അമിത ഉൽപ്പാദനമെന്ന യുഎസ് വാദം തള്ളി; ഇന്ത്യക്കുപിന്നാലെ ട്രംപിന്റെ തീരുവ വർദ്ധനവിനെതിരെ ശക്തമായി പ്രതിഷേധിച്ച് ചൈനയും സഖ്യകക്ഷികളും

ഹോങ്കോങ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ ഇറക്കുമതി തീരുവ വർദ്ധനവിനെതിരെ കടുത്ത പ്രതിഷേധവുമായി ഇന്ത്യക്കുപിന്നാലെ ചൈനയും ജപ്പാനും ഉൾപ്പെടെയുള്ള പ്രമുഖ വ്യാപാര പങ്കാളികൾ. അമിത ഉൽപ്പാദന ശേഷിയുണ്ടെന്ന അമേരിക്കയുടെ ആരോപണത്തെ ഈ രാജ്യങ്ങൾ ശക്തമായി തള്ളിക്കളഞ്ഞു.

കഴിഞ്ഞ വർഷം ട്രംപ് നടപ്പിലാക്കിയ തീരുവകളിൽ ഭൂരിഭാഗവും ഫെബ്രുവരിയിൽ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയടക്കമുള്ള 14 സമ്പദ്‌വ്യവസ്ഥകൾക്ക് മേലുള്ള തീരുവകൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. അടുത്ത വർഷം ആദ്യം ഇവ നിലവിൽ വരും. ഉൽപ്പാദന മേഖലയിലെ അമിത ശേഷി യുഎസ് വാണിജ്യത്തിന് തിരിച്ചടിയാകുന്നു എന്ന ‘സെക്ഷൻ 301’ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ വ്യക്തമാക്കി.

അമിത ഉൽപ്പാദന ശേഷിയെന്ന വാദം തെറ്റായ മുൻധാരണയാണെന്നും, രാഷ്ട്രീയ നീക്കങ്ങൾക്കുള്ള മറയായി ഇതിനെ ഉപയോഗിക്കരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. സഹകരിച്ചില്ലെങ്കിൽ തീരുവ 40% ആയി ഉയർത്തുമെന്ന ഭീഷണിക്കിടെ, തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകി. അതേസമയം, 2027 ജനുവരി 10-ന് അവസാനിക്കാനിരുന്ന വ്യാപാര സന്ധി ഇരു രാജ്യങ്ങളും രണ്ട് മാസത്തേക്ക് കൂടി നീട്ടുകയും 60 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾക്ക് തീരുവ ഇളവ് നൽകാൻ ധാരണയാവുകയും ചെയ്തിട്ടുണ്ട്.

തങ്ങൾക്ക് വിപണി വിരുദ്ധ നയങ്ങളോ അമിത ഉൽപ്പാദന ശേഷിയോ ഇല്ലെന്ന് വ്യക്തമാക്കിയ ജപ്പാൻ, 15% വരെയുള്ള യുഎസ് നടപടി ഖേദകരമാണെന്നും പ്രതിഷേധം അറിയിച്ചതായും വ്യക്തമാക്കി.

യൂറോപ്യൻ യൂണിയന് 15%വരെയാണ് ട്രംപ് നികുതി പ്രഖ്യപിച്ചത്. എന്നാൽ, യൂറോപ്പ് അമിത ഉൽപ്പാദന ശേഷിയുടെ ഉറവിടമാണെന്ന വാദം 27 രാഷ്ട്രങ്ങളുടെ കൂട്ടായ്മ തള്ളിക്കളഞ്ഞു.

20% വരെ തീരുവ നേരിടുന്ന സിംഗപ്പൂർ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ചു. ആഗോള വിപണിയെ തടസ്സപ്പെടുത്തുന്ന അമിത ശേഷി തങ്ങൾക്കില്ലെന്ന് മലേഷ്യയും വ്യക്തമാക്കി. 35% വരെ തീരുവ നേരിടുന്ന വിയറ്റ്നാം വ്യാപാര കരാറിനായി യുഎസുമായി ചർച്ചകൾ തുടരുകയാണ്. തീരുവ 18% ആയി പരിമിതപ്പെടുത്തിയത് പ്രതീക്ഷിച്ചതിലും അനുകൂലമാണെന്നായിരുന്നു തായ്‌ലൻഡിന്റെ പ്രതികരണം.

ആഗോള സമ്പദ്‌വ്യവസ്ഥയുടെ പകുതിയോളം വരുന്ന 14 രാജ്യങ്ങളെയാണ് പുതിയ തീരുവ ബാധിക്കുന്നത്. ജൂലൈയിൽ പ്രഖ്യാപിച്ച മുൻകാല തീരുവകൾക്ക് പകരമായിട്ടാണ് ഇവ നടപ്പിലാക്കുന്നത് എന്നതിനാൽ പുതിയ നടപടി പുറമെ തോന്നുന്നത്ര ഭയാനകമല്ലെന്ന് ക്യാപിറ്റൽ ഇക്കണോമിക്സിലെ ചീഫ് ഇക്കണോമിസ്റ്റ് സ്റ്റീഫൻ ബ്രൗൺ വിലയിരുത്തുന്നു. എങ്കിലും, ഈ തീരുവകൾ അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനും അടുത്ത വർഷവും പണപ്പെരുപ്പം ഉയർന്നുനിൽക്കുന്നതിനും കാരണമായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

US claim of ‘overproduction’ rejected; following India, China and its allies also strongly protest against Trump’s tariff hikes.

More Stories from this section

family-dental
witywide