
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിന് തിരിച്ചടിയായി എ.ബി.സി ചാനലിന് അനുകൂലമായ നിർണ്ണായക വിധിയുമായി വാഷിംഗ്ടൺ ഡി.സി ഫെഡറൽ കോടതി. എ.ബി.സിയുടെ പ്രക്ഷേപണ ലൈസൻസുകൾ നിശ്ചിത സമയത്തിന് വർഷങ്ങൾക്ക് മുമ്പേ പുനഃപരിശോധിക്കാനുള്ള ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ (എഫ്.സി.സി) ഉത്തരവ് യു.എസ് ഡിസ്ട്രിക്ട് ജഡ്ജി ലോറൻ അലിഖാൻ സ്റ്റേ ചെയ്തു.
ട്രംപ് ഭരണകൂടത്തിന് ഇഷ്ടപ്പെടാത്ത പരിപാടികൾ സംപ്രേഷണം ചെയ്തതിനുള്ള പ്രതികാരമായാണ് എഫ്.സി.സി ഈ നടപടി സ്വീകരിച്ചതെന്ന എ.ബി.സിയുടെ വാദം കോടതി അംഗീകരിച്ചു. ഭരണഘടനയുടെ ഒന്നാം ഭേദഗതി ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നും, ഇത്തരം പ്രതികാര നടപടികൾ ചാനലിന് പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാക്കുമെന്നും ജഡ്ജി നിരീക്ഷിച്ചു.
എ.ബി.സിയുടെ ലേറ്റ്-നൈറ്റ് ഷോ അവതാരകൻ ജിമ്മി കിമ്മൽ ട്രംപിനെതിരെ നടത്തിയ തമാശയ്ക്ക് പിന്നാലെ കഴിഞ്ഞ ഏപ്രിലിലാണ് ട്രംപ് അനുകൂലിയായ എഫ്.സി.സി കമ്മീഷണർ ബ്രെൻഡൻ കാർ, എ.ബി.സിയുടെ എട്ട് സ്റ്റേഷനുകളോട് ലൈസൻസ് പുതുക്കാനുള്ള അപേക്ഷകൾ നേരത്തെ സമർപ്പിക്കാൻ ഉത്തരവിട്ടത്. ഇതിനെതിരെ എ.ബി.സിയും മാതൃകമ്പനിയായ വാൾട്ട് ഡിസ്നിയും ഓഗസ്റ്റിൽ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി വിധി അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വലിയ വിജയമാണെന്ന് എ.ബി.സി ന്യൂസ് വക്താവ് പ്രതികരിച്ചു. എന്നാൽ, വിധി വസ്തുതകൾക്കും നിയമത്തിനും നിരക്കുന്നതല്ലെന്നും കേസിൽ പൂർണ്ണ വിജയം നേടാൻ തുടർനടപടികൾ സ്വീകരിക്കുമെന്നും എഫ്.സി.സി വ്യക്തമാക്കി. പൊതുതാൽപ്പര്യം സംരക്ഷിക്കാനാണ് തങ്ങൾ ശ്രമിച്ചതെന്നായിരുന്നു എഫ്.സി.സിയുടെ വാദം
അതേസമയം, ഭാവിയിൽ എഫ്.സി.സിയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കാവുന്ന മറ്റ് ഭീഷണികൾ തടയണമെന്ന എ.ബി.സിയുടെ ആവശ്യം വ്യക്തതയില്ലാത്തതിനാൽ കോടതി തള്ളി. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം പ്രമുഖ മാധ്യമങ്ങൾക്കെതിരെ ഭരണകൂടം നടത്തുന്ന നിയമപോരാട്ടങ്ങളിലെ ഏറ്റവും പുതിയ സംഭവമാണിത്.
US court blocks move to review ABC channel’s license; observes that the action is retaliatory.















