അ+ധിക്കാരമല്ല അധികാരം!

‘അധികാരത്തെ ഏറ്റവും വിവേകപൂർവ്വം വിനിയോഗിക്കാൻ കഴിയുന്നയാളായിരിക്കണം ഒരു നേതാവ്’ എന്നു പറഞ്ഞത് ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന പ്രസിഡൻ്റായിരുന്ന വിൻസ്റ്റൺ ചർച്ചിലാണ്.
അധികാരമെന്നത്, ആർഭാടങ്ങളുടെയും അഹങ്കാരങ്ങളുടെയും അപ്രമാദിത്വങ്ങളുടെയും ആടയാഭരണങ്ങൾ അണിഞ്ഞ് വിലസുന്ന ഈ കാലത്ത് വിൻസ്റ്റൺ ചർച്ചിൽ സൂചിപ്പിച്ച ‘വിവേകം ‘ എന്ന വാക്ക് എത്ര മാത്രം പ്രാധാന്യമുള്ളതാണെന്ന് നമുക്ക് മനസ്സിലാകും.
മറ്റൊന്നു ജനാധിപത്യ സമ്പ്രദായത്തിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിക്ക്, തനിക്ക് ഭരണഘടന നല്കിയിരിക്കുന്ന അധികാര വിസ്തൃതിയെക്കുറിച്ചുള്ള അജ്ഞതയാണ്.ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഒരു മുഖ്യമന്ത്രിക്ക് തൻ്റെ സംസ്ഥാനത്തിലെ ഒരു പൗരൻ്റെ തുച്ഛമായൊരു വീട്ടുകരം പോലും നേരിട്ടു വാങ്ങാനുള്ള അധികാരമില്ലെന്നുള്ളതാണ് സത്യം .അതിനായ് ഭരണവ്യവസ്ഥ ചുമതലപ്പെടുത്തിയ ഒരു ഗുമസ്തന് മാത്രമേ അധികാരമുള്ളു. അധികാരഘടനയിൽ ഏറ്റവും താഴേതട്ടിലുള്ള പ്രസ്തുത ഗുമസ്ഥൻ്റെ അധികാര പരിധിയാകട്ടെ ആ ‘കരം ‘വാങ്ങി രശീത് നല്കുന്നതിലേക്ക് മാത്രമായി നിജപ്പെടുത്തിയുമിരിക്കുന്നു. അല്ലാതെ അത് ബലപ്രയോഗത്തിലൂടെയോ ഭീഷണിയിലൂടെയോ വാങ്ങുന്നതിന് അയാൾക്ക് അധികാരമില്ലെന്ന് കൂടി നമുക്കറിയാമല്ലോ….

ഈ അവസരത്തിലാണ് ഒരു നഗരത്തിന്റെ ആരാധ്യയായ മേയർ ഒരു ട്രാൻസ്പോർട്ട് ബസ് യാത്രാമദ്ധ്യേ തടഞ്ഞ് നിർത്തുന്നതും ഒരു എം.എൽ.എ ബസ്സിനുള്ളിൽ കയറി യാത്രക്കാരെ രാത്രിയിൽ നടുറോഡിലേക്ക് ഇറക്കിവിടുകയും ചെയ്ത സംഭവങ്ങൾക്ക് നാം നിശബ്ദ സാക്ഷികളാകുന്നത്. ഇവർക്കാരാണ് അധികാരത്തിൻ്റെ ബാലപാഠങ്ങൾ പറഞ്ഞ് കൊടുക്കുക?

