കളം മാറി ചവിട്ടി ട്രംപിന്റെ നിർണായക നീക്കം, പകച്ച് റഷ്യ! പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ യുക്രെയ്ന് കരുത്താകും, പ്രതിരോധ രംഗത്ത് വലിയ ചർച്ച

വാഷിം​ഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ സ്വന്തമായി നിർമ്മിക്കാൻ യുക്രെയ്ന് അനുമതി നൽകിയതായുള്ള റിപ്പോർട്ടുകൾ ആഗോള പ്രതിരോധ രംഗത്ത് വലിയ ചർച്ചയാകുന്നു. രണ്ട് പ്രധാന കാരണങ്ങളാലാണ് ട്രംപിന്റെ ഈ നീക്കം അതീവ പ്രാധാന്യമർഹിക്കുന്നത്. ഒന്നാമതായി, അമേരിക്ക തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷികൾക്ക് പോലും കൈമാറാൻ മടിക്കുന്ന, അതീവ രഹസ്യവും അത്യാധുനികവുമായ മിസൈൽ പ്രതിരോധ സാങ്കേതികവിദ്യയിലേക്കാണ് ഇതിലൂടെ യുക്രെയ്ന് പ്രവേശനം ലഭിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് വരെ യുക്രെയ്നിലേക്കുള്ള ആയുധ കയറ്റുമതി വൈറ്റ് ഹൗസ് നിർത്തിവെച്ചിരുന്നു എന്നതുമായി കൂട്ടി വായിക്കുമ്പോഴാണ് ഈ തീരുമാനത്തിന്റെ വ്യാപ്തി വ്യക്തമാകുന്നത്. പുതിയ കരാർ പ്രകാരം യുക്രെയ്ന് ഈ മിസൈലുകൾ നിർമ്മിക്കാൻ മാത്രമല്ല, ഇവയിൽ ഒരു പങ്ക് അമേരിക്കയ്ക്കും മറ്റ് സഖ്യകക്ഷികൾക്കും തിരികെ കയറ്റി അയക്കാനും അനുമതി ലഭിച്ചേക്കും.

വെല്ലുവിളികളും യുക്രെയ്ന്റെ കരുത്തും

ഈ പദ്ധതിക്ക് മുന്നിൽ നിരവധി തടസ്സങ്ങളുണ്ട്. യുക്രെയ്ൻ സ്വന്തമായി ഉത്പാദന ലൈനുകൾ കെട്ടിപ്പടുക്കേണ്ടതുണ്ട്. എങ്കിലും യുദ്ധകാല സാഹചര്യമായതിനാലും, ഈ സാങ്കേതികവിദ്യ സ്വന്തമാക്കാനുള്ള യുക്രെയ്ന്റെ മാസങ്ങളായുള്ള തീവ്രശ്രമം കാരണവും സാധാരണ എടുക്കുന്നതിലും വളരെ കുറഞ്ഞ സമയം കൊണ്ട് ഉത്പാദനം ആരംഭിക്കാൻ അവർക്ക് കഴിഞ്ഞേക്കും. പേട്രിയറ്റ് മിസൈലുകളുടെ യഥാർത്ഥ നിർമ്മാതാക്കളായ ലോക്ഹീഡ് മാർട്ടിൻ, റേതിയോൺ എന്നീ യുഎസ് കമ്പനികൾക്ക് തങ്ങളുടെ ബൗദ്ധിക സ്വത്തുക്കളുടെ വാണിജ്യപരമായ ഭാവിയെക്കുറിച്ച് ആശങ്കകളുണ്ടാകാം. എങ്കിലും, ഡ്രോൺ ആക്രമണങ്ങളിലും അവ പ്രതിരോധിക്കുന്നതിലും ഇതിനകം തന്നെ ലോകശ്രദ്ധ നേടിയ യുക്രെയ്ന് ഈ സാങ്കേതികവിദ്യ വേഗത്തിൽ സ്വായത്തമാക്കാൻ സാധിക്കും. പേട്രിയറ്റ് മിസൈലുകളുടെ നിരന്തരമായ ഉപയോഗത്തിലൂടെ നിലവിലുള്ള ഡിസൈനിൽ കൂടുതൽ പുരോഗതി വരുത്താനും ഉക്രെയ്ന് കഴിഞ്ഞേക്കും.

ട്രംപിന്റെ നിലപാടിലെ നാടകീയ മാറ്റം

കഴിഞ്ഞ വർഷം വരെ, യുക്രെയ്ന്റെ കൈയിൽ ശക്തമായ കാർഡുകൾ ഒന്നുമില്ലെന്ന് പറയുകയും, സൗജന്യ ആയുധ വിതരണം നിർത്തലാക്കുകയും, ആയുധങ്ങൾക്ക് പണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത നേതാവാണ് ഡോണൾഡ് ട്രംപ്. എന്നാൽ ആ നിലപാടിൽ നിന്നും മാറി, അമേരിക്കയുടെ ഏറ്റവും രഹസ്യസ്വഭാവമുള്ള മിസൈലുകൾ നിർമ്മിക്കാൻ യുക്രെയ്ന് അനുമതി നൽകുന്നതിലേക്ക് ട്രംപ് എത്തിയിരിക്കുന്നു. റഷ്യക്കെതിരായ ഉക്രെയ്ന്റെ ഈ ശക്തമായ പ്രതിരോധ നീക്കം ഒടുവിൽ മോസ്കോയെ സമാധാന ചർച്ചകൾക്ക് നിർബന്ധിതരാക്കുമെന്നാണ് ട്രംപ് ഇപ്പോൾ കരുതുന്നത്. ട്രംപിന്റെ ഈ അപ്രതീക്ഷിത നയതന്ത്ര മാറ്റം ക്രെംലിനെ (റഷ്യൻ ഭരണകൂടത്തെ) സമാനതകളില്ലാത്ത പ്രതിരോധത്തിലാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

More Stories from this section

family-dental
witywide