ഇറാഖ് പ്രധാനമന്ത്രി വഴി അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ നിർദ്ദേശം ഇറാൻ നിരസിച്ചോ? ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് തള്ളി ഇറാഖ്

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുഖേന അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ നിർദ്ദേശം ഇറാൻ നിരസിച്ചുവെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഇറാഖ് വ്യക്തമാക്കി. പുറത്തുവന്ന വാർത്തകൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇറാഖ് പ്രധാനമന്ത്രിയുടെ മാധ്യമ വിഭാഗം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

പേരു വെളിപ്പെടുത്താത്ത ഇറാനിയൻ, ഇറാഖി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിക്കളഞ്ഞതായി ന്യൂയോർക്ക് ടൈംസ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരുത്താത്ത താൽക്കാലിക വെടിനിർത്തൽ കരാറുകളിൽ ഇറാനു താല്പര്യമില്ലെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ, സ്ഥിരീകരിക്കാത്ത വിവരങ്ങളോ അജ്ഞാത സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള വാർത്തകളോ പ്രചരിപ്പിക്കുന്നതിൽ നിന്ന് എല്ലാ മാധ്യമങ്ങളും പിന്തിരിയണമെന്ന് ഇറാഖ് ഭരണകൂടം ആവശ്യപ്പെട്ടു.

ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്നതിന്റെ യഥാർത്ഥ കാരണം നൽകിയ വാഗ്ദാനങ്ങൾ അമേരിക്ക ലംഘിക്കുന്നതാണെന്ന് ഇറാനിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

More Stories from this section

family-dental
witywide