മോദി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയായി കെജ്രിവാളിന്റെ ഇടക്കാല ജാമ്യം

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ തീര്‍ത്തും അസാധാരണമായ നടപടിയായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി നല്‍കിയ ഇടക്കാല ജാമ്യം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്താന്‍ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ അരവിന്ദ് കെജ്രിവാളിന് അവകാശമുണ്ട് എന്നതായിരുന്നു ഇന്ത്യന്‍ സുപ്രീംകോടതിയുടെ നിലപാട്. ഭരണഘടനപരമായും നിയമപരമായും ഉള്ള ചട്ടക്കൂടിന് അകത്ത് മാത്രമല്ല, അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ തീരുമാനങ്ങള്‍ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ച് കോടതികള്‍ക്ക് എടുക്കാം എന്ന സന്ദേശം കൂടിയാണ് സുപ്രീംകോടതി നല്‍കിയത്.

ദില്ലിയില്‍ നടപ്പാക്കിയ പുതിയ മദ്യനയത്തില്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 2024 മാര്‍ച്ച് 21ന് സംസ്ഥാന മുഖ്യമന്ത്രിയും ആംആദ്മി പാര്‍ടി ദേശീയ കൗണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. 2022ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നര വര്‍ഷത്തിന് ശേഷമായിരുന്നു പൊടുന്നനെ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. അതും ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ. അരവിന്ദ് കെജ്രിവാള്‍ നേതൃത്വം നല്‍കുന്ന ആംആദ്മി പാര്‍ടിക്ക് ദില്ലിയിലെ മദ്യനയ ഇടപാടിലൂടെ 100 കോടി രൂപയുടെ കിക്ക്ബാക്ക് ലഭിച്ചു എന്നതായിരുന്നു കേന്ദ്ര അന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടിയത്. അരവിന്ദ് കെജ്രിവാള്‍ ഗോവയില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് പോയപ്പോള്‍ 7 സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചതൊക്കെ ഇങ്ങനെ കിട്ടിയ പണം കൊണ്ടായിരുന്നു എന്നും അന്വേഷണ ഏജന്‍സി സുപ്രീംകോടതിയില്‍ വാദിച്ചു. അവിടെ കേട്ടു, ഇവിടെ കേട്ടു എന്നതല്ലാതെ യഥാര്‍ത്ഥത്തില്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ പറ്റുന്ന നേരിട്ടുള്ള തെളിവുകള്‍ ഇതുവരെ നടന്ന കോടതി നടപടികളില്‍ ഒരിടത്തും കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കെജ്രിവാളിനെതിരെ മുന്നോട്ടുവെക്കാന്‍ സാധിച്ചിട്ടില്ല. ഇതുതന്നെയാണ് അരവിന്ദ് കെജ്രിവാളിനെ തെരഞ്ഞെടുപ്പ് കാലത്ത് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നത്.

ദില്ലി മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ്. ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക കൊണ്ടുവന്ന പ്രമേയം അംഗീകരിച്ച് ആഗോള സാമ്പത്തിക തീവ്രവാദത്തെ ചെറുക്കാന്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയമമാണ് ഇത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിനെ കൂടുതല്‍ കടുപ്പിച്ച് ഭേദഗതികള്‍ കൊണ്ടുവന്നു. ഈ കേസില്‍ അറസ്റ്റിലാകുന്നവര്‍ക്ക് അന്വേഷണ ഏജന്‍സിയുടെ അനുമതിയില്ലാതെ ജാമ്യം പോലും കിട്ടില്ല. അതാണ് ഈ നിയമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അത്തരം ഒരു നിയമത്തിന്റെ പശ്ചാതലമുണ്ടായിട്ടും ജനാധിപത്യ പ്രകൃയയിലെ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പ് കാലത്ത് ഒരു മുഖ്യമന്ത്രിയെ ജയിലില്‍ തളച്ചിടുന്നത് ശരിയല്ല എന്ന് സുപ്രീംകോടതി തീരുമാനിച്ചത് നീതിന്യായവ്യവസ്ഥയിലെ പുതിയ ചരിത്രം തന്നെയാണ്. അരവിന്ദ് കെജ്രിവാള്‍ കുറ്റക്കാരനാണെങ്കില്‍ അദ്ദേഹത്തിന് ശക്തമായ ശിക്ഷ നല്‍കുക തന്നെ വേണം. പക്ഷെ, അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും അതിന് ശേഷം അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങളും പരിശോധിച്ചാല്‍ എല്ലാം ആരുടേയോ സമ്മര്‍ദ്ദത്തിന് വേണ്ടി ചെയ്യുന്ന പ്രവൃത്തികളാണെന്ന് ഏത് സാധാരണക്കാരനും തോന്നിപ്പോകും. അവിടെയാണ് സുപ്രീംകോടതി തീരുമാനം അന്വേഷണ ഏജന്‍സികളെ നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിന് കനത്ത പ്രഹരമാകുന്നത്.

