ന്യൂഡൽഹി: ഇന്ത്യയുടെ എതിരാളികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകാൻ രാജ്യം തയ്യാറാണെന്നും തിരിച്ചടിയുടെ പ്രത്യാഘാതങ്ങൾ നടപടിയിൽ നിന്ന് പിന്നോട്ടുപോകാനുള്ള കാരണമാകില്ലെന്നും പാകിസ്താന് കടുത്ത മുന്നറിയിപ്പുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ മാറിവരുന്ന പ്രതിരോധ നിലപാട് വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഡോവലിന്റെ ശക്തമായ പ്രതികരണം. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിൽ സംസാരിക്കവെയാണ് ഡോവൽ ഇക്കാര്യം വ്യക്തമാക്കിയത്.
“ലോകത്തിനുള്ള സന്ദേശം വളരെ വ്യക്തമാണ്—ഇന്ത്യയുടെ ഉദാരതയെയോ സഹിഷ്ണുതയെയോ ദൗർബല്യമായി തെറ്റിദ്ധരിക്കരുത്. പ്രത്യാഘാതങ്ങൾ എന്തുതന്നെയായാലും ഇന്ത്യക്ക് അപകടസാധ്യത ഏറ്റെടുക്കാനും ശക്തമായി തിരിച്ചടിക്കാനും കഴിയും,” എന്ന് അദ്ദേഹം പറഞ്ഞു.
മെയ് 7ന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ ഭീകരസംഘടനകളുടെ കേന്ദ്രങ്ങൾക്കെതിരെ കൃത്യമായ ആക്രമണങ്ങളാണ് ഇന്ത്യ നടത്തിയത്. പഹൽഗാമിൽ നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ മാരകമായ ഭീകരാക്രമണത്തിന് മറുപടിയായാണ് നടപടി. ഓപ്പറേഷന്റെ ആദ്യഘട്ടത്തിൽ പാകിസ്ഥാന്റെ സൈനിക, സിവിലിയൻ കേന്ദ്രങ്ങളൊന്നും ലക്ഷ്യമാക്കാതിരിക്കാൻ ഇന്ത്യ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മടിച്ചുനിന്നതുകൊണ്ടുള്ള നിയന്ത്രണമല്ല, മറിച്ച് പൂർണ നിയന്ത്രണശേഷിയാണ് ഇതിലൂടെ പ്രകടിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
ഭീകരാക്രമണങ്ങൾക്ക് മറുപടിയായി ഇന്ത്യ ഭീകര അടിസ്ഥാനസൗകര്യങ്ങൾക്കെതിരെ ശിക്ഷാനടപടിയായി ആക്രമണം നടത്തിയെങ്കിലും പാകിസ്ഥാൻ സൈനികമായി തിരിച്ചടിക്കുകയും സിവിലിയൻ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിടുകയും ചെയ്തു. ഇതിന് മറുപടിയായി ഇന്ത്യ പാകിസ്ഥാന്റെ സൈനിക ശേഷിയെയാണ് ലക്ഷ്യമിട്ടത്. ഗുജറാത്ത് മുതൽ കശ്മീർ വരെയുള്ള അതിർത്തിയിൽ പാകിസ്ഥാൻ പീരങ്കികളും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് സംഘർഷം രൂക്ഷമാക്കിയതോടെ ഇന്ത്യ പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാർ കേന്ദ്രങ്ങളും തകർക്കുകയും ഒടുവിൽ വ്യോമതാവളങ്ങൾ ആക്രമിക്കുകയും ചെയ്തു. ഇതോടെ പാകിസ്ഥാൻ സമാധാനത്തിനായി അഭ്യർഥിക്കാൻ നിർബന്ധിതമായി. ഇതോടെ 88 മണിക്കൂർ നീണ്ട സംഘർഷത്തിന് വിരാമമായി.
ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന്റെ ആണവ ഭീഷണിയെ പൊളിച്ചടുക്കിയെന്നും ഡോവലിന്റെ വിലയിരുത്തലിൽ പറയുന്നു. ആണവപരിധിക്ക് താഴെ തന്നെ ഇന്ത്യക്ക് നിരവധി സൈനിക നടപടികൾ സ്വീകരിക്കാനാകുമെന്ന് രാജ്യം തെളിയിച്ചു. പാകിസ്ഥാന്റെ ഏത് ഭാഗത്തുള്ള വ്യോമതാവളങ്ങളെയും മറ്റ് ലക്ഷ്യങ്ങളെയും ആക്രമിക്കാൻ കഴിയുമെന്നും സംഘർഷം തെളിയിച്ചു. പാകിസ്ഥാന്റെ ഓരോ ഭാഗവും ബ്രഹ്മോസ് മിസൈലിന്റെ പരിധിയിലാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു വ്യോമതാവളത്തെയോ സൈനിക ലക്ഷ്യത്തെയോ ആക്രമിക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ല. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാകിസ്ഥാന്റെ നിരവധി ആക്രമണങ്ങളെ തടഞ്ഞു. സിറ വ്യോമതാവളത്തിന് മുകളിൽ ഒരു ബാലിസ്റ്റിക് ആയുധ ആക്രമണം പോലും തകർത്തതായി റിപ്പോർട്ടുണ്ട്. ഇതോടെ മെയ് 10ന് പോരാട്ടം അവസാനിക്കുമ്പോഴേക്കും പാകിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക മേൽക്കൈ വ്യക്തമായിരുന്നുവെന്നും ഡോവലിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.
‘Don’t mistake India’s generosity with weakness’: NSA Ajit Doval on Operation Sindoor











