മറക്കരുത്, ബാബ്റി എന്നൊരു പള്ളിയുണ്ടായിരുന്നു അയോധ്യയിൽ…

ഇന്ത്യ എന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ളിക്കിന്റെ അടിസ്ഥാന ശിലയായ ജനാധിപത്യം എന്ന ആശയത്തിന് പരുക്കേറ്റ ദിവസമായിരുന്നു 1992 ഡിസംബർ 6. അന്ന് ഉത്തർപ്രദേശിലെ അയോധ്യയിൽ ഏതാണ്ട് 500 വർഷമായി മുസ്ലിം മത വിശ്വാസികൾ പ്രാർഥന നടത്തിക്കൊണ്ടിരുന്ന ബാബ്റി പള്ളി ഹിന്ദു കാർസേവകർ തകർത്തു. നൂറ്റാണ്ടുകളായി കാത്തു വന്നിരുന്ന ഈ രാജ്യത്തിന്റെ ചില ആന്തരിക സാമൂഹിക മൂല്യങ്ങൾക്ക് തകരാർ സംഭവിച്ചു. പിന്നീടങ്ങോട്ട്.. ഇന്ത്യ കണ്ടത് മറ്റ് ചിലതാണ്. ഒരു പ്രത്യേക രാഷ്ട്രീയ ഭാവുകത്വം ഇന്ത്യയിൽ രൂപപ്പെട്ടുവന്നു. അതിൻ്റെ കൊടുമുടിയേറ്റമായിരുന്നു ഇന്ന് അയോധ്യയിൽ കണ്ടത്. ഹിന്ദുത്വ എന്ന തീവ്ര മതദർശനം ഇന്ത്യ എന്ന ജനാധിപത്യ – മതനിരപേക്ഷ രാജ്യത്തിന്റെ കേന്ദ്രബിന്ദുവായതിൻ്റെ വിജയാരവമാണ് ഇന്ന് വടക്കേ ഇന്ത്യ മുഴുവൻ ഉയർന്നത്. ജനാധിപത്യം , മതേതരത്വം തുടങ്ങിയ വാക്കുകളെ പ്രത്യാശയോടെ നോക്കുന്ന ഒരുപാട് ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഭീതിയും സങ്കടവും നിറഞ്ഞ ദിനം കൂടിയാണ് ഇന്ന്. ഹിന്ദുക്കളല്ലാത്ത എല്ലാവരും ഭയപ്പെടുക തന്നെ വേണം, ഇത് ഹിന്ദുക്കളുടെ രാജ്യമാണ് എന്നു പറഞ്ഞു വയ്ക്കുന്ന ഹിംസാത്മകമായ ഒരാക്രോശം പോലെ അയോധ്യ മാറിയോ?

റാം എന്നത് ഹിന്ദു വിശ്വാസികൾ പ്രത്യേകിച്ച് വടക്കേ ഇന്ത്യക്കാർ ദൈവം എന്നതിനു പകരം ഉപയോഗിക്കുന്ന വാക്കാണ്. മര്യാദ പുരുഷോത്തമനായ ആ രാമൻ എല്ലാ ഇന്ത്യക്കാരുടേയും മനസ്സിലുണ്ട്. ആ രാമൻ്റെ രാജ്യമല്ല ഇന്ന് ഇന്ത്യ എന്ന് എല്ലാവർക്കും അറിയാം. രാമൻ്റെ ജന്മ സ്ഥലത്ത് അദ്ദേഹത്തിനായി ഒരു ക്ഷേത്രം പണിയുന്നത് വളരെ നല്ലത്. അത് വിശ്വാസികളെ സന്തോഷിപ്പിക്കും. എന്നാൽ രാമൻ ജനിച്ചു വീണത് ബാബ്റി മസ്ജിൻ്റെ ഒരു മകുടത്തിന്റെ ചുവട്ടിൽ തന്നെയാണ് എന്ന ഒരു ചരിത്രത്തിന്റേയും പിൻബലമില്ലാതെ, ചിലർ പറഞ്ഞ കഥയെ ആധാരമാക്കി, പള്ളി തകർക്കുക അവിടെ ഒരു ക്ഷേത്രം പണിയുക. അത് നീതിബോധമുള്ള ആരെയും സന്തോഷിപ്പിക്കില്ല. എന്തിന് മര്യാദ പുരുഷോത്തമനായ രാമൻ സന്തോഷിക്കുമോ ?.

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിധിയായിരുന്നു 2019ലെ ബാബരി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം നിര്‍മിക്കാനിടയാക്കിയ വിധി. അതൊരു ന്യായവിധി എന്നതിന് അപ്പുറം ഒരു സെറ്റിൽമെൻ്റായിരുന്നു എന്നു കരുതുന്ന നിയമവിദഗ്ധർ ഏറെയാണ്. ബാബരി പള്ളി നിർമിച്ചത് ഒരു ക്ഷേത്രം പൊളിച്ചാണോ എന്ന് തെളിവില്ല, ബാബരി പള്ളി പൊളിച്ചത് ക്രിമിനൽ കുറ്റമാണ്, പക്ഷേ പള്ളി പൊളിച്ചിടത്ത് ക്ഷേത്രം നിർമിക്കണം ഇതായിരുന്നു വിധിയുടെ സാരം. അയോധ്യയിൽ തന്നെ മസ്ജിദും പണിയണം എന്നും കോടതി പറഞ്ഞു.

