റോഡ്ഷോകളിലെ ആവേശം വോട്ടാകാത്തതെന്ത്? ജനം കാപട്യം കണ്ടു മടുത്തോ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പുതിയ ഭരണകൂടത്തെ രൂപപ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയാണ് നമ്മുടെ രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും പ്രചാരണ രീതികളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നു. ഡിജിറ്റൽ ലോകത്ത് അതിൻ്റെ എല്ലാവിധ വിസ്മയ സാധ്യതകളും ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ നാം കാണുന്നത്. സിനിമാറ്റിക്ക് റോഡ് ഷോകളും കലാശകൊട്ടുകളും എല്ലാ സ്ഥാനാർത്ഥികളും വാശിയോടെ സംഘടിപ്പിക്കുന്നു. പരസ്യ നിർമ്മാതാക്കൾ ഒരു പുതിയ ഉത്പന്നത്തെ വിപണിയിലിറക്കുന്നത് പോലെയാണ് ഇവൻ്റ് മാനേജ്മെൻ്റ് ഗ്രൂപ്പുകൾ തങ്ങളുടെ സ്ഥാനാർത്ഥികളെ ജനമദ്ധ്യത്തിൽ അവതരിപ്പിക്കുന്നത്. എന്നാൽ ഇത്തരം ആർഭാടങ്ങളെല്ലാം ഉണ്ടായിട്ടും നല്ലൊരു വിഭാഗം ജനങ്ങൾ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാതെ മാറിനില്ക്കുകയാണോ?ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ 15 ലക്ഷം വോട്ടർമാർ ഇത്തവണ കൂടിയെങ്കിലും പോളിങ്ങിൽ 4.38 ലക്ഷത്തിൻ്റെ കുറവുണ്ടായിരിക്കുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ പോളിംഗ് ശതമാനം
77.84 ആയിരുന്നെങ്കിൽ ഇപ്രാവശ്യം അത് 71.9 ആയി കുറഞ്ഞു!

    സാധാരണക്കാരന് ഇന്ന് തെരഞ്ഞെടുപ്പ് എന്ന രാഷ്ടീയ മാമാങ്കത്തോട് താൽപര്യം കുറഞ്ഞു വരാനുള്ള പ്രധാന കാരണം അതിലെ 'നൈതികത ' ഇല്ലായ്മ തന്നെയാണ്. കപട വാഗ്ദാനങ്ങളും പൊള്ളച്ചിരികളുമായി ജനങ്ങളെ സമീപിക്കുന്ന നേതാക്കന്മാർ തങ്ങൾ പൂർണമായും സുതാര്യരും ജനാഭിമുഖ്യമുള്ളവരുമാണെന്ന് പുറമേ തോന്നിപ്പിക്കുന്നുവെങ്കിലും അധികാരത്തിൻ്റെ അദൃശ്യമായ രാവണൻ കോട്ടകൾ അവർ തങ്ങൾക്ക് ചുറ്റും നിർമ്മിച്ചിരിക്കുന്നു.ഇത് ഭേദിക്കുവാൻ ഒരു സാധാരണക്കാരനും സാധിക്കുകയുമില്ല. മറ്റൊന്ന് അധാർമ്മികമായ രാഷ്ട്രീയ ഒത്തുതീർപ്പുകൾക്കു വേണ്ടിയുള്ള ചേരി മാറലുകളാണ്. പകൽ വെളിച്ചത്തിൽ പരസ്പരം വാളെടുത്ത് വെട്ടുന്നവർ ഇരുളിൻ്റെ മറവിൽ ,ദല്ലാൾമാരുടെ നടുവിൽ, കൂടുവിട്ട് കൂടുമാറാനുള്ള കരാറുകളൊപ്പിടുന്നു. 

സ്വന്തം പാർട്ടിയുടെ ചിഹ്നവും ആദർശവും സംരക്ഷിക്കുന്നതിന് വേണ്ടി യുവാക്കൾ തെരുവിൽ പോരാടുമ്പോഴാണ് രാത്രിയിലെ ഈ ‘അവിശുദ്ധനാടകങ്ങൾ’ അരങ്ങേറുന്നത്.
മറ്റൊരു കാര്യം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളാണ്.പല ബൂത്തുകളിലും നടന്ന മന്ദഗതിയിലുള്ള പോളിംഗ് രീതി വോട്ടർമാരെ ഏറെ വലച്ചു.മണിക്കൂറുകളോളം തെരഞ്ഞെടുപ്പ് ക്യൂവിൽ നില്ക്കുവാൻ കഠിനമായ സൂര്യതാപത്തിൻ്റെ ഈ നാളുകളിൽ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. എത്ര
വോട്ടർമാരാണ് സൂര്യതാപമേറ്റ് കുഴഞ്ഞ് വീണത് എന്നോർത്താൽ മതി.. ഈയവസരത്തിൽ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടിയോ സമയക്രമത്തിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തിയോ, മെച്ചപ്പെട്ടതും സുരക്ഷിതവുമായ പോളിംഗ് സാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടേണ്ടതായിരുന്നു…

എന്തു തന്നെയായാലും ജനാധിപത്യത്തിൻ്റെ വിജയത്തിന് ജനത്തിൻ്റെ ചൂണ്ടുവിരലിലെ ഈ മഷിയടയാളം അത്യന്താപേക്ഷിതമാണ്. അത് ഒരടയാളം മാത്രമല്ല നമ്മുടെ രാജ്യത്തിൻ്റെ യഥാർത്ഥ അധികാരി ആരെന്നുള്ളതിൻ്റെ അധികാരമുദ്ര കൂടിയാണ്. ഈ അധികാര മുദ്ര സൂഷ്മമായി വിനിയോഗിക്കുക എന്നതാണ് ഓരോ പൗരൻ്റെയും ഉത്തരവാദിത്വം. അല്ലായെങ്കിൽ ‘പൗരൻ’ മാറി ‘പ്രജ’യാകുവാൻ നാം അധികകാലം കാത്തിരിക്കേണ്ടി വരില്ല !

                                                    ബിജു കിഴക്കേക്കുറ്റ്
                                                     (ചീഫ് എഡിറ്റർ)