തെറ്റുതിരുത്തണം, സാധാരണക്കാരെ മനസ്സിലാക്കണം, ഇടതുപക്ഷം ഹൃദയപക്ഷമാകാൻ പരിശ്രമിക്കണം

ഇടതുപക്ഷം എന്നത് എല്ലായിപ്പോഴും സാമൂഹിക-സാമ്പത്തിക-വ്യക്തി ബന്ധങ്ങളെ സമഭാവനയോടെ കൈകാര്യം ചെയ്യുന്നു എന്നതിനാലും, അത് വർഗ്ഗ- മത-ജാതി ചിന്തകൾക്കപ്പുറത്തേക്ക് മനുഷ്യ നന്മയെ പ്രഘോഷിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടുമാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്രു താൻ ഒരു സോഷ്യലിസ്റ്റ്  കൂടിയാണെന്ന് ശങ്കയില്ലാതെ പ്രസ്താവിച്ചത്. അദ്ദേഹത്തിന്റെ സോഷ്യലിസം രക്തരൂക്ഷിതമായ വിപ്ളവ ചിന്തകൾക്ക് അപ്പുറത്തുള്ളതായിരുന്നു.
സോഷ്യലിസ്റ്റ് ആദർശങ്ങളോടും അതിന്റെ നേതാക്കന്മാരോടും സൈദ്ധാന്തിക പക്ഷത്തുനിന്നൊരു ബഹുമാനം ജീവിതാവസാനം വരെ
അദ്ദേഹം കാത്തു സൂക്ഷിക്കുകയും ചെയ്തു. 

ഇന്ത്യൻ ഇടതുപക്ഷത്തിന് നെടുനായകത്വം വഹിക്കുന്ന CPI(M) 1996 ൽ എടുത്ത ‘ചരിത്രപരമായ വിഡ്ഢിത്ത’ത്തിലൂടെ ആദരണീയനായ സഖാവ് ജ്യോതി ബാസുവിന് ഇന്ത്യയുടെ പ്രധാനമന്ത്രി പദം നഷ്ടമായി. എങ്കിലും കുറച്ചു കാലം കൂടി CPI (M) ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്നു.എന്നാൽ മൂന്ന് പതിറ്റാണ്ടുകാലത്തെ ഭരണത്തിന് ശേഷം പശ്ചിമ ബംഗാളിൽ പാർട്ടി തകർന്നു വീണപ്പോൾ മുതൽ CPI (M) രാഷ്ട്രീയ പരിഹാസത്തിന് പാത്രമാകാൻ തുടങ്ങി.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷം അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തും ഒരു ന്യൂനപക്ഷ മെങ്കിലും അതിനോട് പുലർത്തുന്ന ആഭിമുഖ്യത്തിനടിസ്ഥാനം, ആ പ്രസ്ഥാനം പൊതുമണ്ഡലത്തിൽ സ്വീകരിക്കുന്ന മതാതീതവും ജാതി ചിഹ്നങ്ങൾക്കതീതവുമായ മാനുഷിക_ സാംസ്ക്കാരിക നിലപാടുകളാണ്. ഇന്നും ഇടതുപക്ഷമെന്നത് നിസ്വജനതയുടെ പ്രത്യാശയായി കാണപ്പെടുന്നതും മറ്റൊന്നും കൊണ്ടല്ല.

ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷമെന്നത് ഒരു അധികാര കേന്ദ്രമായ് നിലനിൽക്കുന്നത് കേരളത്തിൽ മാത്രമാണ്. ഇവിടെയും അത് തിരിച്ചടികൾ നേരിട്ടു തുടങ്ങിയിരിക്കുന്നു എന്നതിൻ്റെ വ്യക്തമായ ഉദാഹരണമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ്. ആ തിരിച്ചടി തിരഞ്ഞെടുപ്പിന് മുൻപേ തന്നെ ജനം പ്രവചിച്ചിരുന്നതാണ്. ദുർഭരണത്തിൻ്റെ ലക്ഷണങ്ങളായ അധികാര പ്രമത്തതയും സ്വജനപക്ഷപാതവും അഴിമതിയും ഭരണാധികാരികളുടെ ധാർഷ്ട്രിയവും CPI(M) ഭരണത്തിൽ വ്യക്തമായി നിഴലിച്ചിരുന്നു. CPI(M) നേതാക്കൻമാരുടെ നാടുവാഴി മനോഭാവങ്ങളെയും വികസനത്തിൻ്റെ പേരിൽ പുറപ്പെടുവിച്ച ഉഗ്രശാസനങ്ങളെയും ജനങ്ങൾ പുറം കാൽ കൊണ്ട് തൊഴിച്ച് തുടങ്ങിയിരുന്നു.ബാലറ്റിലൂടെ അവരത് പരസ്യമാക്കി എന്നു മാത്രം!

