ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സെപ്റ്റംബറിൽ ഇന്ത്യയിലെത്തും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പെസെഷ്കിയാൻ എത്തുന്നത്. ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2026ലെ ബ്രിക്സ് അധ്യക്ഷസ്ഥാനം ഇന്ത്യയാണ് വഹിക്കുന്നത്. സെപ്റ്റംബർ 12, 13 തീയതികളിലാണ് ഉച്ചകോടി നടക്കുക.
പെസെഷ്കിയാന്റെ ഇന്ത്യാ സന്ദർശനം ഇന്ത്യ-ഇറാൻ ബന്ധത്തിനും പ്രാദേശിക വിഷയങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുമെന്നാണ് വിലയിരുത്തൽ. 2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പെസെഷ്കിയാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധവും മേഖലയിലെ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തിരുന്നു. അമേരിക്ക, ഇസ്രയേൽ, ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് പെസെഷ്കിയാൻ ഇന്ത്യയിലെത്തുന്നത്.
മേഖലയിലെ സുരക്ഷ, ഹോർമുസ് കടലിടുക്ക്, ഊർജസുരക്ഷ, ഉഭയകക്ഷി ബന്ധം തുടങ്ങിയ വിഷയങ്ങൾ ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യ-ഇറാൻ ചർച്ചകളിൽ പ്രധാന വിഷയങ്ങളാകാൻ സാധ്യതയുണ്ട്. ഇന്ത്യ എല്ലാ കക്ഷികളുമായും നയതന്ത്ര ബന്ധം നിലനിർത്തുകയും സംഭാഷണത്തിനും സംഘർഷം കുറയ്ക്കുന്നതിനും പിന്തുണ നൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ, പെസെഷ്കിയാന്റെ സന്ദർശനം പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ നയതന്ത്ര ഇടപെടലിന് കൂടുതൽ പ്രാധാന്യം നൽകുന്നതാണ്. 2024ലാണ് ഇറാൻ ബ്രിക്സിൽ പൂർണ അംഗമായത്. ഈജിപ്ത്, എത്യോപ്യ, യുഎഇ എന്നിവയ്ക്കൊപ്പമാണ് ഇറാൻ സംഘടനയിൽ ചേർന്നത്. 2025ൽ ഇന്തോനേഷ്യ കൂടി അംഗമായതോടെ ബ്രിക്സ് അംഗരാജ്യങ്ങളുടെ എണ്ണം 11 ആയി.
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഇന്ത്യയ്ക്ക് കൂടുതൽ പങ്കുവഹിക്കാനാകുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂണിൽ ഇന്ത്യയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി, സംഘർഷത്തിന് സൈനിക പരിഹാരമില്ലെന്നും ചർച്ചകളാണ് മുന്നോട്ടുപോകാനുള്ള ഏക പ്രായോഗിക മാർഗമെന്നും പറഞ്ഞിരുന്നു.“ഇന്ത്യയുടെ ക്രിയാത്മകമായ ഏത് ഇടപെടലിനെയും ഞങ്ങൾ സ്വാഗതം ചെയ്യും,”എന്നായിരുന്നു അറാഖ്ചിയുടെ പ്രതികരണം. അറാഖ്ചി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മേഖലയിലെ സ്ഥിതിഗതികളും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സുരക്ഷയും കൂടിക്കാഴ്ചയിൽ ചർച്ചയായിരുന്നു.
Iran president Pezeshkian to visit India for BRICS summit amid Middle East tensions










