
വാഷിംഗ്ടൺ: അമേരിക്കയിലെ യൂട്ടാ സംസ്ഥാനത്തെ ഒരു ഷോപ്പിംഗ് മാളിൽ ഇന്ത്യൻ വംശജനായ ജീവനക്കാരന് നേരെ ക്രൂരമായ ആക്രമണം. വെസ്റ്റ് വാലി സിറ്റിയിലെ ‘വാലി ഫെയർ മാളി’ൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മാളിലെ കിയോസ്ക് ജീവനക്കാരനായ സുഹൈൽ എന്ന യുവാവിനാണ് 15-ഓളം തവണ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ഒന്നിലധികം ശസ്ത്രക്രിയകൾക്ക് ശേഷം ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണം നടത്തിയ പീറ്റർ മൈക്കൽ ലാർസൻ (48) എന്നയാളെ സംഭവസ്ഥലത്തുണ്ടായിരുന്ന ജനങ്ങൾ ചേർന്ന് കീഴടക്കി പൊലീസിൽ ഏൽപ്പിച്ചു.:
പ്രതിയായ ലാർസൻ മാളിലെ സുഹൈലിന്റെ കടയിലെത്തി പേരും മതവും ചോദിച്ചറിയുകയായിരുന്നു. തുടർന്ന് കുടിക്കാൻ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. സുഹൈൽ വെള്ളമെടുക്കാൻ തിരിഞ്ഞ നിമിഷം പ്രതി കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ക്രൂരമായി കുത്താൻ തുടങ്ങി.
“മുസ്ലീങ്ങളെ കൊല്ലുക എന്നതായിരുന്നു എന്റെ ലക്ഷ്യം, അതുകൊണ്ടാണ് മതമേതാണെന്ന് ചോദിച്ച് ഉറപ്പുവരുത്തി ഇയാളെ ആക്രമിച്ചത്.” എന്ന് പ്രതി ലാർസൻ പൊലീസിന് മൊഴി നല്‍കി.
മാളിലുണ്ടായിരുന്ന മറ്റു ജീവനക്കാരും ഉപഭോക്താക്കളും കസേരകളും ഷൂസും മറ്റും പ്രതിക്ക് നേരെ എറിഞ്ഞാണ് ആക്രമണം തടഞ്ഞത്. തുടർന്ന് ഓടിക്കൂടിയവർ ഇയാളെ നിലത്തുപിടിച്ചിരുത്തി പൊലീസിന് കൈമാറുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത് ജയിലിലടച്ച പ്രതി ലാർസൻ മുൻപും പല അക്രമക്കേസുകളിൽ പെട്ടിട്ടുള്ളയാളാണ്. 2022-ൽ സ്വന്തം വീടിന് തീയിടുകയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വെടിവെക്കാൻ ശ്രമിക്കുകയും ചെയ്തതിന് ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു. 2025 ജനുവരിയിലാണ് ഇയാൾ ജയിൽ മോചിതനായത്.
അമേരിക്കയിലെ മുസ്ലീം സമുദായ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ഈ വംശീയ അക്രമത്തെ ശക്തമായി അപലപിച്ചു. ചികിത്സയിലുള്ള സുഹൈലിന്റെ കുടുംബത്തെ സഹായിക്കാൻ സുഹൃത്തുക്കൾ ചേർന്ന് ഗോഫണ്ട്മീ (GoFundMe) വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.
Indian man fatally injured in US mall after being asked if he is Muslim, then stabbed 15 times















