ജബലിയ അഭയാർഥി ക്യാംപിന് നേരെ വീണ്ടും ആക്രമണം, 120 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത കണക്ക്

ജറുസലം : ഒരു വലിയ പ്രഹരത്തിന് തൊട്ടു പിന്നാലെ പലസ്തീനിലെ ജബലിയ അഭയാർത്ഥി ക്യാംപിന് നേരെ രണ്ടാം ദിനവും ഇസ്രയേൽ വ്യോമാക്രമണം നടത്തി.

ഇന്നലെ നടന്ന ബോംബാക്രമണത്തിൽ 100 ൽ ഏറെപ്പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രണ്ടാം ദിനം ആക്രമണം നടക്കുന്നത്. ആക്രമണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഏറ്റവും വലിയ അഭയാർത്ഥി ക്യാംപുകളിൽ ഒന്നാണ് വടക്കൻ ഗാസയിലെ ജബലിയ. പലതവണ ക്യാമ്പിന് നേരെ ഇസ്രായേൽ ആക്രമണങ്ങൾ അഴിച്ച് വിട്ടിട്ടുണ്ടെങ്കിലും, അതിൽ ഏറ്റവും വലുതും രക്തരൂഷിതവുമായ ആക്രമണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

ആക്രമണങ്ങൾക്ക് പിന്നാലെ നിരവധി ലോക രാജ്യങ്ങളും ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മരിച്ചവരിൽ 19 പേർ അൽജസീറയിലെ സാങ്കേതിക ജീവനക്കാരൻ്റെ ബന്ധുക്കളാണ്. ആക്രമണത്തിൽ 120 പേർ മരിച്ചതായി ഗാസയിലെ ഒരു ഡോക്ടറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്യാംപിലെ റെസിഡെഷൻഷ്യൽ ബ്ലോക്ക് ഒന്നാകെ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു. ആറോളം ബോംബുകൾ ഇസ്രയേൽ വർഷിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 7 ബന്ദികൾ കൊല്ലപ്പെട്ടതായും അതിൽ മൂന്നുപേർ വിദേശ പൌരന്മാരാണെന്നും ഹമാസ് അറിയിച്ചു

അതേസമയം ഇസ്രായേൽ ഉപരോധം മൂലം ഗാസ മുനമ്പിലെ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. മേഖലയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നായ അൽ-ഷിഫ ആശുപത്രിയിലെ വൈദ്യുതി ജനറേറ്റർ മണിക്കൂറുകൾക്കുള്ളിൽ നിലയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാസം തികയാതെ പ്രസവിച്ച 42 കുഞ്ഞുങ്ങൾ ഓക്‌സിജൻ യന്ത്രങ്ങളെ ആശ്രയിച്ചാണ് ശ്വസിക്കുന്നത്. ജനറേറ്ററുകളിൽ ഇന്ധനം തീർന്നാൽ ഓക്‌സിജൻ ഉപകരണങ്ങളിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെടും.

57 കിഡ്‌നി ഡയാലിസിസ് മെഷീനുകളും ഓക്‌സിജൻ ഉൽപ്പാദന യന്ത്രങ്ങളും നിലക്കും. സ്ഥിതി നിയന്ത്രണാതീതമാണെന്നും വൈദ്യുതി നിലച്ചാൽ രോഗികൾ മരണപ്പെടുമെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. രോഗികളുടെ ജീവൻ രക്ഷിക്കാൻ ലോകത്തോട് സഹായം അഭ്യർത്ഥിക്കുന്നു എന്നും ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Israel Attacks Jabalia refugee camp

More Stories from this section

family-dental
witywide