ഭാരതമെന്ന പൂച്ചെണ്ട്!

രാഷ്ട്രീയം ജനസേവനത്തിനുള്ള ശക്തമായ ഒരു മാധ്യമമാണ്. ഒരാൾ രാഷ്ട്രീയക്കാരനാകണമെന്ന് ചിന്തിക്കുന്നതിന് പിന്നിൽ സാമൂഹികമോ സാമുദായികമോ കുടുംബപരമോ ആയ പാരമ്പര്യമോ പ്രേരണയോ ആകാമെങ്കിലും അയാളുടെ ആത്യന്തിക ലക്ഷൃം തന്നെ വിശ്വസിക്കുകയും ചുമതലപ്പെടുത്തുകയും ചെയ്ത ജനസമൂഹത്തിന് വേണ്ടി ഭരണഘടന പ്രദാനം ചെയ്യുന്ന ഭരണനിർവ്വഹണ വേദികളിൽ ഉജ്ജ്വലമായി സംസാരിക്കുക എന്നതാണ്. ആ സംസാരഭാഷയിലൂടെയാണ് അയാളുടെ  
ലക്ഷ്യങ്ങൾ പാർലമെൻ്റിൽ ചർച്ച ചെയ്യപ്പെടുന്നതും ലക്ഷ്യങ്ങൾ നേടുന്നതും. അതായത്, അതാത് പ്രാദേശികമായ നിയമനിർമ്മാണ സഭകളിൽ നിന്നും ഉപരിയായ് രാജ്യസഭ, ലോകസഭ തുടങ്ങിയ ഉന്നത  സഭകളിലേക്കെത്തുമ്പോൾ പല രാഷ്ട്രീയ നേതാക്കളും ഹിന്ദി – ഇംഗ്ലീഷ്  ഭാഷകളുടെ അപര്യാപ്തത മൂലം മറ്റുള്ള ജനപ്രതിനിധികൾക്കു മുന്നിൽ കോമാളികളാകുന്ന ഒരവസ്ഥ നാം പല കാലങ്ങളായ് കാണാറുണ്ട്.സമൂഹമാധ്യമങ്ങളിൽ ഇവരുടെ ഭാഷാ അജ്ഞാനം നിരന്തരം പരിഹസിക്കപ്പെടുകയും ചെയ്യുന്നു.ഇത് വഴി അപമാനിക്കപ്പെടുന്നത് അവരെ തിരഞ്ഞെടുത്ത ജനതയും  സംസ്ഥാനവുമാണ്, ഒപ്പം അവർ പ്രതിനിധീകരിക്കപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനവും.
      ഇതിനായുള്ള ഒരേയൊരു പോംവഴി അവരെ ഭാഷാപരമായി സംവേദനക്ഷമതയുള്ളവരും ആശയ വിനിമയ ചാതുര്യമുള്ളവരുമാക്കിത്തീർക്കുക എന്നതാണ്. അതിനായ് രാഷ്ട്രീയ പാർട്ടികൾ അവരെ മുൻകൂട്ടിത്തന്നെ  പരുവപ്പെടുത്തിയെടുക്കേണ്ടതുണ്ട്.
ഇതിനായ് രാഷ്ട്രീയേതരമായ ഒരു വിദ്യാഭ്യാസം അവർക്ക് നല്കുക തന്നെ വേണം. അതോടൊപ്പം സ്വയം ആ നിലയിലേക്കുയരാനുള്ള ഒരു ഉൽക്കർഷമായ നിരന്തര പരിശ്രമം അവരോരുത്തരും നടത്തേണ്ടതുണ്ട്.ഇവിടെ ഒരു രാഷ്ടീയ നേതാവിനെ മാത്രം ഉദാഹരിക്കാൻ ആഗ്രഹിക്കുന്നു. 1952 ലെ ഒന്നാം ലോക്സഭയിൽ അംഗമായിരുന്ന AkG യുടെ പാർലമെൻറിലെ  പ്രസംഗങ്ങൾ  പണ്ഡിറ്റ് നെഹ്റുവിനെ പോലും ആകർഷിച്ചിരുന്നു.

        ഇനി ഈ എഡിറ്റോറിയലിൻ്റെ തലക്കെട്ടിലേക്ക് വരാം. കഴിഞ്ഞയാഴ്ച കേരളത്തിലെത്തിയ രാഹുലിന് തെരഞ്ഞെടുപ്പ് റാലിയ്ക്കിടയിൽ ഒരു പൂച്ചെണ്ട് ലഭിച്ചു. ആ പൂച്ചെണ്ട് ഏറ്റുവാങ്ങിക്കൊണ്ട് രാഹുൽ ഇത്രമാത്രമാണ് പറഞ്ഞത്. ” നോക്കൂ, ഈ പൂച്ചെണ്ട് വളരെ മനോഹരമാണ്. എന്നാൽ എന്തൊക്കെയാണ് ഈ പൂച്ചെണ്ടിലുള്ളത്. വ്യത്യസ്ത നിറങ്ങളിലുള്ള പൂവുകൾ, ഇലകൾ, മുള്ളുകൾ… വൈവിധ്യങ്ങളായ  ഇവയെല്ലാം കൂടിച്ചേരുമ്പോഴാണ് ഇത് മനോഹരമായ ഒരു പൂച്ചെണ്ടാകുന്നത്. നമ്മുടെ ഭാരതവും ഇതുപോലെ വൈവിധ്യങ്ങൾ കൂടിച്ചേർന്ന മനോഹരമായ ഒരു പൂച്ചെണ്ടാണ്. ഈ വൈവിധ്യങ്ങൾ ഇല്ലാതാകുമ്പോൾ ഭാരതമെന്ന പൂച്ചെണ്ടിൻ്റെ മനോഹാരിതയും ഇല്ലാതെയാകും”
       ഭാരതത്തിലെ എത്ര നേതാക്കന്മാർ ഇങ്ങനെ ചിന്തിക്കുന്നുണ്ട്. ഇങ്ങനെയൊരു ചിന്തയുണ്ടായിരുന്നുവെങ്കിൽ ഓരോ ഭാരതീയനും എത്ര ഭാഗ്യവാൻമാരാകുമായിരുന്നു… ജനാധിപത്യ ഭാരതം എത്ര മനോഹരമാകുമായിരുന്നു…

ബിജു കിഴക്കേക്കുറ്റ്.
(ചീഫ് എഡിറ്റർ)

Election Editorial