പാഷൻ വിട്ടൊരു പരിപാടിയുമില്ല, രാവിലെ കോർപ്പറേറ്റ് കമ്പനിയിൽ ജോലി, രാത്രി വഴിയോര ഫുഡ് സ്റ്റാളിൽ പാചകം; അറിയാം ധ്രുവി പഞ്ചലിന്റെ ജീവിതം

ഒരു കോർപറേറ്റ് കമ്പനിയിൽ നല്ലൊരു ജോലിയും ശമ്പളവും മികച്ച ജീവിതവും ഇവൾക്കുണ്ട്, പക്ഷേ അവൾ ആ ജോലിയ്ക്കൊപ്പം തന്റെ പാഷനെക്കൂടി കൂടെ കൂട്ടാൻ തീരുമാനിച്ചപ്പോഴാണ് ധ്രുവി പഞ്ചൽ എന്ന അഹമ്മദാബാദ് സ്വദേശിനി വ്യത്യസ്തയായി മാറിയത്. വലിയൊരു ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരിയായ ധ്രുവി പഞ്ചൽ ഗുജറാത്തിലെ അഹമ്മദാബാദ് യൂണിവേഴ്‌സിറ്റി ഗേറ്റിന് സമീപം റോഡരികിൽ ഒരു ഭക്ഷണശാല തുറന്നുകൊണ്ടാണ് തന്റെ അഭിനിവേശത്തിനൊപ്പമുളള യാത്ര ആരംഭിക്കുന്നത്.

ധ്രുവിയുടെ ദിനചര്യ കോർപ്പറേറ്റ് ലോകത്തേയും ഫാർമസ്യൂട്ടിക്കലുകളേയും ചുറ്റിപ്പറ്റിയാണെങ്കിലും, യഥാർത്ഥ അഭിനിവേശം പാചകത്തിലായിരുന്നു. തന്റെ പാചക സ്വപ്നങ്ങൾ പിന്തുടരാൻ തീരുമാനിച്ച ധ്രുവി ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടം അഹമ്മദാബാദിലെ തെരുവുകളിൽ എത്തിക്കാൻ തീരുമാനിച്ചു. ആ പാചക വൈദഗ്ധ്യത്തിന്റെയും അർപ്പണബോധത്തിന്റെയും സാക്ഷ്യപത്രമായ ധ്രുവിയുടെ സ്ട്രീറ്റ് ഫുഡ് സ്റ്റാൾ ആളുകൾക്കൊപ്പം സോഷ്യൽമീഡിയയുടേയും ശ്രദ്ധയാകർഷിക്കാൻ തുടങ്ങി.

ബി. ഫാർമ ബിരുദധാരിയും കോർപ്പറേറ്റ് കമ്പനിയായ സൈഡസിലെ ജീവനക്കാരിയുമാണ് ധ്രുവി പഞ്ചൽ. ഹെൽത്ത് കെയർ കമ്പനിയിലെ മോശമല്ലാത്ത ജോലിയുണ്ടായിരുന്നിട്ടും ഇത്തരമൊരു കാര്യവുമായി മുന്നോട്ട് വരാൻ പെൺകുട്ടി കാണിച്ച ആർജവത്തെയാണ് എല്ലാവരും പ്രശംസിക്കുന്നത്. രുചികരമായ മാക്രോണിയും ചീസും മറ്റ് തരത്തിലുള്ള പാസ്ത വിഭവങ്ങളും പാകം ചെയ്യുന്ന ധ്രുവിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും അവളുടെ കഥ തങ്ങൾക്ക് പ്രചോദനമാവുകയും ചെയ്തുവെന്ന ആയിരക്കണക്കിന് കമന്റുകളും വന്നു.

ശനിയാഴ്ച ദിവസങ്ങളിൽ ജോലി കഴിഞ്ഞ് വീട്ടിലെത്തി, വിഭവങ്ങൾ തയ്യാറാക്കാനുള്ളതെല്ലാം റെഡിയാക്കി ആറരയോടെ ധ്രുവി അഹമ്മദാബാദിലെ സെപ്ത്ഖാവ് ഗലിയിൽ എത്തുന്നു. ആളുകൾക്ക് രുചികരമായ ഭക്ഷണം വിളമ്പുന്നതിൽ നിന്ന് തനിക്ക് വളരെയധികം സംതൃപ്തി ലഭിക്കുന്നുണ്ടെന്നാണ് ധ്രുവി പറയുന്നത്.”മാക് & ചീസ്” എന്ന് പേരിട്ടിരിക്കുന്ന വഴിയോര ഭക്ഷണ സ്റ്റാൾ ശനിയാഴ്ചകളിൽ വൈകുന്നേരം 6.30 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. സ്വന്തം ഇഷ്ടങ്ങളെയും സ്വപ്നങ്ങളേയും മൂടിവച്ച് ജീവിക്കുകയല്ല, അവയെ സാധ്യമാക്കി നല്ലൊരു ഭാവിയും ജീവിതവും ഉണ്ടാക്കിയെടുക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടതെന്ന് ഈ പെൺകുട്ടി തെളിയിക്കുന്നു.

More Stories from this section

family-dental
witywide