ജനാധിപത്യത്തില്‍ ജനങ്ങളാണ് രാജാക്കന്മാര്‍..!

ഏകദേശം BC 508  മുതൽ, പുരാതന ഗ്രീസ് ജനാധിപത്യത്തിന്റെ ആദ്യകാല രൂപം നടപ്പിലാക്കിയതായി കരുതപ്പെടുന്നു. ആദ്യത്തെ ജനങ്ങളാലുള്ള തിരഞ്ഞെടുപ്പ് നടന്നതും ഗ്രീസിൽ തന്നെയാണ്. എന്നാൽ അന്ന്
ഗ്രീക്കുകാർക്കിടയിൽ ഒരു “നെഗറ്റീവ്” തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നു – അതായത്, ഓരോ വർഷവും  ഭൂവുടമകളായ പുരുഷ വോട്ടർമാരോട് അടുത്ത പത്ത് വർഷത്തേക്ക് അവർ നാടുകടത്താൻ ആഗ്രഹിക്കുന്ന  ഒരു രാഷ്ട്രീയ നേതാവിനോ അല്ലെങ്കിൽ സ്ഥാനാർത്ഥികൾക്കോ വോട്ട് ചെയ്യാൻ ആവശ്യപ്പെടുമായി രുന്നു. അവർ തിരഞ്ഞെടുക്കുന്നവർ ( ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്നവർ) ആ ഗ്രാമം വിട്ടു പോകണം എന്നതായിരുന്നു നിയമം. 

അവർക്ക് ആ ഗ്രാമത്തെ ഭരിക്കാനോ നയിക്കാനോ പത്തു വർഷത്തേക്ക് അവകാശമില്ല! അന്ന് ഉടഞ്ഞ മൺകലങ്ങളുടെ ഭാഗങ്ങളായിരുന്നു ‘ബാലറ്റ് ‘. അതിലായിരുന്നത്രെ ആളുകൾ പേരുകൾ എഴുതിയിരുന്നത്.കാലമെത്ര കഴിഞ്ഞു. പേപ്പർ ബാലറ്റും കടന്ന് നാം EVM (Electronic voting machine) ൽ എത്തി നില്‍ക്കുന്നു. 

കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം ഒരുദിശയിലേക്ക് മാത്രം ഒഴുകുന്നതാണ് നമ്മളെല്ലാവരും കണ്ടത്. ഇത്തവണയും ഇതിനൊന്നും ഒരുമാറ്റവും ഉണ്ടാകില്ലെന്നായിരുന്നു ജൂണ്‍ 3ന് അര്‍ദ്ധരാത്രി വരെ എല്ലാവരും വാദിച്ചത്, അവകാശപ്പെട്ടത്, പ്രവചിച്ചത്. പക്ഷെ. 2024 ജൂണ്‍ 4 മുതല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ജനാധിപത്യം ഇനിയും മരിച്ചിട്ടില്ല എന്ന ആത്മവിശ്വാസം ജനങ്ങള്‍ക്ക് നല്‍കിയ ഒരു തെരഞ്ഞെടുപ്പാണ് ഇന്ത്യയില്‍ പൂര്‍ത്തിയായത്. 

വെയിലത്തും മഴയത്തും കാത്തുനിന്നും തളർന്നിരുന്നും, ചൂണ്ട് വിരലിൽ മഷി പുരട്ടുന്ന സാധാരണക്കാരൻ തന്നെയാണ് ജനാധിപത്യത്തിലെ രാജാവെന്ന് ഒരിക്കൽ കൂടി ഉച്ചത്തിൽ വിളിച്ചു പറഞ്ഞ ഒരു തെരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പ് കാലത്ത്
ദൈവങ്ങളുടെ പേരിൽ മനുഷ്യനെ ഭിന്നിപ്പിച്ചവർ ഒരു കാര്യം മറന്നു പോയി. ദൈവങ്ങൾക്ക് ഇന്ത്യൻ ജനാധിപത്യത്തിൽ  വോട്ടില്ലെന്നുള്ളത്!. അല്ലെങ്കിൽ തന്നെ ഏതു ദൈവമാണ് മഴയും വെയിലും കൊണ്ട് ക്ഷീണിച്ച് തളർന്ന്  വോട്ടു ചെയ്യാൻ ക്യൂ നില്ക്കുക?

അധികാര ദല്ലാൾമാരും മാധ്യമ ഭീകരൻമാരും മനുഷ്യദൈവങ്ങളുമൊക്കെ സാധാരണക്കാരനെ പല രീതിയിൽ മോഹിപ്പിക്കാനും പീഡിപ്പിക്കാനും ശ്രമിച്ചുവെങ്കിലും അവന്റെ മനസ്സിന്റെ പ്രതിഷേധം സിംഹാസനങ്ങളെ കടപുഴക്കുക തന്നെ ചെയ്തു. അധികാരത്തിന്റെ രാജ ചിഹ്നങ്ങൾക്കപ്പുറത്ത് ‘രാജാവ് നഗ്നനാ’ണെന്ന് അവൻ നിസ്സങ്കോചം വിളിച്ചുപറഞ്ഞു.  സൗജന്യ റേഷനല്ല, അദ്ധ്വാനിച്ച് തന്റെ അന്നം കണ്ടെത്താനുള്ള തൊഴിലിടങ്ങളാണ് തനിക്ക് വേണ്ടതെന്ന് സാധാരണക്കാരായ ജനം പ്രഖ്യാപിച്ചു. 

വർഗ്ഗസമര നായകർ വിസ്മയ ഗോപുരങ്ങൾക്കുള്ളിൽ സുഖലോലുപരായി പാർക്കുന്നതിനെതിരേയുള്ള അവന്റെ പ്രതിഷേധമായിരുന്നു അത്. തനിക്കൊപ്പം നടക്കുന്നവനും തനിക്കൊപ്പം ഭക്ഷിക്കുന്നവനുമാകണം തന്നെ ഭരിക്കേണ്ടതെന്ന് അവൻ തീർച്ചപ്പെടുത്തി. ഇതൊരടയാളമാണ്, വരും കാലങ്ങളിൽ ശിക്ഷ ഇതിനേക്കാൾ കനത്തതായിരിക്കുമെന്നുള്ള മുന്നറിയിപ്പ്!

ഇനിയും ഈ മുന്നറിയിപ്പിനെ പരിഹസിച്ചു തള്ളുന്നവർ നാളെ കാലത്തിന്റെ ചവറ്റുകുട്ടയിലേക്കെറിയപ്പെടും. കാരണം ജനാധിപത്യത്തിൽ ജനങ്ങൾ തന്നെയാണ് രാജാക്കന്മാർ !

      ബിജു കിഴക്കേക്കുറ്റ്
     (ചീഫ് എഡിറ്റർ )

Editorial on Indian election