വീട്ടുജോലിക്കാരെ ചൂഷണം ചെയ്തു; ബ്രിട്ടനിലെ ശതകോടീശ്വരരായ ഹിന്ദുജ കുടുംബത്തിലെ നാല് പേർക്ക് ജയിൽശിക്ഷ

ജനീവയിലെ തങ്ങളുടെ കൊട്ടാരത്തിൽ ഇന്ത്യൻ ജീവനക്കാരെ ചൂഷണം ചെയ്തതിന് ബ്രിട്ടനിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ നാല് അംഗങ്ങൾക്ക് സ്വിസ് കോടതി വെള്ളിയാഴ്ച ജയിൽ ശിക്ഷ വിധിച്ചു. പ്രകാശ് ഹിന്ദുജ, ഭാര്യ കമല എന്നിവർക്ക് നാലര വർഷം ശിക്ഷയാണ് വിധിച്ചത്. ഇവരുടെ മകൻ അജയ്, ഭാര്യ നമ്രത എന്നിവർക്ക് നാല് വർഷവും ശിക്ഷ വിധിച്ചിട്ടുണ്ട്. നാല് പേർക്കും വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകാം.

ഇന്ത്യയിൽ വേരുകളുള്ള ഹിന്ദുജ കുടുംബം 1980ലാണ് സ്വിറ്റ്സർലാൻഡിൽ താമസമാക്കിയത്. ഇൻഫർമേഷൻ ടെക്നോളജി, മീഡിയ, ഊർജം, റിയൽ എസ്റ്റേറ്റ്, ഹെൽത്ത് കെയർ എന്നീ മേഖലകളിൽ ഇവർക്ക് സാന്നിധ്യമുണ്ട്. ഫോബ്സിന്റെ കണക്കുപ്രകാരം 20 ബില്യൺ ഡോളറാണ് ഹിന്ദുജ കുടുംബത്തിന്റെ ആസ്തി.

കോടതിയിൽ ഹാജരാകാതിരുന്ന ഹിന്ദുജ കുടുംബാംഗങ്ങളെ മനുഷ്യക്കടത്ത് കേസിൽ കോടതി കുറ്റവിമുക്തരാക്കി. മനുഷ്യക്കടത്ത് വാദം തള്ളിയ കോടതി, വീട്ടുജോലിക്കാണ് വരുന്നതെന്ന് സ്വിറ്റസ്ർലാൻഡിലെത്തിയ ഇന്ത്യൻ തൊഴിലാളികൾക്ക് അറിയാമായിരുന്നുവെന്നും വ്യക്തമാക്കി.

എന്നാൽ ജീവനക്കാർക്ക് മതിയായ ആരോഗ്യ ആനുകൂല്യങ്ങൾ നൽകിയില്ലെന്നും ഇത്തരം ജോലികൾക്ക് സ്വിറ്റ്സർലാൻഡിൽ നൽകുന്ന വേതനത്തിന്റെ പത്തിലൊന്ന് മാത്രമാണ് ഹിന്ദുജ കുടുംബം നൽകിയിരുന്നതെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.

ഇവർ ഇന്ത്യയിൽ നിന്നെത്തിയ നിരക്ഷരരായ ജോലിക്കാരുടെ പാസ്​പോർട്ട് പിടിച്ചുവെച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. വീട്ടിലെ പട്ടിക്ക് ചെലവാക്കുന്ന തുക പോലും തങ്ങളുടെ വീട്ടുജോലിക്കാർക്ക് ശമ്പളമായി നൽകിയിരുന്നില്ല. ജീവനക്കാർക്ക് രൂപയിലാണ് ശമ്പളം നൽകിയിരുന്നത് സ്വിസ് ഫ്രാങ്കിലായിരുന്നില്ലെന്നുമാണ് പ്രോസിക്യൂഷൻ വാദം. വീട്ടുജോലിക്കാരെ വീടിന് പുറത്തേക്ക് പോകാൻ അനുവദിച്ചിരുന്നില്ല. ഇതുകൂടാതെ ദീർഘസമയം അവരെ കൊണ്ട് ജോലി ചെയ്യിപ്പിച്ചു. 18 മണിക്കൂർ വരെ അവർക്ക് ജോലി ചെയ്യേണ്ടി വന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.

More Stories from this section

family-dental
witywide