
അയോധ്യ : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ബഹിരാകാശത്ത് നിന്ന് തദ്ദേശീയ ഉപഗ്രഹങ്ങള്‍ പകര്‍ത്തിയ രാമക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രോയുടെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍.
നിര്‍മ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിന്റെ വിശാലമായ കാഴ്ചയാണ് ചിത്രങ്ങളിലുള്ളത്.
നിര്‍മ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിന്റെ ചിത്രം ഡിസംബര്‍ 16 ന്, പ്രതിഷ്ഠാ ചടങ്ങിന് ഏകദേശം ഒരു മാസം മുമ്പാണ് ഉപഗ്രഹങ്ങള്‍ ചിത്രീകരിച്ചത്. സാറ്റലൈറ്റ് ചിത്രങ്ങളില്‍, വീണ്ടും വികസിപ്പിച്ച ദശരഥ് മഹലും സരയു നദിയും രാം മന്ദിറിന് സമീപം കാണാം. ചിത്രങ്ങളില്‍ പുതുതായി നവീകരിച്ച അയോധ്യ റെയില്‍വേ സ്റ്റേഷനും കാണാം.
ക്ഷേത്രത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി നാളെ രാം ലല്ല വിഗ്രഹത്തിന്റെ ‘പ്രാണപ്രതിഷ്ഠ’നടത്താനൊരുങ്ങുകയാണ്.
പരമ്പരാഗത നാഗര ശൈലിയില്‍ നിര്‍മ്മിച്ച ക്ഷേത്ര സമുച്ചയം 380 അടി നീളവും, 250 അടി വീതിയും 161 അടി ഉയരവുമുള്ളതാണ്. ക്ഷേത്രത്തിന്റെ ഓരോ നിലയും 20 അടി ഉയരവും 392 തൂണുകളും 44 കവാടങ്ങളുമുള്ളതാണ്.









