
ഗാസയിലെ യുദ്ധം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൈകാര്യംചെയ്യുന്നത് തെറ്റായരീതിയിലാണെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. നെതന്യാഹുവിന്റെ നയത്തോട് യോജിക്കുന്നില്ലെന്നും സ്പാനിഷ് മാധ്യമമായ യൂണിവിഷനു നൽകിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു.
ഇതു പറയുമ്പോഴും ഇസ്രയേലിനുള്ള ആയുധങ്ങൾ യുഎസ് നൽകുന്നത് ലോകം കണ്ടുകൊണ്ടിരിക്കുന്നതാണ്. വെടിനിർത്തലിന് ഇസ്രയേൽ സമ്മതിക്കണം, ആറ്-എട്ട് ആഴ്ചയ്ക്കുള്ളിൽ ഗാസയിൽ സഹായം നിറയണം. സഹായം വിതരണംചെയ്യാൻ പശ്ചിമേഷ്യയിലെ മറ്റുരാജ്യങ്ങളെ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. അത് ഇനിയും വൈകിക്കരുത് അദ്ദേഹം ആവശ്യപ്പെട്ടു.
ഈദ് സന്ദേശത്തിലും ബൈഡൻ ഗാസയെ അനുസ്മരിക്കാൻ മറന്നില്ല. ഗാസയും സുഡാനും ഉൾപ്പെടെയുള്ള ഇടങ്ങളിലെ സംഘർഷവും വിശപ്പും അനുഭവിക്കുന്നവർക്ക് ഒപ്പമാണ് താനെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രയേലിനുള്ള അമേരിക്കയുടെ നിരുപാധിക സഹായത്തിനെതിരെ ഏറ്റവും വലിയ പ്രതിഷേധം അമേരിക്കയ്ക്ക് ഉള്ളിൽ നിന്നു തന്നെയാണ്. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചാര്യത്തിൽ ഇത് ബൈഡനെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വൈറ്റ് ഹൌസ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് മുസ്ലിം സംഘടനകൾ ബഹിഷ്കരിച്ചതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇത് വലിയ വാർത്തയായിരുന്നു.
Joe Biden Against Israel policy on Gaza















