അമേരിക്കയിൽ സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് ഭക്ഷ്യവിഷബാധ കേസുകൾ വർധിക്കുന്നതിനിടെ, കടുത്ത വയറിളക്കത്തിന് കാരണമാകുന്ന സൈക്ലോസ്പോറിയാസിസ് (Cyclosporiasis) എന്ന പരാന്നഭോജി രോഗം ആരോഗ്യവകുപ്പിന്റെ ആശങ്ക വർധിപ്പിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന സൈക്ലോസ്പോറ കയെറ്റനൻസിസ് (Cyclospora cayetanensis) എന്ന പരാന്നഭോജിയാണ് ഈ രോഗത്തിന് കാരണം.
മെയ് 1 മുതൽ അമേരിക്കയിലെ 17-ലധികം സംസ്ഥാനങ്ങളിലായി നൂറുകണക്കിന് ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതായി അമേരിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) അറിയിച്ചു. പ്രത്യേകിച്ച് മിഷിഗൺ സംസ്ഥാനത്ത് രോഗബാധ രൂക്ഷമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം മൂന്നിരട്ടിയിലധികം വർധിച്ചതായാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
വിദഗ്ധരുടെ അഭിപ്രായത്തിൽ എല്ലാ വർഷവും മെയ് മാസം മുതൽ രോഗബാധ ഉയരാറുണ്ട്. എന്നാൽ ഇത്തവണ മിഷിഗണിലെ കേസുകളുടെ എണ്ണം സാധാരണയേക്കാൾ വളരെ കൂടുതലാണെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. രോഗബാധയ്ക്ക് പിന്നിലെ പൊതുവായ ഉറവിടം കണ്ടെത്താൻ സി.ഡി.സി., യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA), വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പുകൾ എന്നിവർ അന്വേഷണം നടത്തുന്നുണ്ട്. ഇതുവരെ ഒരൊറ്റ വലിയ രോഗവ്യാപന ഉറവിടം കണ്ടെത്താനായിട്ടില്ല.
നിലവിലെ രോഗബാധ കാലാവസ്ഥയുമായി ബന്ധപ്പെട്ട പതിവ് വർധനവിന്റെ ഭാഗമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ജൂൺ 2-ന് പുറത്തിറക്കിയ പ്രസ്താവനയിൽ സി.ഡി.സി. വ്യക്തമാക്കിയത്, നിലവിൽ വിവിധ സംസ്ഥാനങ്ങളിലെ എല്ലാ കേസുകളെയും ബന്ധിപ്പിക്കുന്ന ഒരൊറ്റ വലിയ രോഗവ്യാപനത്തിന് തെളിവില്ലെന്നാണ്. ചില കേസുകൾ ഇപ്പോഴും അന്വേഷണത്തിലാണെന്നും ചിലതിന് പൊതുവായ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
എന്താണ് സൈക്ലോസ്പോറിയാസിസ്?
മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെ പകരുന്ന പരാന്നഭോജി രോഗമാണ് സൈക്ലോസ്പോറിയാസിസ്. പ്രധാനമായും പഴങ്ങളും പച്ചക്കറികളും വഴിയാണ് രോഗാണു മനുഷ്യശരീരത്തിലെത്തുന്നത്.
പ്രധാന ലക്ഷണങ്ങൾ
ഈ രോഗത്തിന്റെ പ്രധാന ലക്ഷണം കടുത്തതും വെള്ളംപോലെയുള്ളതുമായ ആവർത്തിച്ചുള്ള വയറിളക്കമാണ്. ചിലരിൽ ഇത് അതീവ തീവ്രമായ വയറിളക്കമായി അനുഭവപ്പെടാം.
മറ്റ് ലക്ഷണങ്ങൾ: വിശപ്പില്ലായ്മ, വയർവീക്കം, അമിത വാതം,വയറുവേദനയും വയറുമുറുക്കവും, കടുത്ത ക്ഷീണം, പനി, ഓക്കാനം, ഛർദി.
ജൂൺ 16 വരെയുള്ള സി.ഡി.സി. കണക്കുപ്രകാരം, അമേരിക്കയിൽ തന്നെ ഭക്ഷണം കഴിച്ചതിനെ തുടർന്ന് 17 സംസ്ഥാനങ്ങളിലായി 145 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിന് പുറമെ വിദേശയാത്രയ്ക്കിടെ രോഗബാധിതരായ 45 പേരെയും പ്രത്യേക വിഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയിൽ രോഗം ബാധിച്ച 145 പേരിൽ 20 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗബാധിതരുടെ പ്രായം 5 മുതൽ 86 വയസ്സ് വരെയാണ്. രോഗികളുടെ ശരാശരി പ്രായം 42 വയസാണെന്ന് സി.ഡി.സി. അറിയിച്ചു. അമേരിക്കയിൽ സാധാരണയായി മെയ് മുതൽ ഓഗസ്റ്റ് അവസാനം വരെ സൈക്ലോസ്പോറിയാസിസ് രോഗബാധ ഉയരുന്ന കാലഘട്ടമായാണ് കണക്കാക്കുന്നത്.
മിഷിഗണിൽ സ്ഥിതി ഗുരുതരം
ജൂൺ 22-ന് ആദ്യ കേസ് സ്ഥിരീകരിച്ചതിന് ശേഷം അവിടെ 170-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തതായി ജൂലൈ 1-ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സംസ്ഥാനത്ത് ഏകദേശം 50 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
രോഗം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ
അലാസ്ക, കൊളറാഡോ, കണക്റ്റിക്കട്ട്, ഫ്ലോറിഡ, ജോർജിയ, ഇല്ലിനോയി, ലൂസിയാന, മസാച്യുസെറ്റ്സ്, മിഷിഗൺ, ന്യൂജഴ്‌സി, ന്യൂയോർക്ക്, നോർത്ത് കരോലിന, ഒഹായോ, പെൻസിൽവാനിയ, ടെന്നസി, ടെക്സസ്, വിർജീനിയ, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രോഗം എങ്ങനെ തടയാം?
ആരോഗ്യവിദഗ്ധർ നൽകുന്ന നിർദേശങ്ങൾ:
* പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
* കേടായതോ ചതഞ്ഞതോ ആയ ഭാഗങ്ങൾ നീക്കം ചെയ്യുക.
* മുറിച്ചുവെച്ച പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ സൂക്ഷിക്കുക.
* രോഗബാധയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പെട്ടെന്ന് കടുത്ത വെള്ളംപോലുള്ള വയറിളക്കം അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിച്ച് ചികിത്സ തേടണം.
ടഫ്റ്റ്സ് മെഡിക്കൽ സെന്ററിലെ ക്ലിനിക്കൽ മൈക്രോബയോളജി ഡയറക്ടർ ഡോ. സോയ് വൈസ് പറയുന്നതനുസരിച്ച്, രോഗലക്ഷണങ്ങൾ അവഗണിക്കാതെ സമയബന്ധിതമായി ചികിത്സ തേടുന്നതാണ് ഗുരുതര സങ്കീർണതകൾ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം.
What is Cyclosporiasis? ‘Explosive’ parasitic infection outbreak spreading across US; Check symptoms, treatment, map