എന്നാൽ പരാജയത്തിന്റെ കാരണങ്ങൾ നിരത്തിയ ഒരു പുരോഹിത ശ്രേഷ്ഠനെ വിവരദോഷി എന്നാണ് ഭരണാധികാരി വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ സാംസ്ക്കാരിക ‘ഔന്നത്യ ‘ത്തെ ക്കുറിച്ച് സഹതപിക്കാനേ നമുക്ക് കഴിയൂ ! എങ്കിലും ‘തെറ്റുകൾ തിരുത്തുമെന്ന ‘സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ നേരിയ പ്രതീക്ഷ നല്കുന്നതാണ്. കാരണം ഇടതുപക്ഷത്തെ നെഞ്ചോട് ചേർക്കുന്ന ജനത ആഗ്രഹിക്കുന്നതും അതുതന്നെയാണ്.കാരണം തെറ്റുകൾ തിരുത്തുക എന്നാൽ ശരികൾ കണ്ടെത്തുക എന്നതാണ് ! അതു വഴി   ഇന്ത്യൻ  ജനാധിപത്യത്തിൽ ഇടതുപക്ഷം ഒരു ചെറുതുരുത്തായെങ്കിലും നിലനില്ക്കണം. ജാതി മത വർഗ്ഗീയ ചിന്തകൾക്കതീതമായി ആ ചെറു തുരുത്തിൽ പാർക്കാൻ കൊതിക്കുന്ന ഒരു  ജനത ഇവിടെ  ഇന്നും ബാക്കിയുണ്ട്.

എന്നാൽ തെറ്റുതിരുത്തുക എന്നത് വോട്ടുകളുടെ ശതമാനക്കണക്കുകൾ കൂട്ടിക്കിഴിച്ച് തങ്ങൾക്ക് പിഴച്ചിട്ടില്ല എന്ന് കണ്ടെത്തുന്നതാകരുത്…
മറിച്ച്,വോട്ട് മൂല്യത്തേക്കാൾ ജനഹൃദയങ്ങളിൽ തങ്ങൾക്കുള്ള സ്നേഹമൂല്യം എത്രയെന്നത് കണ്ടെത്താനുള്ളതാകണം…
AKG,EMS ,E .K നായനാർ എന്നീ ‘നേതാക്കളെ പോലെ തങ്ങൾക്കെന്തു കൊണ്ട് സാധാരണക്കാർക്കിടയിലേക്കിറങ്ങിച്ചെല്ലാൻ സാധിക്കുന്നില്ല എന്ന് കണ്ടെത്താനാകണം.  ‘അന്തം കമ്മി’ എന്ന പരിഹാസപ്പേരിൽ നിന്നും തങ്ങളുടെ  യുവസഖാക്കളെ ചിന്തയും ചൈതന്യവുമുള്ള യുവതയാക്കി മാറ്റുന്നതിനേക്കുറിച്ചാകണം…
കാലം മാറുന്നതനുസരിച്ച് കാലഹരണപ്പെടുന്ന സഖാക്കളെ സൈദ്ധാന്തികമായി നവീകരിക്കണം.
തെറ്റ് ചുണ്ടിക്കാണിക്കുന്നവന് നേരേ ഉന്മൂലനത്തിൻ്റെ വാൾത്തല വീശുന്നത് നിർത്തുക തന്നെ വേണം! ഭീതിയുടെ ‘കേഡർ പേടക’ത്തിൽ നിന്നും ഉൾപ്പാർട്ടി ജനാധിപത്യത്തിൻ്റെ നീലാകാശത്തിലേക്ക്  അണികളെ തുറന്നു വിടണം!
സഖാവെന്നാൽ, പുഞ്ചിരിയും കണ്ണീരും വറ്റിയ മനുഷ്യയന്ത്രരൂപങ്ങൾ എന്നതിൽക്കവിഞ്ഞ്, സഹജീവിയെ സഹാനുഭൂതിയോടെ സമീപിക്കുന്നവനാക്കി മാറ്റണം.
ആത്യന്തികമായി ഓരോ സഖാവിനും  ഒരു ‘മനുഷ്യഹൃദയ,മുണ്ടാകണം!
എങ്കിലേ കരയുന്ന മനുഷ്യനേക്കാണുമ്പോൾ അവനും കണ്ണീരുണ്ടാകൂ…
അവനോട് ചേർന്ന് നില്ക്കാൻ സാധിക്കൂ.
അപ്പോഴാണ് ഇടതുപക്ഷമെന്നത് ഒരു ജനതയുടെ ഹൃദയപക്ഷമാകുന്നത്!

              ബിജു കിഴക്കേക്കുറ്റ്
           (ചീഫ് എഡിറ്റർ)

Editorial on deterioration of CPIM

More Stories from this section

family-dental
witywide