100 മണിക്കൂറുകള്‍ കൂടി; തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ നാല് ദിവസത്തിനകം പുറത്തെത്തിക്കാനാകുമെന്ന് പ്രതീക്ഷ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍ക്കാരയിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ 15 ദിവസമായിട്ടും പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കുത്തനെയുള്ള ഡ്രില്ലിംഗ് പരീക്ഷിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് വിജയകരമായി പുരോഗമിക്കുന്നുവെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. 86 മീറ്ററില്‍ 15 മീറ്റര്‍ ദൂരം ഡ്രില്ലിംഗ് പൂര്‍ത്തിയായി. ഇത് വിജയിച്ചാല്‍ തൊഴിലാളികളെ ബക്കറ്റ് ഉപയോഗിച്ച് പുറത്തെടുക്കും. നാല് ദിവസത്തിനകം 41 തൊഴിലാളികളെയും പുറത്തെത്തിക്കാനാകും എന്നാണ് പ്രതീക്ഷ.

തുരങ്കത്തിലേക്ക് കുത്തനെ 15 മീറ്ററോളം തുരന്നതായും 86 മീറ്റര്‍ കൂടി തുരന്നാല്‍ രക്ഷാദൗത്യം വിജയിക്കുമെന്നും എന്‍എച്ച്‌ഐഡിസിഎല്‍ അധികൃതര്‍ അറിയിച്ചു. മറ്റു പ്രതിസന്ധികളൊന്നും ഉണ്ടായില്ലെങ്കില്‍ 100 മണിക്കൂറിനുള്ളില്‍ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് രക്ഷാദൗത്യസംഘത്തിന്റെ വിലയിരുത്തല്‍. കുത്തനെയുള്ള ഡ്രില്ലിംഗ് പുരോഗമിക്കുമ്പോള്‍ തന്നെ മറ്റ് അഞ്ച് പ്ലാനുകളും ദുരന്തനിവാരണ സേനയുടെ പക്കലുണ്ട്.

തിരശ്ചീനമായുള്ള മാനുവല്‍ ഡ്രില്ലിംഗ്, കുത്തനെയുള്ള ഡ്രില്ലിംഗ്, സൈഡിലൂടെയുള്ള ഡ്രില്ലിംഗ്, ബര്‍കോട്ട് സൈഡില്‍ നിന്നുള്ള കുത്തനെയുള്ള ഡ്രില്ലിംഗ്, ബര്‍ക്കോട്ട് സൈഡ് തകര്‍ക്കല്‍, ഡ്രിഫ്റ്റ് ടെക്‌നോളജി എന്നിങ്ങനെ ആറ് പ്ലാനുകളാണ് ദുരന്തനിവാരണ സേന കരുതിവെച്ചിരിക്കുന്നത്. ഓരോന്നിലും പ്രതിസന്ധികളുണ്ടാകുമ്പോള്‍ അടുത്തത്ത പരീക്ഷിക്കാനാണ് തീരുമാനം. തായ്ലന്‍ഡ്, നോര്‍വെ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരടക്കമാണ് രക്ഷാ പ്രവര്‍ത്തനത്തിനുള്ളത്.

ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഒഡീഷ, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിയത്. ജീവനക്കാര്‍ക്ക് ഓക്സിജനും, ഭക്ഷണവും, വെള്ളവും, മരുന്നുകളും എത്തിച്ച് നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം തൊഴിലാളികളെ പുറത്തെത്തിക്കാന്‍ അടിയന്തര നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന ആരോപണം ശക്തമാകുന്നുണ്ട്. 15 ദിവസമായിട്ടും തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാകാത്ത സാഹചര്യത്തിലാണ് ആരോപണമുയരുന്നത്.

More Stories from this section

family-dental
witywide