
ഹൂസ്റ്റണ്‍: മാരകമായ ഉഷ്ണ തരംഗത്തിനിടയില്‍ നഗരത്തിലെ ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് വൈദ്യുതി മുടക്കി ബെറില്‍ ചുഴലിക്കാറ്റ് കൂടി എത്തിയതോടെ ഹൂസ്റ്റണ്‍ ഏരിയയിലെ ആശുപത്രികള്‍ നിറഞ്ഞു.
വൈദ്യുതി ബന്ധം വ്യാപകമായി വിഛേദിക്കപ്പെട്ടതോടെ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനാകുന്നില്ലെന്നും, രോഗികള്‍ വൈദ്യുതി ഇല്ലാത്ത വീടുകളിലേക്കെത്തിയാല്‍ ഉഷ്ണ തരംഗത്തില്‍ ആരോഗ്യം മോശമാകുമെന്നും അധികൃതര്‍ പറയുന്നു.
രോഗികള്‍ കൂടിയതോടെ ആശുപത്രികള്‍ നിറയുകയും നഗരത്തിലെ ഫുട്‌ബോള്‍ സ്റ്റേഡിയം ഒരു താത്ക്കാലിക ആശുപത്രിയാക്കി മാറ്റുകയും ചെയ്തതായി ടെക്‌സസ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു.
ഉഷ്ണ തരംഗം വില്ലനാകുന്ന യുഎസില്‍ കാലിഫോര്‍ണിയ മുതല്‍ ടെക്സാസ് വരെ താപനില ഉയരുകയാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചുഴലിക്കാറ്റ് വിതച്ച ദുരിതത്തില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ഹൂസ്റ്റണ്‍ ഏരിയയിലെ ആളുകള്‍ക്ക് അടുത്ത ഭീഷണിയാണ് ഉയര്‍ന്ന താപനില. ഹൂസ്റ്റണില്‍ താപനില വൈകാതെ 105F (40C) ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിങ്കളാഴ്ചയുണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തതോടെ രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ക്ക് വൈദ്യുതി നഷ്ടമായിരുന്നു. താമസക്കാരെ സഹായിക്കുന്നതിനായി ഹൂസ്റ്റണ്‍ ഏരിയയില്‍ 100ലധികം ശീതീകരണ കേന്ദ്രങ്ങള്‍ ആരംഭിച്ചു.
യുഎസിന്റെ പല ഭാഗങ്ങളും വാരാന്ത്യത്തോടെ കടുത്ത ചൂട് പ്രതീക്ഷിക്കുന്നുണ്ട്. ടെക്‌സസ്, കാലിഫോര്‍ണിയ, നെവാഡ, അരിസോണ, യൂട്ടാ, കൊളറാഡോ, വ്യോമിംഗ്, മൊണ്ടാന, ഐഡഹോ, ഒറിഗോണ്‍ എന്നിവയുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ന്ന ചൂടുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.















