
ജയ്പൂർ: നസീർ-ജുനൈദ് വധക്കേസിലെ പ്രതിയും സംഘപരിവാർ നേതാവുമായ മോനു മനേസറിന്‍റെ ജാമ്യാപേക്ഷ രാജസ്ഥാൻ കോടതി തള്ളി. കേസിൽ സെപ്റ്റംബർ 12ന് അറസ്റ്റിലായ മോനു മനേസർ ജയിലിലാണുള്ളത്. ജാമ്യം തേടി ഹൈകോടതിയെ സമീപിക്കുമെന്ന് മനേസറിന്‍റെ അഭിഭാഷകൻ പറഞ്ഞു.
കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് രണ്ട് മുസ്‍ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയാണ് മോനു മനേസർ എന്ന മൊഹിത് യാദവ്. ‘ഗോരക്ഷ സംഘം’ നേതാവ് കൂടിയാണ്. ഫെബ്രുവരിയിൽ ഭരത്‌പുർ സ്വദേശികളായ ജുനൈദ് (35), നസീർ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. മോനു മനേസറിനെ പിടികൂടാൻ രാജസ്ഥാൻ പൊലീസിന് സാധിച്ചിരുന്നില്ല.
ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ കലാപത്തിന് പ്രേരിപ്പിച്ച കേസിൽ ഹരിയാന പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് രാജസ്ഥാൻ പൊലീസിന് കൈമാറുകയായിരുന്നു. ഗോരക്ഷക സംഘത്തിന്‍റെ പേരിൽ ഹരിയാന-ഡൽഹി-രാജസ്ഥാൻ ദേശീയപാതയിൽ നിരവധി അക്രമസംഭവങ്ങൾക്ക് മോനു മനേസർ നേതൃത്വം നൽകിയിട്ടുണ്ട്.