
അഗർത്തല: ത്രിപുരയിൽ 14 വർഷം മുമ്പ് കാണാതായ സ്കൂൾ അധ്യാപകൻ ആശിഷ് സോമിന്റെ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്ന് ബാജു എന്നയാളെ ത്രിപുര ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) അറസ്റ്റ് ചെയ്തു. അഗർത്തലയിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി നാലു ദിവസത്തെ സിഐഡി കസ്റ്റഡിയിൽ വിട്ടു. കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ആശിഷ് സോമിന്റെ ബിസിനസ് പങ്കാളിയായ ഹുസൈൻ അഹമ്മദുമായി അടുത്ത ബന്ധമുള്ളയാളാണ് അറസ്റ്റിലായ ബാജു. തട്ടിക്കൊണ്ടുപോകൽ കേസിൽ ഹുസൈൻ അഹമ്മദും പ്രതിപ്പട്ടികയിലുണ്ട്.
ഈ വർഷം സെപ്റ്റംബർ 16-ന് അസമിലെ കരിംഗഞ്ച് ജില്ലയിലെ സോൺബിൽ പ്രദേശത്തെ ശ്മശാനത്തിലെ മൂന്ന് കല്ലറകളിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് വർഷങ്ങളായി മുടങ്ങിക്കിടന്ന അന്വേഷണം വീണ്ടും സജീവമായത്. ഇവ ആശിഷ് സോമിന്റേതാണോയെന്ന് സ്ഥിരീകരിക്കാൻ കുടുംബാംഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പരിശോധനാഫലത്തിനായി അന്വേഷണ സംഘം കാത്തിരിക്കുകയാണ്.
2011 മേയ് 28-നാണ് അഗർത്തലയിലെ ഭാട്ടി അഭോയ്നഗർ സ്വദേശിയായ ആശിഷ് സോമിനെ (40) കാണാതായത്. അധ്യാപകനായിരുന്ന അദ്ദേഹം തടി വ്യാപാരവും നടത്തിയിരുന്നു. വ്യാപാര ആവശ്യങ്ങൾക്കായി കാഞ്ചൻപൂരിലേക്ക് പോയ സോം പിന്നീട് തിരിച്ചെത്തിയില്ല. തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട് കുടുംബത്തിന് ഫോൺ കോളുകൾ ലഭിച്ചതായും മോചനദ്രവ്യമായി പലതവണയായി ഏകദേശം 25 ലക്ഷം രൂപ കൈമാറിയതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ പണം നൽകിയിട്ടും സോമിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.
വർഷങ്ങളോളം അന്വേഷണം പുരോഗമിക്കാതിരുന്നതിനെ തുടർന്ന് കുടുംബം സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇപ്പോൾ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയതും പുതിയ അറസ്റ്റ് രേഖപ്പെടുത്തിയതും കേസിൽ നിർണായകമായിരിക്കുകയാണ്. ഡിഎൻഎ പരിശോധനാഫലവും പ്രതിയുടെ ചോദ്യം ചെയ്യലും അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷ.














