
ന്യൂയോർക്ക്: ആഗോള പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റും അമേരിക്കൻ ഫുട്ബോൾ താരം ട്രാവിസ് കെൽസിയും വിവാഹിതരായി. വെള്ളിയാഴ്ച വൈകുന്നേരം ന്യൂയോർക്കിലെ പ്രശസ്തമായ മാഡിസൺ സ്ക്വയർ ഗാർഡനിൽ വെച്ചായിരുന്നു ലോകം ഉറ്റുനോക്കിയ ഈ ആഡംബര വിവാഹം. ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ ആയിരത്തോളം വിശിഷ്ട അതിഥികൾ ചടങ്ങിൽ സാക്ഷികളായി.
പരമ്പരാഗത രീതിയിൽ വധൂവരന്മാരുടെ സുഹൃത്തുക്കളെ ഒഴിവാക്കി കുടുംബാംഗങ്ങൾക്കാണ് ഇരുവരും വിവാഹത്തിൽ പ്രധാന ചുമതലകൾ നൽകിയത്. ടെയ്‌ലറുടെ സഹോദരൻ ഓസ്റ്റിൻ സ്വിഫ്റ്റ് ‘മാൻ ഓഫ് ഓണർ’ ആയും ട്രാവിസിന്റെ സഹോദരൻ ജേസൺ കെൽസി ‘ബെസ്റ്റ് മാൻ’ ആയും തിളങ്ങി. പ്രശസ്ത ഹോളിവുഡ് നടൻ ആദം സാൻഡ്‌ലർ ആണ് വിവാഹ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചത്. വിവാഹവേദിക്കു പുറത്തെ കൂറ്റൻ ഡിജിറ്റൽ സ്ക്രീനുകളിൽ പർപ്പിൾ നിറത്തിൽ “JUST&T MARRIED” എന്ന സന്ദേശം പ്രദർശിപ്പിച്ചിരുന്നു.
2023-ൽ ആരംഭിച്ചതും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ ഹൃദയേറ്റെടുത്തതുമായ രണ്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഈ വിവാഹം. സുരക്ഷാ കാരണങ്ങളാൽ ചടങ്ങിൻ്റെ ഭൂരിഭാഗം വിവരങ്ങളും അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. കടുത്ത ചൂടിനെ അവഗണിച്ചും പ്രിയതാരങ്ങളെ കാണാൻ വൻ ജനക്കൂട്ടമാണ് മാഡിസൺ സ്ക്വയറിന് മുന്നിൽ തടിച്ചുകൂടിയത്. നഗരത്തിൽ പൊലീസിൻ്റെ കടുത്ത ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. പുലർച്ചെ 4 മണി വരെ ആഘോഷങ്ങൾ നീണ്ടുനിൽക്കാനുള്ള പ്രത്യേക അനുമതിയും അധികൃതരിൽ നിന്ന് ദമ്പതികൾ നേടിയിരുന്നു.
കാമില കബെല്ലോ, ഹ്യൂ ഗ്രാൻ്റ്, ഈഥൻ ഹോക്ക്, ജേസൺ സുഡെയ്കിസ്, കാർലി ക്ലോസ്, കരീം ഹണ്ട്, കൂപ്പർ കപ്പ്, ജൂജൂ സ്മിത്ത്-ഷൂസ്റ്റർ, ജോ ബക്ക്, പ്രശസ്ത എഴുത്തുകാരി ജെന്നി ഹാൻ തുടങ്ങി കായിക-സിനിമാ രംഗത്തെ നിരവധി പ്രമുഖർ ലക്ഷ്വറി എസ്‌യുവി കാറുകളിലാണ് വിവാഹത്തിന് എത്തിയത്. ഹാളിനുള്ളിൽ മൊബൈൽ ഫോണുകൾക്ക് പൂർണ്ണ നിരോധനം ഉണ്ടായിരുന്നതിനാൽ ചിത്രങ്ങളോ വീഡിയോകളോ പുറത്തുവന്നിട്ടില്ല.
സ്വാതന്ത്ര്യദിന ആഘോഷങ്ങൾ, ഹഡ്സൺ നദിയിലെ കപ്പൽ പരേഡ്, ന്യൂജേഴ്‌സിയിലെ ഫിഫ ലോകകപ്പ് മത്സരം എന്നിവയാൽ ന്യൂയോർക്ക് നഗരം തിരക്കിലായ വാരത്തിലാണ് ഈ വിവാഹവും നടന്നത്. വിവാഹത്തിന് മുന്നോടിയായി ഇരുവരും ചേർന്ന് അമേരിക്കയിലെ 20 പ്രാദേശിക-ദേശീയ ചാരിറ്റികൾക്കായി 26 ദശലക്ഷം ഡോളർ (ഏകദേശം 217 കോടിയിലധികം ഇന്ത്യൻ രൂപ) സംഭാവന നൽകിയിരുന്നു. നാഷ്‌വിൽ, ലോസ് ഏഞ്ചൽസ്, കാൻസസ് സിറ്റി, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിലെ സംഘടനകൾക്കാണ് ഈ സഹായധനനം ലഭിച്ചത്.
Taylor Swift and Travis Kelce got married at Madison Square Garden! Celebrities from the world of sports and film attended, party lasted until 4 am














