തലശ്ശേരി ജില്ലാ കോടതിയിലെ അജ്ഞാത രോഗബാധ: ഉന്നത മെഡിക്കൽ സംഘം പരിശോധിച്ചു, കോടതി ഇന്നും അടച്ചിടും

തലശേരി: ന്യായാധിപന്മാർ ഉൾപ്പെടെ 50ൽ ഏറെ ജീവനക്കാർക്ക് അജ്ഞാതരോഗം കണ്ടെത്തിയ തലശ്ശേരി ജില്ലാ കോടതിയിൽ  ഉന്നത മെഡിക്കൽ സംഘം പരിശോധന നടത്തി.

കോഴിക്കോട്, കണ്ണൂർ ഗവ. മെഡിക്കൽ കോളജുകളിൽനിന്നുള്ള സംഘമാണ് കോടതിയിലെത്തി രോഗലക്ഷണമുള്ളവരെ പരിശോധിച്ചത്. കോടതിമുറികളടക്കം പരിശോധിച്ചു. രോഗലക്ഷണമുള്ളവരെ പരിശോധിച്ച്‌ രജിസ്‌ട്രി തയ്യാറാക്കുമെന്ന്‌ മെഡിക്കൽസംഘം അറിയിച്ചു.

അഡീഷനൽ സെഷൻസ് കോടതികൾക്കും പ്രിൻസിപ്പൽ സബ് കോടതിക്കും ഇന്നും അവധിയാണ്. ഇന്നലെയും അവധിയായിരുന്നു.
ചൊറിച്ചിൽ, പനി, കടുത്ത ക്ഷീണം, സന്ധിവേദന എന്നിവ അനുഭവപ്പെട്ട പബ്ലിക്‌ പ്രോസിക്യൂട്ടർ ഓഫിസിലെ രണ്ടുപേർ വ്യാഴാഴ്‌ച ചികിത്സതേടി. ഫസ്‌റ്റ്‌ ക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിലും ഏതാനും പേർക്ക്‌ അസുഖമുണ്ട്‌. അഡീഷണൽ ജില്ലാ സെഷൻസ്‌, പ്രിൻസിപ്പൽ സബ്‌കോടതി എന്നിവിടങ്ങളിലെ ന്യായാധിപർ ഉൾപ്പെടെ മുപ്പതോളം പേർ കഴിഞ്ഞദിവസം ചികിത്സതേടിയിരുന്നു.


കോടതിയിലല്ലാതെ പുറത്തുള്ളവർക്ക്‌ സമാന ലക്ഷണങ്ങളുണ്ടോ എന്നതും ആരോഗ്യവകുപ്പ്‌ പരിശോധിക്കുന്നുണ്ട്‌. രാസവസ്‌തുക്കളുടെ സാന്നിധ്യമുണ്ടോയെന്നും നിരീക്ഷിക്കുന്നു. ചിക്കുൻഗുനിയയുടെ ചില ലക്ഷണങ്ങളോട്‌ സാമ്യമുണ്ടെങ്കിലും അതല്ലെന്നാണ്‌ നിഗമനം. രോഗലക്ഷണമുള്ളവരുടെ വീട്ടുകാർക്കോ അടുപ്പമുള്ളവർക്കോ രോഗം ബാധിച്ചിട്ടില്ല. പകർച്ചവ്യാധിയല്ല എന്ന നിഗമനത്തിലാണ്‌ മെഡിക്കൽസംഘം.

രോഗം ബാധിച്ചവരുടെ രക്തം പരിശോധനയ്‌ക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്‌  ബുധനാഴ്ച അയച്ചിരുന്നു. ഫലത്തിന്‌ കാത്തിരിക്കുകയാണ്‌.

mystery illness forces 2 day closure of 3 courts in Thalasseri district court

More Stories from this section

family-dental
witywide