തെരഞ്ഞെടുപ്പുകളില്‍ ജയപരാജയങ്ങള്‍ സംഭവിക്കാം, ആവര്‍ത്തിക്കാം. അടിയന്തിരാവസ്ഥക്ക് ശേഷം ഇന്ത്യയുടെ ഉരുക്ക് വനിത എന്നറിയപ്പെടുന്ന ഇന്ദിരാഗാന്ധി പോലും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റിട്ടുണ്ട്. പിന്നീട് ശക്തമായി അവര്‍ തിരിച്ചുവന്നതും ജനാധിപത്യത്തിന്റെ കരുത്തിലൂടെ തന്നെയാണ്. ജനാധിപത്യ സംവിധാനം കാര്യക്ഷമമാകണമെങ്കില്‍ ശക്തമായ വിമര്‍ശനവും പ്രതിരോധങ്ങളും അനിവാര്യമാണ്. അതാണ് പ്രതിപക്ഷ പാര്‍ടികള്‍ നിര്‍വ്വഹിക്കുന്നത്. പക്ഷെ, കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയില്‍ കാണുന്നത് പ്രതിപക്ഷ പാര്‍ടികളെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണകൂടത്തെയാണ്. ഇന്ത്യയിലെ ഏതാണ്ട് എല്ലാ പ്രതിപക്ഷ നേതാക്കളും ഇപ്പോള്‍ സിബിഐ കേസിലോ ഇ.ഡി കേസിലോ പ്രതികളാണ്. ഏറ്റവും രസകരമായ കാര്യം മറ്റൊന്നാണ്. ഇത്തരം കേസുകള്‍ നേരിടുന്ന പ്രതിപക്ഷത്തെ നേതാക്കളില്‍ ചിലര്‍ കഴിഞ്ഞ‌ കുറച്ച് മാസങ്ങള്‍ക്കിടെ ബിജെപിയില്‍ ചേര്‍ന്നതിന് എല്ലാവരും സാക്ഷികളാണ്. അവര്‍ക്കെതിരെയുള്ള കേസുകളും അതോടെ തീര്‍ന്നു. ഏതായാലും അത്തരം നീക്കങ്ങള്‍ക്കൊക്കെ അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം ശക്തമായ സന്ദേശം തന്നെ നല്‍കുന്നു. 

സ്പീക്കറുടെ അഭാവത്തില്‍ ലോക്സഭ നിയമന്ത്രിക്കേണ്ട ഡെപ്യുട്ടി സ്പീക്കറെ പ്രതിപക്ഷ നിരയില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എടുത്ത തീരുമാനം ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ മറക്കാനാകാത്ത അടയാളമാണ്. അന്ന് 1956 മാര്‍ച്ചില്‍ അകാലിദളിന്റെ നേതാവായിരുന്ന സര്‍ദാര്‍ ഹുക്കംസിംഗിനെ ലോക്സഭാ ഡെപ്യുട്ടി സ്പീക്കറായി ഏകകണ്ഠേന തെരഞ്ഞെടുത്തു. നരസിംഹാറാവു പ്രധാനമന്ത്രിയായിരിക്കെ ജനീവയിൽ നടന്ന നിര്‍ണായക ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന എ.ബി.വാജ്പേയിയായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് വിമര്‍ശകരെയെല്ലാം ജയിലിലടച്ച ഇന്ദിരാഗാന്ധിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നതും മറ്റൊരു ചരിത്രം. അധികാരത്തില്‍ ഇരിക്കുമ്പോള്‍ ആരൊക്കെ അത് ദുരുപയോഗം ചെയ്തിട്ടുണ്ടോ അവര്‍ക്ക് മോശം ദിനങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ന് ബിജെപി അത് ചെയ്യുന്നുവെങ്കില്‍ ബിജെപിയെ കാത്തിരിക്കുന്നതും മോശം ദിനങ്ങള്‍ തന്നെയായിരിക്കും. 

ബിജു കിഴക്കേക്കുറ്റ്

ചീഫ് എഡിറ്റര്‍

NRI Reporter Editorial on Indian Democracy