അമേരിക്കയുടെ കുടിയേറ്റക്കാരെ സ്വാഗതം ചെയ്ത പാരമ്പര്യത്തെ പ്രശംസിച്ച് പോപ്പ് ലിയോ; സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് ആഹ്വാനം

വത്തിക്കാൻ സിറ്റി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സന്ദേശത്തിൽ, കുടിയേറ്റക്കാരെ സ്വാഗതം ചെയ്ത അമേരിക്കയുടെ ചരിത്രപരമായ പാരമ്പര്യത്തെ പ്രശംസിച്ച് പോപ്പ് ലിയോ. സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഉൾക്കൊള്ളുന്ന സ്വാതന്ത്ര്യം, ഐക്യം, നീതി, സമാധാനം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രാജ്യം മുന്നോട്ടുപോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഫിലഡൽഫിയയിലെ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വീഡിയോ സന്ദേശത്തിലൂടെയാണ് പോപ്പ് ലിയോ സംസാരിച്ചത്. ചടങ്ങിൽ അദ്ദേഹത്തിന് സ്ഥാപനത്തിന്റെ ലിബർട്ടി മെഡൽ സമ്മാനിച്ചു.

ലോകമെമ്പാടും “അമേരിക്ക” എന്ന പേര് സ്വാതന്ത്ര്യത്തിന്റെ പര്യായമായി മാറാൻ കാരണം, കുടിയേറ്റക്കാരെ രാജ്യം സ്വീകരിച്ച പാരമ്പര്യമാണെന്ന് പോപ്പ് പറഞ്ഞു. അമേരിക്കയുടെ 250-ാം വാർഷികം രാജ്യത്തിന്റെ സ്ഥാപക തത്വങ്ങളെ വീണ്ടും വിലയിരുത്താനുള്ള അവസരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വതന്ത്രരുടെ നാടും ധീരരുടെ ഭവനവും’ എന്ന വിശേഷണം നേടിയെടുത്ത അമേരിക്ക ആ സ്വപ്നത്തോട് എന്നും വിശ്വസ്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പോപ്പ് ലിയോ പറഞ്ഞു.

2025 മെയ് മാസത്തിൽ പോപ്പായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് അദ്ദേഹം അമേരിക്കൻ ജനതയെ ദേശീയതലത്തിൽ അഭിസംബോധന ചെയ്യുന്നത്. നേരത്തെ അമേരിക്കയിലെ ചില പ്രാദേശിക പരിപാടികൾക്കായി വീഡിയോ സന്ദേശങ്ങൾ നൽകിയിരുന്നെങ്കിലും ദേശീയ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ആദ്യ സന്ദേശമാണിത്. പ്രസംഗത്തിൽ കുടിയേറ്റ വിഷയത്തിനും പോപ്പ് പ്രാധാന്യം നൽകി. കുടിയേറ്റക്കാരോട് ക്രൂരമായ സമീപനം സ്വീകരിക്കുന്ന ലോകനേതാക്കളെ ചരിത്രം കുറ്റപ്പെടുത്തുമെന്ന് അദ്ദേഹം കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്തിലെ ഏറ്റവും അപകടകരമായ കുടിയേറ്റ പാതകളിലൊന്നായ ഇറ്റലിയിലെ ലാംപെഡൂസ ദ്വീപ് സന്ദർശിക്കുന്നതിന് മുന്നോടിയായാണ് അന്ന് അദ്ദേഹം ഈ പരാമർശം നടത്തിയത്.

ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ മനുഷ്യജീവനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിയമങ്ങൾ അമേരിക്ക നടപ്പാക്കണമെന്നും പോപ്പ് ആവശ്യപ്പെട്ടു. ഒരു രാജ്യത്തിന്റെ ധാർമിക മഹത്വം ഏറ്റവും ദുർബലരുടെയും മൂല്യം ചോദ്യം ചെയ്യപ്പെടുന്നവരുടെയും ജീവൻ സംരക്ഷിക്കാനുള്ള അതിന്റെ കഴിവിലാണ് പ്രകടമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയോ മറ്റേതെങ്കിലും അമേരിക്കൻ രാഷ്ട്രീയ നേതാവിന്റെയോ പേര് പരാമർശിക്കാതിരുന്ന പോപ്പ്, രാജ്യത്തെ ജനങ്ങൾ ഐക്യത്തോടെ മുന്നോട്ടുപോകണമെന്നും ദീർഘകാല പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്നും ആഹ്വാനം ചെയ്തു.

“ഒരു രാജ്യം പുരോഗതി കൈവരിക്കണമെങ്കിൽ അത് യഥാർഥ ഐക്യത്തിലായിരിക്കണം. ക്ഷണിക ലക്ഷ്യങ്ങളല്ല, കാലം മായ്ക്കാത്ത ആദർശങ്ങളാണ് ആ ഐക്യത്തിന്റെ അടിത്തറയാകേണ്ടത്,” എന്നും പോപ്പ് കൂട്ടിച്ചേർത്തു. ലോകമെമ്പാടും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നൽകുന്ന ബഹുമതിയാണ് നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററിന്റെ ലിബർട്ടി മെഡൽ. മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ്, മുൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ, യുക്രൈൻ പ്രസിഡന്റ് വൊളൊദിമിർ സെലെൻസ്കി, ദലൈലാമ എന്നിവരും മുൻപ് ഈ പുരസ്കാരം നേടിയിട്ടുണ്ട്.

Pope Leo praised the United States’ history of welcoming immigrants in his first major address to ‌his home country on Friday, urging in a video appearance that Americans live up to the ideals in the Declaration of Independence.

More Stories from this section

family-dental
witywide