എല്ലാ ദുരന്തങ്ങളും മനുഷ്യനെ സ്നേഹത്തിൻ്റെ പാഠങ്ങൾ പഠിപ്പിക്കുന്നു. മത രാഷ്ട്രീയ വർഗ ജാതി ചിന്തകൾക്കതീതമായി മാനുഷികത എന്നതg മാത്രമായിരിക്കണം മനുഷ്യവർഗ്ഗത്തിൻ്റെ അടയാളം എന്ന് അത് നമ്മെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഓരോ ദുരന്തവും കടന്നു പോകുന്നതോടുകൂടി ഈ മാനുഷികതയും നമ്മളിൽ നിന്നും കടന്നു പോകും. നാം വീണ്ടും മതചിഹ്നങ്ങൾ വരച്ച്, രാഷ്ടീയ കുപ്പായങ്ങൾ ധരിച്ച്, നിറങ്ങളുടെയും ജാതികളുടെയും പേരിൽ പരസ്പരം കൊല്ലാനും തിന്നാനും തയ്യാറെടുക്കും. വീണ്ടും നമ്മെ ഒന്നിപ്പിക്കാൻ ദുരന്തങ്ങൾ വരേണ്ടിയിരിക്കുന്നു. എന്ത് വിരോധാഭാസമാണിത്?
മനുഷ്യൻ എന്നാണ് സ്വന്തം ജീവൻ്റെ ക്ഷണികതയെക്കുറിച്ചും തൻ്റെ ശരീരത്തിൻ്റെ ദുർബലതയെക്കുറിച്ചും മനസ്സിലാക്കുന്നത്. എത്ര കരുത്തുള്ളവനേയും അടിച്ചൊടിച്ച് ചെറുതുണ്ടുകളാക്കി ചിതറിച്ച് കളയാൻ ഭൂമിയിൽ നിന്നുമുള്ള ഒരു ചെറുവെള്ളപ്പാച്ചിൽ മതി. എത്ര വലിയ അംബരചുംബിയായ കെട്ടിടവും നിലത്ത് വീണ് തവിടുപൊടിയാകാൻ ഭൂമിയുടെ മണ്ണടരുകളിലെ ഒരു ചെറുചലനം മതി. ഒരു ഗ്രാമത്തെ, ഒരു സംസ്ഥാനത്തെ, ഒരു രാജ്യത്തെ തന്നെയും കല്ലിൻമേൽ കല്ല് ശേഷിക്കാതെ തകർത്തു കളയാൻ ഭൂമിയുടെ ഒരു ചലനമോ ഒരു ജലപ്രവാഹമോ ഒരു അഗ്നിപർവ്വതമോ മതിയെന്നിരിക്കയാണ് അയൽ രാജ്യങ്ങൾക്കെതിരേ കോടാനുകോടികൾ ചെലവഴിച്ച് ബോംബുകളും ആയുധങ്ങളുമായി ഭരണാധികാരികൾ കാത്തിരിക്കുന്നത്. അവരുടെ ശാസ്ത്രപരീക്ഷണങ്ങളൊക്കെയും ഉന്നം വയ്ക്കുന്നത് മറ്റൊരു രാജ്യത്തിലെ തന്നേപ്പോലെ തന്നെയുള്ള ഒരു കൂട്ടം മനുഷ്യരേ എത്ര വിദഗ്ദമായി കൊല്ലാൻ സാധിക്കും എന്നതിലേക്കാണ്.
എന്തിന്, സ്വന്തം അയൽക്കാരനെ, സുഹൃത്തിനെ, സഹോദരനെ, ഒക്കെ ശത്രുവായിക്കണ്ട് മരണവെറിയോടെ ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്ന എത്രയോ മനുഷ്യരെ നമുക്ക് നമ്മുടെ ചുറ്റും തന്നെ കാണാൻ സാധിക്കും. എല്ലാം മറ്റൊരുവനെ കീഴടക്കി അവൻ്റെ സമ്പത്ത് കരസ്ഥമാക്കാനോ അപരൻ്റെ മേൽ അധികാരത്തിൻ്റെ അധീശത്വം സ്ഥാപിക്കാനോ വേണ്ടി മാത്രം ! ഈ അധികാരമെന്നത് സമ്പത്ത് നേടാനോ, സ്വന്തമാക്കാനോ ,സൂക്ഷിക്കാനോ ഉള്ള ഒരുവൻ്റെ കഴിവ്മാത്രമാണ്.ഇനിയെങ്കിലും നമുക്ക് സമ്പത്തിനോടുള്ള ദുരയടക്കാം. തുച്ഛമായ ഈ മനുഷ്യായുസിനിടയിൽ നമുക്ക് ചുറ്റിനുമുള്ള ഈ മനോഹരമായ ഭൂമിയെ സ്നേഹിക്കാനും ലാളിക്കാനും ശ്രമിക്കാം.കാരണം ഏകകോശ ജീവിയായ് ഈ ഭൂമിയിൽ ജീവൻ പൊടിഞ്ഞ നാൾ മുതൽ ഇത്ര പെരുപ്പത്തിലും വലുപ്പത്തിലും ജീവൻ്റെ വിഭിന്ന രൂപങ്ങളെ തൻ്റെ ഗർഭത്തിൽ വളർത്തി വലുതാക്കിയെടുത്തത് ഭൂമി എന്ന ജീവമാതാവ് തന്നെയാണ്. എത്ര കൊടുങ്കാറ്റുകളിൽ നിന്നും ജലപ്രവാഹങ്ങളിൽ നിന്നും അഗ്നി താണ്ഡവങ്ങളിൽ നിന്നും അവൾ നമ്മെ പൊതിഞ്ഞ് പിടിച്ചിരിക്കുന്നു. ഇനിയും അവൾക്കതിന് സാധിക്കണമെങ്കിൽ നാമവളെ കരുതലോടെ കാക്കേണ്ടിയിരിക്കുന്നു.അവളുടെ പൂക്കളെ,ചെടികളെ, പുഴകളെ, മലകളെ, വനങ്ങളെ, താഴ്‌വാരങ്ങളെ നാം ജാഗ്രതയോടെ സംരക്ഷിക്കുക തന്നെ വേണം.കാരണം അവയൊക്കെയും നമ്മേപ്പോലെ തന്നെ അവളുടെ സന്താനങ്ങൾ തന്നെയാണ്!പരസ്പരം പോരടിക്കാത്ത മക്കളായി നാമും പ്രകൃതിയും ഒത്തുചേർന്ന് ജീവിച്ചാൽ തീർച്ചയായും ഭൂമീ മാതാവ് നമ്മെ സംരക്ഷിച്ചു കൊള്ളും.
ഭൂമി തന്നെയാണ് മനുഷ്യൻ്റെ മാതാവ് എന്ന ചിന്ത ആദ്യാവസാനം നമ്മിൽ നിറയട്ടെ. എങ്കിലേ ഭൂമി പൊട്ടിപ്പിളർന്നൊഴുകുന്ന ഈ കണ്ണീർ പ്രവാഹങ്ങൾക്ക് ഒരവസാനമുണ്ടാകൂ. ഇല്ലെങ്കിൽ അവളുടെ കണ്ണീർ ഇനിയും നമ്മുടെ സ്വപ്നങ്ങളെ പാടേ തുടച്ചു നീക്കുക തന്നെ ചെയ്യും!