തെക്കന്‍ ഇറ്റാലിയന്‍ ദ്വീപായ സിസിലിയില്‍ കൊടുങ്കാറ്റില്‍ ആഡംബര നൗക തര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറുപേരെ കാണാതാകുകയും ചെയ്തു. കാണാതായവരില്‍ പ്രമുഖ ബ്രിട്ടീഷ് ടെക് വ്യവസായി മൈക്ക് ലിഞ്ചും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
184 അടി നീളമുള്ള ‘ബേസിയന്‍’ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 22 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. സോഫ്റ്റ്വെയര്‍ ഭീമനായ ഓട്ടോണമിയുടെ സ്ഥാപകനായ മൈക്ക് ലിഞ്ച് ഉള്‍പ്പെടെ ആറ് പേര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുകയാണ്.
ലിഞ്ചിന്റെ ഭാര്യ ആഞ്ചെല ബകേറസ് ഉള്‍പ്പെടെ 15 പേരെ രക്ഷപ്പെടുത്തി. ഒരു കുട്ടിയെ പലേര്‍മോയിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിട്ടുണ്ട്. ആകെ എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കപ്പല്‍ ചുഴലിക്കാറ്റില്‍പ്പെട്ടതെന്ന് ഇറ്റലിയുടെ കോസ്റ്റ് ഗാര്‍ഡ് വക്താവ് പറഞ്ഞു. മെഡിറ്ററേനിയന്‍ ദ്വീപിലെ പോര്‍ട്ടിസെല്ലോ തുറമുഖത്ത് നിന്ന് അര മൈല്‍ അകലെയാണ് കപ്പല്‍ നങ്കൂരമിട്ടിരുന്നത്. അതേസമയം, കാണാതായവരില്‍ നാല് ബ്രിട്ടീഷുകാരും രണ്ട് അമേരിക്കക്കാരുമുണ്ടെന്ന് വക്താവ് പറഞ്ഞു.