
ഉത്തരകാശി: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന ടണൽ തകര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ടണലിനുള്ളില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഡ്രില്‍ ഉപയോഗിച്ച് ദ്വാരം ഉണ്ടാക്കി ഇതുവഴി സ്റ്റീല്‍ പൈപ്പ് കടത്തിവിടാനും കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികളെ രക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി ഹരിദ്വാറിൽ നിന്നും സ്റ്റീൽ പൈപ്പുകൾ സംഭവസ്ഥലത്തെത്തിച്ചു.
അതേസമയം, കുടുങ്ങിയവർ സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ആറംഗ സംഘത്തെ നിയോഗിച്ചു.
കുടുങ്ങിക്കിടക്കുന്നവരുമായി ദൗത്യസംഘം തുടർച്ചയായി ആശയ വിനിമയം നടത്തുന്നുണ്ട്. ഭക്ഷണവും വെളളവും നൽകുന്നതും തുടരുന്നു. തുരങ്കം ഇടിഞ്ഞതിനെ തുടർന്നുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തത്ക്കാലം നിർത്തിവച്ചു. 20 മീറ്ററോളം നീക്കിയെങ്കിലും തുടർച്ചയായി മണ്ണിടിഞ്ഞതോടെ ശ്രമം ദുഷ്ക്കരമാവുകയായിരുന്നു. വശങ്ങളിലും മുകളിലും കോണ്ക്രീറ്റ് സ്പ്രേ ചെയ്ത് ബലപ്പെടുത്തിയാണ് ദൗത്യം തുടരുന്നത്.
കേന്ദ്ര സംസ്ഥാന ദുരന്തനിവാരണസേനയുടേയും പൊലീസിന്റെയും നേതൃത്വത്തിൽ ഇരുന്നൂറിലധികം രക്ഷാപ്രവർത്തകരാണ് ദൗത്യം തുടരുന്നത്. തുരങ്ക കവാടത്തിലുണ്ടായ മണ്ണിടിച്ചിലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.