത്തിലേക്ക് ബോംബ് ഭീഷണിയുമായി പ്രതി അതിക്രമിച്ചു കയറിയത്. കെട്ടിടത്തിൻ്റെ രണ്ടാം നിലയിലുള്ള ‘കേൺ കൗണ്ടി സ്കൂൾ ഓഫീസ്’ ജീവനക്കാരായ 10 പേരെ ഇയാൾ കെട്ടിയിട്ട് ബന്ദിയാക്കുകയായിരുന്നു. തൻ്റെ ശരീരത്തിലും ബന്ദികളുടെ ശരീരത്തിലും സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഇയാളുടെ അവകാശവാദം. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇവ വ്യാജമാണെന്ന് തെളിഞ്ഞു.

പ്രാദേശിക പൊലീസും എഫ്.ബി.ഐയും മണിക്കൂറുകളോളം ഫോൺ വഴി പ്രതിയുമായി ചർച്ചകൾ നടത്തി. ഇതിനിടയിൽ ചൊവ്വാഴ്ച രാത്രിയോടെ രണ്ട് ബന്ദികളെ ഇയാൾ മോചിപ്പിച്ചിരുന്നു. എന്നാൽ ബാക്കിയുള്ള ബന്ദികളിൽ ഒരാൾക്ക് പ്രമേഹബാധയുള്ളതിനാലും കൃത്യസമയത്ത് മരുന്ന് ലഭിക്കാത്തതിനാലും ജീവന് ഭീഷണിയുണ്ടെന്ന് എഫ്.ബി.ഐ വിലയിരുത്തി. ബുധനാഴ്ച പുലർച്ചയോടെ പ്രതി കൂടുതൽ അക്രമാസക്തനായതിനെ തുടർന്ന് പുലർച്ചെ 4:20-ഓടെ എഫ്.ബി.ഐ സംഘം കെട്ടിടത്തിലേക്ക് ഇരച്ചുകയറി പ്രതിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

കൊല്ലപ്പെട്ട ആൻ്റണി സ്കോട്ട് മുൻപ് യു.എസ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ളയാളും മുൻപ് പല കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളുമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ എഫ്.ബി.ഐ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

“ലഭ്യമായ എല്ലാ സംവിധാനങ്ങളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്,” ബേക്കേഴ്‌സ് ഫീൽഡ് പൊലീസ് സർജൻ്റ് എറിക് സെലിഡൺ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. “സ്വാറ്റ് ടീം, ബോംബ് സ്ക്വാഡ്, കെ9 ടീം, ഗാങ് യൂണിറ്റ്, ചർച്ചാ വിദഗ്ധർ, ഡ്രോൺ ടീം എന്നിവരെല്ലാം രംഗത്തുണ്ട്. ഈ പ്രശ്നം ഏറ്റവും സുരക്ഷിതമായി അവസാനിപ്പിക്കാൻ ഞങ്ങളുടെ പക്കലുള്ള എല്ലാ ആസ്തികളും ഇവിടെ ഉപയോഗിക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ട് പ്രകാരം എഫ്.ബി.ഐയുടെ ഹോസ്റ്റേജ് റെസ്ക്യൂ ടീമും സ്ഥലത്തുണ്ടായിരുന്നു.

തങ്ങളുടെ ബ്രാഞ്ച് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നടക്കുന്ന സാഹചര്യത്തെക്കുറിച്ച് കമ്പനിക്ക് അറിവുണ്ടെന്ന് ചേസ് ബാങ്ക് പ്രതിനിധികൾ ചൊവ്വാഴ്ച അറിയിച്ചു. “ബ്രാഞ്ച് നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്, ഞങ്ങൾ അധികാരികളുമായി സഹകരിക്കുന്നുണ്ട്,” ചേസ് വക്താവ് ബിബിസിയുടെ യുഎസ് പങ്കാളിയായ സിബിഎസ് ന്യൂസിനോട് പറഞ്ഞു. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് ബേക്കേഴ്‌സ് ഫീൽഡ് മേയർ കാരെൻ ഗോയും വ്യക്തമാക്കിയിരുന്നു.

FBI shoots dead California bank hostage taker, ex-soldier killed

More Stories from this section

family-dental
witywide