വിധിവന്നത് 2019 ല്‍ ആയിരുന്നുവെങ്കിലും ബാബരി മസ്ജിദുമായ ബന്ധപ്പെട്ട് ഉയര്‍ത്തിക്കൊണ്ടുവന്ന തര്‍ക്കം ജനാധിപത്യ മതേതര ഇന്ത്യയെ സമ്പൂര്‍ണമായി പരിവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള രാഷ്ട്രീയമായി നേരത്തെ തന്നെ ശക്തിപ്രാപിച്ചിരുന്നു.

1992 നിന്ന് 2024 ലേക്കു എത്തുമ്പോൾ വിരളിലെണ്ണാവുന്ന രാഷ്ട്രീയപാർട്ടികളൊഴികെ മറ്റെല്ലാവരും രാമക്ഷേത്ര നിർമിതിയെ അംഗീകരിച്ചിരിക്കുന്നു. കോൺഗ്രസ് ഇന്ന് ചടങ്ങിൽ പങ്കെടുക്കാത്തത് പള്ളി പൊളിച്ചതിനോട് വിയോജിപ്പുണ്ടായതിനാലല്ല, ബിജെപി പരിപാടിയായതിനാലാണ്. അതായത് ഹിന്ദത്വ രാഷ്ട്രീയത്തെ മനസ്സാ അംഗീകരിച്ചു അവരെല്ലാം. പള്ളിപൊളിച്ച് ക്ഷേത്രം പണിതത് തെറ്റായിപ്പോയി എന്ന് ആരു പറഞ്ഞാലും അതൊരു കുറ്റമായി സമൂഹം കണക്കാക്കാൻ തുടങ്ങി

ഇന്ത്യ തിരിച്ചറിയാന്‍ കഴിയാത്തവിധം മാറിയിരിക്കുന്നു. എല്ലായിടത്തും ആ മാറ്റം കാണാം. പത്രം തുറന്നാൻ, ടിവിയിൽ, സിനിമകളിൽ, സോഷ്യൽ മീഡിയയിൽ, നാലാളുകൂടുന്ന എല്ലായിടത്തും ആ മാറ്റം- ജനാധിപത്യത്തിൽ നിന്ന് മതാത്മക ഏകാധിപത്യത്തിലേക്കുള്ള മാറ്റം ഒരു ഭീകരജീവിയെ പോലെ കാത്തിരിക്കുന്നു. ബോധപൂർവമായ കള്ളങ്ങൾ പ്രചരിപ്പിച്ച് സാധാരണക്കാരുടെ മനസ്സുകളെ തെറ്റിധരിപ്പിക്കുന്ന, കൂടുതൽ മലീമസമാക്കുന്ന, സന്ധി ചെയ്യേണ്ടവരോട് സന്ധി ചെയ്യുന്ന , കൊടും കള്ളങ്ങൾ പരമ സത്യങ്ങളാക്കുന്ന ,ഇല്ലാത്ത ഒരു സദ്ഭരണത്തെ പാടിപ്പുകഴ്ത്തി മഹത്തരമാക്കുന്ന വല്ലാത്തൊരു കാലം.

ദേശീയപ്രസ്ഥാനവും നവോത്ഥാന പ്രസ്ഥാനങ്ങളുമൊക്കെ ഒരുപാട് വർഷങ്ങളെടുത്തു പടുത്തുയർത്തിയ മൂല്യങ്ങളെയെല്ലാം അതിവേഗം തവിടുപൊടിയാക്കിയ ഏതാനും വർഷങ്ങൾ. അത് ഇന്ത്യയുടെ മതേതര ഭൂപടത്തെ വലിച്ചു കീറി. സാംസ്കാരിക പരിസരത്തെ ഭയംകൊണ്ട് നിറച്ചു. അതിനെ ശരിവയ്ക്കുന്ന എത്ര ഉദാഹരണം വേണമെങ്കിലും ഇന്നത്തെ ഇന്ത്യയിൽ കണ്ടെത്താം. അയോധ്യയിലെ ക്ഷേത്രവും അതിന്റെ ഗരിമയും പകിട്ടും എത്ര വലുതാണെങ്കിലും അതിനു വേണ്ടി നടന്ന പ്രചാരണവും ഒരുക്കങ്ങളും എത്ര വിശാലമാണെങ്കിലും ബാബ്റി മസ്ജിദ് എന്ന പള്ളി ഒരിക്കലും നാമാവശേഷമാകുന്നില്ല, ഇന്ത്യയെ സ്നേഹിച്ച ഒരാളും അതിനെ മറക്കില്ല..