പർവതാരോഹണത്തിനിടെ അപകടം; കാലിഫോർണിയയിൽ 1,500 അടി താഴ്ചയിലേക്ക് വീണ യുവതിക്ക് രക്ഷകരായി ഫോറസ്റ്റ് റേഞ്ചർമാർ

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള പ്രശസ്തമായ മൗണ്ട് ഷാസ്ത പർവതാരോഹണത്തിനിടെ അപകടത്തിൽപ്പെട്ട യുവതി അത്ഭുതകരമായി രക്ഷപെട്ടു. മഞ്ഞുമൂടിയ മലനിരകളിൽ നിന്നും 1,500 അടിയിലധികം താഴ്ചയിലേക്ക് വീണ 31-കാരിയെയാണ് യു.എസ് ഫോറസ്റ്റ് സർവീസ് റേഞ്ചർമാർ അതിസാഹസികമായി രക്ഷപെടുത്തിയത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആദ്യമായി പർവതാരോഹണത്തിന് എത്തിയ മൂന്നംഗ സംഘത്തിലായിരുന്നു പേര് വെളിപ്പെടുത്താത്ത ഈ യുവതി ഉണ്ടായിരുന്നത്. മൗണ്ട് ഷാസ്തയിലെ അപകടമേറിയ ‘അവലാഞ്ച് ഗൾച്ച്’ റൂട്ടിലൂടെ മുകളിലേക്ക് കയറുന്നതിനിടെ യുവതി കാൽവഴുതി കുത്തനെയുള്ള മഞ്ഞിലേക്ക് പതിക്കുകയായിരുന്നു.

അപകടവിവരമറിഞ്ഞ് ഉടൻ തന്നെ യു.എസ് ഫോറസ്റ്റ് സർവീസ് റേഞ്ചർമാർ രംഗത്തിറങ്ങിയെങ്കിലും മോശം കാലാവസ്ഥ വില്ലനായി. കനത്ത മഞ്ഞും കാറ്റും കാരണം ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം അസാധ്യമായതോടെ മൂന്ന് റേഞ്ചർമാർ കാൽനടയായി പർവതത്തിലേക്ക് കയറാൻ തീരുമാനിക്കുകയായിരുന്നു. യുവതിയുടെ കൂടെയുണ്ടായിരുന്ന സഹയാത്രികനും പർവതത്തിലുണ്ടായിരുന്ന മറ്റൊരു സിവിലിയനും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

വലതുകാലിന് ഒടിവും ശരീരത്തിൽ മറ്റ് പരിക്കുകളുമേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. എങ്കിലും അവർ മാനസികമായി മികച്ച നിലയിലായിരുന്നു. തുടർന്ന് പ്രത്യേക ‘സ്കെഡ്’ റെസ്ക്യൂ സ്ട്രെച്ചറിലാക്കി യുവതിയെ താഴെയുള്ള ഹെലൻ തടാകത്തിന് സമീപം എത്തിച്ചു. അവിടെ നിന്നും കാലിഫോർണിയ ഹൈവേ പട്രോളിൻ്റെ ഹെലികോപ്റ്റർ മാർഗ്ഗം ഇവരെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി.

മൗണ്ട് ഷാസ്ത ഒരു സാധാരണ വിനോദസഞ്ചാര നടത്തത്തിനുള്ള സ്ഥലമല്ലെന്നും, കഠിനമായ പർവതാരോഹണ മേഖലയാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു. പരിചയസമ്പന്നർക്ക് പോലും പെട്ടെന്ന് മാറുന്ന കാലാവസ്ഥയും കഠിനമായ മഞ്ഞുവീഴ്ചയും ഇവിടെ വലിയ വെല്ലുവിളി ഉയർത്താറുണ്ടെന്ന് യു.എസ് ഫോറസ്റ്റ് സർവീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

Forest rangers rescue woman who fell 1,500 feet in California mountain climbing accident

More Stories from this section

family-dental
witywide