കെ.എസ്.ആര്‍.ടി.സി വാഹനം ഓടിച്ച യദു എന്ന ഡ്രൈവറിനെ ന്യായീകരിക്കുന്നവരും അതല്ല, ഡ്രൈവറെ ചോദ്യം ചെയ്ത ആര്യ രാജേന്ദ്രനെ പ്രകീര്‍ത്തിക്കുന്നവരുമൊക്കെയുണ്ട്. പലരും സോഷ്യല്‍ മീഡിയയില്‍ നീണ്ട കാവ്യങ്ങള്‍ രചിക്കുന്നുണ്ട്. ഡ്രൈവര്‍ തെറ്റുകാരന്‍ തന്നെയാകാം. പക്ഷെ, യാത്രക്കാരെ തെരുവില്‍ ഇറക്കിവിട്ട മേയറും ഭര്‍ത്താവായ എംഎല്‍.എയും നടുറോഡില്‍ കാണിച്ചത് ശരിയാണെന്ന് എങ്ങനെ സമ്മതിക്കാനാകും. മേയറും എംഎല്‍എയും ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തവരാണ്. കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെങ്കില്‍ അത് നിയമപരമായി ചോദ്യം ചെയ്യാനുള്ള മാന്യതയും പക്വതയും ആര്യ രാജേന്ദ്രനും ഭര്‍ത്താവായ എംഎല്‍.എയും കാട്ടണമായിരുന്നു. അതിന് പകരം കെ.എസ്.ആര്‍.ടി.സി ബസിന് കുറുകെ കാര്‍ കൊണ്ട് നിര്‍ത്തി സിനിമകളിലൊക്കെ കാണുന്നതുപോലെ ഡ്രൈവറെ പോരിന് വിളിക്കുകയാണ്. ഒരുപാട് മനുഷ്യര്‍ ഈ രാജ്യത്തിന് വേണ്ടി ചോരയും നീരും കണ്ണീരുമൊക്കെ വീഴ്ത്തിയതുകൊണ്ടാണ് സ്വാതന്ത്ര്യവും സോഷ്യലിസവുമൊക്കെ നമുക്കിന്ന് പറയാന്‍ സാധിക്കുന്നത്. അത് മറക്കരുത്.

കോട്ടയം KSRTC ബസ്റ്റാൻഡിൽ റിസർവേഷൻ കൂപ്പൺ വാങ്ങാനായ് ക്യൂവിൽ നിൽക്കുന്ന മുഖ്യമന്ത്രിയായിരുന്ന പി.കെ വാസുദേവൻ നായരെ പൊതുപ്രവർത്തകനായ ഡിജോ കാപ്പൻ ഓർക്കുന്നുണ്ട്. അപ്പോഴദ്ദേഹം മുഖ്യമന്ത്രിയായിരുന്നില്ല. അദ്ദേഹത്തെ തിരിച്ചറിഞ്ഞ വിദ്യാർത്ഥിയായ ഡിജോ ഒരു കൂപ്പൺ വാങ്ങി നല്കി. അത് വിനയപൂർവ്വം സ്വീകരിച്ച് കൊണ്ട് പി.കെ.വി പറഞ്ഞു: ”എടോ, ഈ മുൻ മുഖ്യമന്ത്രിയെന്ന് പറഞ്ഞാൽ അത്ര വലിയ പദവിയൊന്നുമല്ല “

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടറെ കാണാനുള്ള ക്യൂവിൽ നിൽക്കുന്ന EMS നെയും ഭാര്യ ആര്യാ അന്തർജ്ജനത്തേയും പലരും കണ്ടിട്ടുണ്ട്. ഭാര്യ തൻ്റെ വാഹനവുമായി യാത്ര ചെയ്തപ്പോൾ പോലീസ് ‘പെറ്റി’ അടിച്ചതും ആ വിവരമറിഞ്ഞപ്പോൾ യാതൊരു അഹംഭാവവുമില്ലാതെ ‘ഫൈൻ’ അടച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേക്കുറിച്ചും മലയാളി കേട്ടിട്ടുണ്ട്. അല്ലാതെ ‘പെറ്റി’ അടിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാനായിരുന്നില്ല ഉത്തരവ്!

ഇതൊക്കെ അധികാരം കൈയ്യാളിയവർ നമുക്ക് കാണിച്ച് തന്ന ലാളിത്യത്തിൻ്റേയും നിയമത്തോടുള്ള വിധേയത്വത്തിൻ്റേയും ചില സൂചനകളാണ്.ഈ സൂചനകളും ഇവരുടെ ജീവിതങ്ങളും പൊതു പ്രവർത്തകർക്കും ജനപ്രതിനിധികൾക്കുമുള്ള പാഠ പുസ്തകങ്ങളാകണം. അധികാരമെന്നത്, ആജ്ഞാപിക്കാനുള്ളതല്ല അനുരഞ്ജനപ്പെടാനുള്ള ‘അഹംബോധ’മാണെന്ന് ഇവർ മനസ്സിലാക്കുകയും വേണം .
ആ മനസ്സിലാക്കലാണ് grace of power എന്നു പറയുന്ന അധികാരത്തിൻ്റെ ലാളിത്യം!

ചീഫ് എഡിറ്റര്‍
ബിജു കിഴക്കേക്കൂറ്റ്

NRI Reporter Editorial