
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുടെ മുഖ്യ സൂത്രധാരന്‍ എന്നു കരുതുന്ന ലളിത് ഝാ പൊലീസിന് കീഴടങ്ങി. ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള കര്‍ത്തവ്യ പഥ് ( പഴയ ജനപഥ്) പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇയാളെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയും ന്യൂഡല്‍ഹി ജില്ലാ പോലീസ് സ്പെഷൽ സെല്ലിന് കൈമാറുകയും ചെയ്തു. കൊല്‍ക്കത്ത ആസ്ഥാനമായുള്ള അധ്യാപകൻ രണ്ട് ദിവസത്തോളം ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് ഡല്‍ഹിയില്‍ പൊലീസിന് കീഴടങ്ങിയത്.
നീമ്രാന വഴി രാജസ്ഥാനിലെ നാഗൗറിലേക്ക് ബസില്‍ പോയെന്നും രണ്ട് സുഹൃത്തുക്കളോടൊപ്പം ഒരു ഹോട്ടലില്‍ താമസിച്ചുവെന്നും ഇയാള്‍ പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. പിന്നീട് പോലീസ് തിരയുന്നുണ്ടെന്ന് മനസിലായതോടെ തിരികെയെത്തി. ഇന്നലെ രാത്രിയോടെ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
അതേസമയം, പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരെ ബുധനാഴ്ച തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ക്ക് പുറമെ ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.















