
വാഷിംഗ്ടൺ: അമേരിക്കയിൽ ട്രക്ക് ഡ്രൈവിംഗ് മേഖലയിലെ വിദേശ തൊഴിലാളികൾക്കെതിരെ കർശന നടപടിയുമായി ഡോണൾഡ് ട്രംപ് ഭരണകൂടം. മാനദണ്ഡങ്ങൾ പാലിക്കാതെ നേടിയ 28,000-ത്തിലധികം വിദേശികളുടെ കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസുകൾ യു.എസ് സർക്കാർ റദ്ദാക്കി. ഇതിലൂടെ ട്രക്കിംഗ് മേഖലയിലുണ്ടാകുന്ന ഡ്രൈവർമാരുടെ കുറവ് നികത്താൻ യു.എസ് സൈന്യത്തിൽ നിന്ന് വിരമിച്ചവരെ നിയമിക്കുന്നതിനുള്ള വിപുലമായ പദ്ധതിയും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു.
അമേരിക്കൻ ട്രക്കിംഗ് മേഖലയിൽ വലിയ സാന്നിധ്യമായ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യൻ ഡ്രൈവർമാരെ ഈ തീരുമാനം സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷിതമായി വലിയ വാഹനങ്ങൾ ഓടിക്കുന്നതിന് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 24,000 നോൺ-സിറ്റിസൺ ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കിയതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് സ്ഥിരീകരിച്ചു. കൂടാതെ, ഫെഡറൽ മാനദണ്ഡങ്ങൾ ലംഘിച്ച് വിദേശികൾക്ക് ലൈസൻസ് നേടിക്കൊടുക്കാൻ സഹായിച്ച 9,500 ഡ്രൈവിംഗ് സ്കൂളുകൾ അടച്ചുപൂട്ടാനും സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിൻ്റെയും കൊമേഴ്സ്യൽ ഡ്രൈവിംഗ് നിയമങ്ങൾ കർശനമാക്കുന്നതിൻ്റെയും ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിന് പിന്നാലെ കടുത്ത നടപടി2025 ഓഗസ്റ്റിൽ ഫ്ലോറിഡയിലുണ്ടായ ഒരു ദാരുണമായ ട്രക്ക് അപകടത്തിന് ശേഷമാണ് ഇംഗ്ലീഷ് ഭാഷാ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ യു.എസ് ഗതാഗത വകുപ്പ് തീരുമാനിച്ചത്. ഒരു ഇന്ത്യൻ ഡ്രൈവർ ഓടിച്ചിരുന്ന ട്രക്ക് നിയമവിരുദ്ധമായി യു-ടേൺ എടുത്തതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചിരുന്നു. ഈ ഡ്രൈവർക്ക് ആവശ്യത്തിന് ഇംഗ്ലീഷ് പ്രാവീണ്യം ഇല്ലായിരുന്നുവെന്നും ഇയാൾക്ക് ലൈസൻസ് നൽകാൻ പാടില്ലായിരുന്നുവെന്നും ഗതാഗത സെക്രട്ടറി സീൻ ഡഫി പറഞ്ഞു. ഇതിന് പിന്നാലെ നടത്തിയ പരിശോധനകളിൽ ഭാഷാ പ്രാവീണ്യം തെളിയിക്കാൻ കഴിയാത്ത 26,000 ഡ്രൈവർമാരെയാണ് സർവീസിൽ നിന്ന് നീക്കിയത്.
നിയമം നടപ്പാക്കാത്ത കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളുടെ ഹൈവേ ഫണ്ടുകൾ തടഞ്ഞുവെക്കാൻ ഫെഡറൽ സർക്കാർ ശ്രമിച്ചെങ്കിലും വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. പെൻസിൽവേനിയ, മിനസോട്ട, നോർത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘ഫ്രീഡം ഹോളേഴ്സ്’ പദ്ധതിയുമായി ട്രംപ്ലൈസൻസുകൾ റദ്ദാക്കിയത് വഴി ട്രക്കിംഗ് മേഖലയിൽ ഏതാണ്ട് 30,000 ഡ്രൈവർമാരുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് ചരക്കുനീക്കത്തെയും വിപണിയെയും ബാധിക്കാതിരിക്കാൻ ‘ഫ്രീഡം ഹോളേഴ്സ്’ എന്ന പേരിൽ പുതിയൊരു തൊഴിൽ പദ്ധതിക്ക് ട്രംപ് സർക്കാർ തുടക്കം കുറിച്ചു.
സൈന്യത്തിൽ വലിയ വാഹനങ്ങൾ ഓടിച്ച് പരിചയമുള്ള വിരമിച്ച സൈനികർക്ക് കൊമേഴ്സ്യൽ ഡ്രൈവിംഗ് സ്കിൽ ടെസ്റ്റുകൾ ഒഴിവാക്കി വേഗത്തിൽ ലൈസൻസ് നൽകുന്നതാണ് ഈ പദ്ധതി. “അമേരിക്കൻ ഭാഷ സംസാരിക്കാൻ അറിയാത്ത അനധികൃത കുടിയേറ്റക്കാർക്ക് വലിയ ട്രക്കുകളുടെ സ്റ്റീയറിംഗ് പിടിക്കാൻ അവകാശമില്ല. അതിന് ഏറ്റവും അനുയോജ്യർ അച്ചടക്കവും കഴിവും തെളിയിച്ചിട്ടുള്ള നമ്മുടെ സൈനികരാണ്,” ഗതാഗത സെക്രട്ടറി സീൻ ഡഫി വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
Trump government revokes licenses of over 28,000 foreign truck drivers; new plan to replace with military personnel; setback for Indian drivers















