
ടെഹ്‌റാൻ: അമേരിക്കയുമായി നിലവിൽ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് വ്യക്തമാക്കി ഇറാൻ. യുഎസ് നടത്തുന്ന ആക്രമണങ്ങൾക്ക് രാജ്യം ശക്തമായ രീതിയിൽ തന്നെ മറുപടി നൽകുമെന്നും പ്രതിരോധത്തിൽ മാത്രമാണ് ഇപ്പോൾ ഇറാന്റെ ശ്രദ്ധയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് മാധ്യമങ്ങളോട് പറഞ്ഞു. ടെഹ്‌റാനിൽ നടന്ന അന്തരിച്ച ആയത്തുള്ള അലി ഖമേനിയുടെ മരുമകന്റെ അനുസ്മരണ ചടങ്ങിനിടെയാണ് വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.
“ഞങ്ങൾക്ക് നിലവിൽ ചർച്ചകൾക്കായി യാതൊരു പദ്ധതികളുമില്ല. രാജ്യം ഇപ്പോൾ പൂർണ്ണമായും പ്രതിരോധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.” അമേരിക്ക തങ്ങളുടെ കരാർ ബാധ്യതകളിൽ വീഴ്ച വരുത്തിയാൽ, ഒരു ഉടമ്പടിയും പാലിക്കാൻ ഇറാൻ ബാധ്യസ്ഥരല്ലെന്നും ബഗായ് മുന്നറിയിപ്പ് നൽകി. തുടക്കം മുതൽക്കേ വെടിനിർത്തൽ കരാറുകൾ ലംഘിക്കുന്ന നിലപാടാണ് അമേരിക്കൻ ഭരണകൂടം സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇറാന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണം വന്ന് തൊട്ടുപിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തന്ത്രപ്രധാന മേഖലയായ ഹെംഗാം ദ്വീപിന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ആണ് യുഎസ് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ ഉപമന്ത്രി കാസിം ഗരീബാബാദിയും വ്യക്തമാക്കി.
“ഇറാനിയൻ ജനതയ്ക്ക് നേരെ ഉണ്ടാകുന്ന ഒരു ആക്രമണവും ഞങ്ങൾ വെറുതെ വിടില്ല. രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റങ്ങൾക്ക് ശക്തമായ ഭാഷയിൽ തന്നെ തിരിച്ചടി നൽകും,” – ഗരീബാബാദി പറഞ്ഞു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ആണ് മന്ത്രിയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്.
No negotiations with America, only defense; Iran says it will respond strongly to US attacks















