
വാഷിംഗ്ടൺ: അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് സ്പോൺസർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ‘പെം’ (PERM – Program Electronic Review Management) നടപടിക്രമങ്ങൾ പൂർണ്ണമായി പരിഷ്കരിക്കാൻ യു.എസ്. തൊഴിൽ വകുപ്പ് ഒരുങ്ങുന്നു. വിദേശ ജീവനക്കാർക്ക് ഗ്രീൻ കാർഡ് നൽകുന്നതിന് മുൻപ് അമേരിക്കൻ തൊഴിലാളികൾക്ക് ജോലിയിൽ മുൻഗണന ഉറപ്പാക്കുന്നതിനുള്ള പരിശോധനയാണ് ‘പെം’. ഇത് കൂടുതൽ കർശനമാക്കാനാണ് പുതിയ നീക്കം.
എച്ച്-1ബി വിസ ദുരുപയോഗം തടയുന്നതിൻ്റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങൾ. ഇതിനകം തന്നെ എച്ച്-1ബി വിസ ലോട്ടറി സമ്പ്രദായം യു.എസ് സർക്കാർ പരിഷ്കരിക്കുകയും, വിദേശ ജീവനക്കാരുടെ കുറഞ്ഞ ശമ്പള നിരക്ക് ഉയർത്താൻ കരട് നിയമം കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗ്രീൻ കാർഡ് നടപടികളിലെയും മാറ്റം. അവസാനമായി 2004-ൽ പരിഷ്കരിച്ച പെം നിയമങ്ങൾ, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂർണ്ണമായി പുതുക്കേണ്ട സമയമായെന്നാണ് തൊഴിൽ വകുപ്പിൻ്റെ വിലയിരുത്തൽ.
നിലവിൽ ഇതൊരു നിർദ്ദേശമായി മാത്രമാണ് സമർപ്പിച്ചിട്ടുള്ളത്. ഔദ്യോഗിക നിയമങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് സൂചന. കമ്പനികളുടെ റിക്രൂട്ട്‌മെൻ്റ് രേഖകളിൽ കടുത്ത പരിശോധനയും കൃത്യതയും ഉറപ്പാക്കും. വിദേശികളെ നിയമിക്കുന്നതിന് മുൻപ് അമേരിക്കൻ തൊഴിലാളികളെ കണ്ടെത്താനായി കമ്പനികൾ കൂടുതൽ വിപുലമായ രീതികളിൽ പരസ്യങ്ങൾ നൽകേണ്ടി വരും. പിരിച്ചുവിടലുകൾ ബാധിച്ച അമേരിക്കൻ തൊഴിലാളികൾക്ക് സംരക്ഷണം നൽകാനും, അവർക്ക് തന്നെ ആദ്യ പരിഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ വരും.
നിലവിലെ നിയമപ്രകാരം ഒരു വിദേശിക്ക് ഗ്രീൻ കാർഡ് നൽകുന്നതിന് മുൻപ്, ആ തസ്തികയിലേക്ക് യോഗ്യരായ അമേരിക്കൻ തൊഴിലാളികൾ ലഭ്യമല്ലെന്ന് കമ്പനികൾ തെളിയിക്കണം. ഇതിനായി പ്രധാനപ്പെട്ട രണ്ട് ഞായറാഴ്ച പത്രങ്ങളിൽ പരസ്യം നൽകുക, സ്റ്റേറ്റ് വർക്ക്ഫോഴ്സ് ഏജൻസിയിൽ രജിസ്റ്റർ ചെയ്യുക, ക്യാമ്പസ് സെലക്ഷൻ, ഓൺലൈൻ ജോബ് പോർട്ടലുകൾ എന്നിവ വഴി പരസ്യം നൽകുക തുടങ്ങി നിരവധി പ്രക്രിയകൾ കമ്പനികൾ പൂർത്തിയാക്കേണ്ടതുണ്ട്. അപേക്ഷിക്കുന്ന അമേരിക്കൻ ഉദ്യോഗാർത്ഥികളെ എന്തുകൊണ്ട് ജോലിക്ക് എടുത്തില്ല എന്നതിന് കൃത്യമായ കാരണവും കമ്പനികൾ ബോധിപ്പിക്കണം.
പുതിയ മാറ്റങ്ങൾ വരുന്നതോടെ അമേരിക്കയിൽ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ ഐ.ടി ജീവനക്കാരെയും അവരെ സ്പോൺസർ ചെയ്യുന്ന കമ്പനികളെയും ഇത് എങ്ങനെ ബാധിക്കുമെന്ന ഉത്കണ്ഠയിലാണ് പ്രവാസി സമൂഹം.
A setback for those waiting for green cards? America to completely reform ‘PEM’ laws















