
കൊച്ചി: കോളജ് ദിനാഘോഷത്തില്‍ നിയമവിരുദ്ധമായി ഓപ്പണ്‍ ജീപ്പില്‍ കാമ്പസില്‍ റെയ്സിങ് നടത്തി സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ എട്ടുവിദ്യാര്‍ഥികള്‍ക്കെതിരെയാണ് നരഹത്യാശ്രമത്തിന് കോതമംഗലം പൊലീസ് കേസെടുത്തത്. വിദ്യാര്‍ഥികളെ കുത്തിനിറച്ച് അപകടകരമായി ഡ്രൈവിങ് നടത്തിയ സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് വിദ്യാര്‍ഥികളായ അമല്‍, അഭിരാം എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. കോളേജ് ദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു വിദ്യാര്‍ഥികള്‍ തുറന്ന ജീപ്പില്‍ കാമ്പസിനകത്തും പുറത്തും സാഹസിക പ്രകടനം നടത്തിയത്. കാമ്പസിലും പരിസര റോഡുകളിലും റെയ്സ് നടത്തുന്നതിനിടെ സമീപവാസിയായ ഒരു പെണ്‍കുട്ടിയെ വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി.
ഓടിക്കൂടിയ നാട്ടുകാരും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതിനിടെ ചിലര്‍ ജീപ്പ് കനാലിലേക്ക് തള്ളിയിട്ടു. ജീപ്പ് കനാലില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഈ നീക്കം തടഞ്ഞ നാട്ടുകാര്‍ അപകടം ഉണ്ടാക്കിയ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാതെ ജീപ്പ് മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. പിന്നീട് കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തി ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
കുറ്റക്കാര്‍ക്കിതെരെ കര്‍ശന നടപടികളുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനകത്ത് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിട്ടില്ലെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കോളേജിലെ ആഘോഷ സമയത്ത് ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ പതിവായി ജീപ്പ് റെയ്‌സ് നടത്താറുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതാവര്‍ത്തിച്ചാല്‍ കോളേജ് അധികൃതര്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.











