
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സാഹിത്യവിമര്‍ശകനും മാര്‍ക്സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ (90) നോര്‍ത്ത് കരോലിനയിലെ ഡര്‍ഹാമില്‍ അന്തരിച്ചു. ലണ്ടന്‍ റിവ്യൂ ഓഫ് ബുക്സാണ് ജെയിംസന്റെ മരണവാര്‍ത്ത പങ്കുവെച്ചത്.
ഉത്തരാധുനികത, മുതലാളിത്തം എന്നിവയെക്കുറിച്ചും സമകാലിക സാംസ്‌കാരികപ്രവണതകളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ പ്രശസ്തമാണ്. ഇദ്ദേഹത്തിന്റെ ചില പുസ്തകങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷ പെടുത്തിയിട്ടുണ്ട്.
1934ല്‍ ഒഹായോയിലെ ക്ലീവ്ലാന്‍ഡിലാണ് ജെയിംസണ്‍ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ന്യൂജേഴ്സിയിലേക്ക് താമസം മാറി. അദ്ദേഹം ഹാവര്‍ഫോര്‍ഡ് കോളേജില്‍ നിന്ന് ബാച്ചിലേഴ്‌സ് ഡിപ്ലോമ നേടി, തുടര്‍ന്ന് യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡിയും. ജര്‍മ്മന്‍ തത്ത്വചിന്തകനും താരതമ്യ സാഹിത്യരംഗത്ത് പയനിയറുമായ എറിക് ഔര്‍ബാക്കിന്റെ കീഴില്‍ അദ്ദേഹം പഠിച്ചു. 1961-ല്‍ ജെയിംസണ്‍ തന്റെ ആദ്യ പുസ്തകം, സാര്‍ത്രെ: ദി ഒറിജിന്‍സ് ഓഫ് എ സ്‌റ്റൈല്‍ പ്രസിദ്ധീകരിച്ചു.












