പ്ലീഡർ മുതൽ അദാനി വരെ വിവാദങ്ങൾ! കോൺഗ്രസിൽ കരുനീക്കം പുകയുന്നു, അടിയന്തര കെപിസിസി യോഗം വിളിക്കണമെന്ന് കെ സി പക്ഷത്തെ ജനറൽ സെക്രട്ടറിയുടെ കത്ത്

അദാനി എം എസ് സി ഡീൽ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നതിനിടെ, വിവാദങ്ങൾ ചർച്ച ചെയ്യാൻ അടിയന്തരമായി കെപിസിസി ഭാരവാഹി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി പ്രസിഡന്റിന് കത്ത്. കെസി വേണുഗോപാൽ പക്ഷക്കാരനായ കെപിസിസി ജനറൽ സെക്രട്ടറി എം ആർ അഭിലാഷാണ് കത്തുമായി രംഗത്തെത്തിയത്. നിർണായകമായ പല രാഷ്ട്രീയ വിഷയങ്ങളിലും പാർട്ടിയിൽ ആഭ്യന്തര ചർച്ചകൾ വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

ഗവൺമെന്റ് പ്ലീഡർ നിയമനം മുതൽ അദാനി കരാർ വരെയുള്ള സമീപകാല വിവാദ വിഷയങ്ങൾ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പാർട്ടിക്കുള്ളിൽ ഉയർന്നുവന്ന ഭിന്നതകളും പൊതുസമൂഹത്തിൽ ഉയർന്ന ചോദ്യങ്ങളും കൃത്യമായി ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറാകണമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. കഴിഞ്ഞ മാസം ആറിനാണ് ഇതിനുമുമ്പ് ഒടുവിൽ കെപിസിസി യോഗം ചേർന്നത്.

പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെക്കൂടി സ്വാധീനിക്കുന്ന തരത്തിലുള്ള കരുനീക്കങ്ങളാണ് കത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. നേതൃത്വത്തിന്റെ പല തീരുമാനങ്ങളിലും അണികൾക്കും ഒരു വിഭാഗം നേതാക്കൾക്കും അതൃപ്തിയുണ്ടെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. വരും ദിവസങ്ങളിൽ കെപിസിസി നേതൃത്വം ഈ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കോൺഗ്രസിലെ ആഭ്യന്തര രാഷ്ട്രീയ നീക്കങ്ങൾ.

Demanding Urgent KPCC Meeting, General Secretary M R Abhilash Writes To Party President Amid Growing Discontent Within Congress

More Stories from this section

family-dental
witywide