പല്ലിന് പല്ല്, നഖത്തിന് നഖം എന്ന നിലപാടിൽ ഇറാൻ; അതിരൂക്ഷ പ്രതികരണവുമായി ഇറാനിയൻ നേതാക്കൾ; മധ്യേഷ്യ വീണ്ടും യുദ്ധ മുനമ്പിൽ

ടെഹ്റാൻ: ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപ് ആക്രമിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ തിരിച്ചടി മുന്നറിയിപ്പുമായി ഇറാനിയൻ രാഷ്ട്രീയ നേതാക്കൾ രംഗത്ത്. മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കെ അതീവ പ്രകോപനപരമായ പ്രസ്താവനകളാണ് ഇറാനിൽ നിന്ന് പുറത്തുവരുന്നത്. ഇറാൻ പാർലമെന്റിന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി വക്താവ് ഇബ്രാഹിം റെസായി എക്സ് പ്ലാറ്റ്‌ഫോമിലൂടെ ട്രംപിന് നേരിട്ട് മുന്നറിയിപ്പ് നൽകി.

“വരൂ—ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്—ഒരു അമേരിക്കൻ സൈനികൻ പോലും ജീവനോടെ തിരിച്ചുപോകില്ലെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു” എന്നായിരുന്നു പരാമർശം. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പുതിയ നീക്കങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് ഇറാന്റെ മുൻ വിദേശകാര്യ മന്ത്രി അലി അക്ബർ വെലായതിയും രംഗത്തെത്തി. “‘ചെറിയ രാജ്യങ്ങളുടെ രാഷ്ട്രീയ ചൂതാട്ടത്തിനുള്ള വേദിയല്ല ഈ പ്രദേശം’ എന്ന് ഇറാൻ മുൻപും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. ഈ മേഖലയെ പൂർണ്ണമായും ശുദ്ധീകരിക്കാൻ വിരൽ എപ്പോഴും ട്രിഗ്ഗറിൽ വെച്ചുകൊണ്ടാണ് ഇറാൻ നിലകൊള്ളുന്നത്.” – വെലായതി എക്സിൽ കുറിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള വാക്‌പോര് മുറുകുന്നത് മിഡിൽ ഈസ്റ്റിൽ വലിയ സുരക്ഷാ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ഖാർഗ് ദ്വീപിന് നേരെയുണ്ടാകുന്ന ഏതൊരു നീക്കവും ആഗോള എണ്ണ വിപണിയെയും ഊർജ്ജ സുരക്ഷയെയും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

Also Read

More Stories from this section

family-dental
witywide