ഗാസയിലെ തിരക്കേറിയ മാർക്കറ്റിൽ ഇസ്രായേൽ ബോംബാക്രമണം; മൂന്ന് മരണം, നിരവധി പേർക്ക് പരുക്ക്

ഗാസ സിറ്റി: ഗാസ സിറ്റിയിലെ അതീവ തിരക്കേറിയ മാർക്കറ്റ് പ്രദേശത്ത് ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഡസൻ കണക്കിന് ആളുകൾക്ക് പരുക്കേറ്റതായും പ്രാദേശിക ആരോഗ്യപ്രവർത്തകരും ദൃക്‌സാക്ഷികളും അറിയിച്ചു.

മുസ്ലീം സമുദായത്തിൻ്റെ പ്രധാന ആഘോഷങ്ങളിലൊന്നായ ബലിപെരുന്നാളിന് (ഈദുൽ അദ്ഹ) മുന്നോടിയായി ജനങ്ങൾ സാധനങ്ങൾ വാങ്ങാൻ തടിച്ചുകൂടിയ സമയത്താണ് ആക്രമണമുണ്ടായത്. ഗാസ സിറ്റിയുടെ മധ്യഭാഗത്തുള്ള ‘അൽ-കയാലി’ റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെ മുകളിലത്തെ മൂന്ന് നിലകളാണ് ഇസ്രായേൽ ലക്ഷ്യമിട്ടത്. വ്യത്യസ്ത ദിശകളിൽ നിന്ന് ഒരേസമയം അഞ്ച് മിസൈലുകളെങ്കിലും കെട്ടിടത്തിൽ പതിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന് തൊട്ടുമുമ്പ് പ്രദേശത്ത് ഹെലികോപ്റ്ററിൻ്റെ ശബ്ദം കേട്ടിരുന്നതായി പ്രദേശവാസികൾ വ്യക്തമാക്കി. തകർച്ചയുടെ വ്യാപ്തിയും പ്രദേശത്തെ തിരക്കും കാരണം രക്ഷാപ്രവർത്തകർക്ക് കെട്ടിടത്തിൻ്റെ മുകളിലത്തെ നിലകളിലേക്ക് എത്തുന്നതിന് കടുത്ത ബുദ്ധിമുട്ട് നേരിട്ടു.

ഹമാസിൻ്റെ സായുധ വിഭാഗം കമാൻഡറായ മുഹമ്മദ് ഒഡെയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് സ്ഥിരീകരിച്ചു. 2023 ഒക്ടോബർ 7-ലെ ഇസ്രായേൽ വിരുദ്ധ ആക്രമണത്തിൻ്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ഒഡെയെന്നും, നിരവധി ഇസ്രായേലി പൗരന്മാരെയും സൈനികരെയും വധിച്ചതിലും തട്ടിക്കൊണ്ടുപോയതിലും ഇയാൾക്ക് പങ്കുണ്ടെന്നും ഇസ്രായേൽ ആരോപിക്കുന്നു. എന്നാൽ ആക്രമണത്തിൽ ഒഡെ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഇസ്രായേലോ ഹമാസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒഡെയുടെ മുൻഗാമിയായ ഇസ് അദ്-ദിൻ അൽ-ഹദ്ദാദ് ഇക്കഴിഞ്ഞ മേയ് മാസമാദ്യം സമാനമായ രീതിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഒക്ടോബർ 10 മുതൽ ഇരുവിഭാഗങ്ങളും തമ്മിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഗാസയിലുടനീളം ഇസ്രായേൽ പതിവായി ആക്രമണം നടത്തുന്നുണ്ടെന്ന് ഹമാസ് ആരോപിച്ചു. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ സിവിലിയന്മാരെ ലക്ഷ്യമിടുകയാണെന്നാണ് ഫലസ്തീൻ്റെ ആക്ഷേപം. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം മാത്രം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 800-ലധികം പേർ മരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഹമാസ് അംഗങ്ങളെ വേട്ടയാടാൻ തങ്ങൾക്ക് പൂർണ്ണ അധികാരമുണ്ടെന്നാണ് ഇസ്രായേലിൻ്റെ നിലപാട്. ഹമാസ് ആയുധം വച്ചൊഴിയാൻ തയ്യാറാകാത്തത് വെടിനിർത്തൽ കരാറിൻ്റെ ലംഘനമാണെന്നും ഇസ്രായേൽ ആരോപിക്കുന്നു.

അതേസമയം, ലെബനനിലും ഇസ്രായേൽ സൈനിക നടപടി ശക്തമാക്കിയിരിക്കുകയാണ്. ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഗസ്സയിലും വ്യോമാക്രമണം ഉണ്ടായത്. ഹിസ്ബുള്ള കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ലെബനനിലെ സൈനിക നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.

Another Israeli airstrike in Gaza: Three dead, many injured

More Stories from this section

family-dental
witywide