
വാഷിംഗ്ടൺ: പ്രപഞ്ചരഹസ്യങ്ങൾ തേടുന്ന നാസയുടെ പ്രശസ്തമായ ‘സ്വിഫ്റ്റ്’ ബഹിരാകാശ ദൂരദർശിനിയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ചരിത്രത്തിലാദ്യമായി അത്യാധുനിക റോബോട്ടിക് ദൗത്യം വിക്ഷേപിച്ചു. ഭൂമിയിലേക്ക് പതിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ദൂരദർശിനിയെ ഭ്രമണപഥത്തിൽ നിലനിർത്താൻ നാസയുടെ ധനസഹായത്തോടെയുള്ള ‘ലിങ്ക്’ എന്ന രക്ഷാപേടകം വെള്ളിയാഴ്ച ബഹിരാകാശത്തേക്ക് കുതിച്ചത്. ഒരു ഫ്രിഡ്ജിൻ്റെ വലുപ്പമുള്ള ‘ലിങ്ക്’ പേടകം പെഗാസസ് എക്സ്എൽ റോക്കറ്റിലാണ് വിക്ഷേപിച്ചത്.
ലക്ഷ്യം അതീവ സങ്കീർണ്ണവും അപകടകരവും
ബഹിരാകാശത്ത് വെച്ച് തകരാറിലായ ഒരു ഉപഗ്രഹത്തെയോ ദൂരദർശിനിയെയോ മറ്റൊരു പേടകം ഉപയോഗിച്ച് പിടിച്ച് ഭ്രമണപഥം ഉയർത്തുന്ന ദൗത്യം ലോകത്ത് ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒന്നാണ്. അതിനാൽ തന്നെ ഇത് അതീവ അപകടസാധ്യതയുള്ള ദൗത്യമാണെന്ന് പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. സിമിയോൺ ബാർബർ വ്യക്തമാക്കി.
പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ കോസ്മിക് സ്ഫോടനങ്ങളെയും നക്ഷത്രങ്ങളുടെ അന്ത്യത്തെയും കുറിച്ച് പഠിക്കാൻ 2004-ലാണ് സ്വിഫ്റ്റ് ഒബ്സർവേറ്ററി വിക്ഷേപിക്കുന്നത്. സൂര്യൻ അതിൻ്റെ 10 ശതകോടി വർഷത്തെ ആയുസ്സിൽ പുറത്തുവിടുന്ന അത്രയും ഊർജ്ജം ഏതാനും സെക്കൻഡുകൾ കൊണ്ട് പുറത്തുവിടുന്ന അതിശക്തമായ പ്രതിഭാസങ്ങളെ നിരീക്ഷിക്കാൻ സ്വിഫ്റ്റ് അല്ലാതെ മറ്റ് സംവിധാനങ്ങൾ ശാസ്ത്രലോകത്തിനില്ല.
വില്ലനായത് സൗരപ്രവർത്തനങ്ങൾ
ആദ്യഘട്ടത്തിൽ ഭൂമിയിൽ നിന്നും 373 മൈൽ (600 കിലോമീറ്റർ) ഉയരത്തിലുള്ള സുരക്ഷിത ഭ്രമണപഥത്തിലായിരുന്നു സ്വിഫ്റ്റ്. എന്നാൽ സമീപകാലത്ത് സൗരപ്രവർത്തനങ്ങൾ വർദ്ധിച്ചതുമൂലം ഭൂമിയുടെ അന്തരീക്ഷം വികസിക്കുകയും അത് സ്വിഫ്റ്റ് ദൂരദർശിനിയെ സ്പർശിക്കാൻ ഇടയാക്കുകയുമായിരുന്നു. അന്തരീക്ഷത്തിൻ്റെ ഈ ഘർഷണം ദൂരദർശിനിയുടെ വേഗത കുറയ്ക്കുകയും നിലവിൽ അതിൻ്റെ ഉയരം 220 മൈലിലേക്ക് (360 കിലോമീറ്റർ) താഴ്ത്തുകയും ചെയ്തു.
186 മൈലിന് (300 കിലോമീറ്റർ) താഴേക്ക് ദൂരദർശിനി പതിച്ചാൽ പിന്നീട് അതിനെ രക്ഷിക്കുക അസാധ്യമാകും. ഈ പശ്ചാത്തലത്തിലാണ് അരിസോണയിലെ ‘കാറ്റലിസ്റ്റ് സ്പേസ് ടെക്നോളജീസ്’ എന്ന സ്റ്റാർട്ടപ്പ് കമ്പനി വെറും എട്ട് മാസം കൊണ്ട് ‘ലിങ്ക്’ എന്ന റോബോട്ടിക് പേടകം വികസിപ്പിച്ചെടുത്തത്.
ലിങ്ക് പേടകം എങ്ങനെ പ്രവർത്തിക്കും

വരും ആഴ്ചകളിൽ ലിങ്ക് പേടകം അതിന്റെ പവർ, നാവിഗേഷൻ, ക്യാമറകൾ, സെൻസറുകൾ എന്നിവ ഓരോന്നായി പ്രവർത്തിപ്പിച്ചു തുടങ്ങും. മൂന്ന് മുതൽ നാല് ആഴ്ചയ്ക്കുള്ളിൽ ചലിച്ചുകൊണ്ടിരിക്കുന്ന സ്വിഫ്റ്റ് ദൂരദർശിനിക്ക് തൊട്ടരികിലേക്ക് ലിങ്ക് എത്തിച്ചേരും. തുടർന്ന് ക്യാമറകൾ ഉപയോഗിച്ച് ദൂരദർശിനിയെ എല്ലാ കോണുകളിൽ നിന്നും ചിത്രീകരിക്കും. സ്വിഫ്റ്റ് ദൂരദർശിനി മറ്റൊരു പേടകത്തിന് പിടികൊടുക്കാൻ പാകത്തിൽ രൂപകൽപ്പന ചെയ്തതല്ല. എങ്കിലും ലിങ്ക് പേടകത്തിലെ മൂന്ന് റോബോട്ടിക് കൈകൾ ഉപയോഗിച്ച് ഇതിനെ സാവധാനം പിടിച്ചെടുക്കും. ദൂരദർശിനിയെ കൈപ്പിടിയിലൊതുക്കിയ ശേഷം ലിങ്ക് അതിൻ്റെ ചെറു എഞ്ചിനുകൾ പ്രവർത്തിപ്പിച്ച് അടുത്ത 2-3 മാസങ്ങൾ കൊണ്ട് ഇതിനെ പഴയ ഭ്രമണപഥമായ 373 മൈൽ ഉയരത്തിലേക്ക് സാവധാനം തിരികെ എത്തിക്കും.
ഈ ദൗത്യം വിജയകരമായാൽ, ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാകും ഇത്. ഇതിൻ്റെ വിജയത്തിന് ശേഷം ലോകപ്രശസ്തമായ ‘ഹബിൾ സ്പേസ് ടെക്നോളജിയെയും’ ഇത്തരത്തിൽ രക്ഷിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ നാസ തീരുമാനമെടുക്കും.
NASA launches emergency mission to save low-orbit telescope, sends three-armed robot into space














