
അരിസോണ: അതിര്‍ത്തി പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ പങ്ക് വഹിക്കുന്ന അരിസോണയില്‍ ബൈഡനെ കടന്നാക്രമിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അരിസോണയില്‍ വ്യാഴാഴ്ച നടന്ന ടൗണ്‍ ഹാള്‍ മീറ്റിംഗില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രസിഡന്റ് ജോ ബൈഡന്റെ സമീപകാല എക്സിക്യൂട്ടീവ് നടപടിയെ ഡൊണാള്‍ഡ് ട്രംപ് കാര്യമായി വിമര്‍ശിച്ചു. അഭയം തേടുന്ന കുടിയേറ്റക്കാരെ തടയാന്‍ ലക്ഷ്യമിട്ടുള്ള ബൈഡന്റെ എക്‌സിക്യൂട്ടീവ് നടപടി പിന്‍വലിക്കുമെന്ന ഉറപ്പാണ് ട്രംപ് നല്‍കിയിരിക്കുന്നത്.
ബൈഡന്റെ ഉത്തരവ് അതിര്‍ത്തി സുരക്ഷാ പദ്ധതിയല്ലെന്നായിരുന്നു ട്രംപിന്റെ പ്രധാന പരിഹാസം. ‘അതിര്‍ത്തിയില്‍ അദ്ദേഹത്തിന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്നതിന് ഇത് ഒരു തെളിവാണ്. മാത്രമല്ല ഇത് ശരിക്കും അപകടകരമായ സ്ഥലമാണ്. എന്റെ ഭരണത്തിന്റെ ആദ്യ ദിവസം, ബൈഡന്റെ അതിരുകടന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് ഞാന്‍ റദ്ദാക്കും’ എന്നുമാണ് ട്രംപ് പറഞ്ഞത്.
യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിംഗ് പോയിന്റ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ബൈഡനെ ട്രംപ് കടന്നാക്രമിച്ചത്.















