സ്വീകരിക്കാനെത്തിയത് ആയിരങ്ങള്‍ ; ഹൃദയത്തില്‍ നിന്നും നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി, ‘വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടും’

എടവണ്ണ: ഉജ്ജ്വല വിജയം നല്‍കിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാന്‍ എടവണ്ണയിലെത്തിയത് ആയിരങ്ങള്‍. വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് ആവേശം നിറഞ്ഞ വരവേല്‍പ്പാണ് എടവണ്ണയില്‍ ലഭിച്ചത്.

തന്റെ ഹൃദയം മുഴുവന്‍ വയനാടാണെന്നും വയനാട്ടിലെ ജനങ്ങളുടെ അവകാശത്തിനും വികസനത്തിനും പുരോഗതിക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രിയങ്കയുടെ വാക്കുകള്‍

”വയനാട്ടിലെ ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും ഇഷ്ടത്തിനും പിന്തുണയ്ക്കും ഹൃദയത്തില്‍ നിന്ന് നന്ദി റയുന്നു. രാഹുല്‍ ഗാന്ധിയുടെ ഏറ്റവും ബുദ്ധിമുട്ടുള്ള സമയത്ത് വയനാട് അദ്ദേഹത്തോടൊപ്പം നിന്നു. അഹിംസ മാര്‍ഗത്തിലൂടെ സ്വാതന്ത്ര്യം നേടിയ ഒരു രാജ്യം എന്ന നിലയില്‍ അഭിമാനിക്കുന്നവരാണ് നമ്മള്‍. ഭരണഘടനയ്ക്കും രാജ്യത്തിന്റെ ആത്മാവിനും തുല്യതയ്ക്കും വേണ്ടിയാണ് കോണ്‍ഗ്രസ് പോരാടുന്നത്. ഭരണഘടന ശക്തമായി നിലനിര്‍ത്തുന്ന സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് നമ്മുടെ പോരാട്ടം. നിങ്ങളുടെ ജനപ്രതിനിധിയായി പാര്‍ലമെന്റില്‍ ഇരിക്കാനുള്ള അവസരത്തെ അഭിമാനമായും ആദരവായും കാണുന്നു. ഒരു വ്യക്തിക്ക് മണ്ഡലത്തിന് വേണ്ടി, അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി എത്രമാത്രം കഠിനാധ്വാനം ചെയ്യാന്‍ പറ്റുമെന്ന് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് താന്‍ തെളിയിച്ചു തരും. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സമൂഹത്തിലെ വിവിധ മേഖലകളിലെ ആളുകളുമായി സംവദിച്ചു. ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് കുട്ടികളെ കണ്ടു. വയനാട്ടിലെ ജനങ്ങള്‍ തന്നെ സ്‌നേഹിക്കുന്നത് പോലെ താന്‍ അവരെയും സ്‌നേഹിക്കുന്നുവെന്ന് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് മനസിലാകും”.

പി.കെ. ബഷീര്‍ എം.എല്‍.എ. അധ്യക്ഷനായി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി., കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി. അനില്‍ കുമാര്‍ എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ പി.ടി. അജയമോഹന്‍, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. അബ്ദുള്ളക്കുട്ടി, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.പി. സഫറുല്ല, ഡി.സി.സി. ജനറല്‍ സെക്രട്ടറി അജീഷ് എടാലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

More Stories from this section

family-dental
witywide