
വാഷിംഗ്ടണ്‍: ഇസ്രയേലിനെ ഞെട്ടിച്ച ആക്രമണമാണ് അധിനിവേശ ഗോലാന്‍ കുന്നുകളില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. കുട്ടികളടക്കം 11 പേരുടെ ജീവനെടുത്ത ഹിസ്ബുള്ള ആക്രമണത്തില്‍ കമലാ ഹാരിസ് ഇസ്രയേലിനുള്ള പിന്തുണ അറിയിച്ചു.
ഇസ്രായേല്‍ അധിനിവേശ ഗോലാനിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന റോക്കറ്റ് ആക്രമണം തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കമലയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഫില്‍ ഗോര്‍ഡന്‍ പറഞ്ഞു.
വടക്കന്‍ ഇസ്രായേലിലെ മജ്ദല്‍ ഷാംസിലെ ഫുട്‌ബോള്‍ മൈതാനത്ത് ഇന്നലെ ഹിസ്ബുള്ള നടത്തിയ ഭീകരാക്രമണത്തില്‍ 10 നും 20 നും ഇടയില്‍ പ്രായമുള്ള 11 പേരാണ് മരിച്ചത്. ഈ ഭീകരമായ ആക്രമണത്തെ കമലാ ഹാരിസ് അപലപിച്ചെന്നും ഫില്‍ ഗോര്‍ഡന്‍ വ്യക്തമാക്കി. മാത്രമല്ല, ഇസ്രായേല്‍ അതിന്റെ സുരക്ഷയ്ക്ക് കടുത്ത ഭീഷണികള്‍ നേരിടുന്നുവെന്നും ഇസ്രയേലിന്റെ സുരക്ഷയ്ക്ക് വൈസ് പ്രസിഡന്റിന്റെ പിന്തുണ ഇരുമ്പ് പോലെ ഉറച്ചതാണെന്നും ഗോര്‍ഡന്‍ കൂട്ടിച്ചേര്‍ത്തു.















